Saturday, December 3, 2011

0 മരമാണ് മറുപടി

വി.എച്ച്. നിഷാദ്

പ്രഭാതം ഒരു കഥ എഴുതുകയാണെങ്കില്‍ അതിന്റെ തുടക്കം ഇങ്ങനെ ആയിരിക്കും:

ആകാശം, കിളികള്‍. താഴെ ദാ ഈ പോകുന്ന ബസിന്റെ പുകയില്‍നിന്ന് അഴിഞ്ഞുവീണതുപോലെ കറുത്ത ഒരു പാത. പിറുപിറുത്തുകൊണ്ട് ബസ് പോയ്ക്കഴിഞ്ഞാല്‍ പിന്നെ നിശ്ശബ്ദതയായി. ആ നിശ്ശബ്ദതക്ക് ശബ്ദം വെച്ചുകൊടുത്താല്‍ പകലിന്റെ തുടക്കമായി.

പതുക്കെ ഒരു സൈക്കിള്‍ ആ പാതയിലേക്ക് കയറിവരുന്നു. പാതയോരത്തെ കാറ്റുപോലെ. മുന്നോട്ടു നീങ്ങുന്ന സൈക്കിള്‍. അതില്‍ ഒരാള്‍. ആ മനുഷ്യന്റെ മുഖത്ത് അങ്ങിങ്ങായി ജീവിതത്തിന്റെ ചൂടുള്ള തുള്ളികള്‍ തെറിച്ചുപൊള്ളിയ പാടുകള്‍. ഉള്ളില്‍ വിലാപയാത്രക്കാരോട് കടംപറഞ്ഞ് വാങ്ങിയ ചിറകില്ലാക്കരച്ചില്‍.

അയാള്‍ ചവിട്ടുന്നത് സൈക്കിളല്ല. ജീവിതമാണ് എന്ന് കരുതലേറിയ ആ നീക്കം കണ്ടാലറിയാം. ആ ചലനങ്ങള്‍ അത്രയേറെ വിങ്ങിയത്. സങ്കടം കുത്തിനിര്‍ത്തിയത്. ഓര്‍മകളെ ചതുപ്പിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ഒരാളെ ഓര്‍മിപ്പിച്ചു ആ സൈക്കിളുകാരന്റെ മുന്നേറ്റം. ഉയര്‍ന്നുവരുന്ന ഓരോ സ്മരണക്കും ചളിനിറഞ്ഞ ആഴമാണ് മറുപടി. തല പൊക്കാതെ, വിങ്ങാതെ അടങ്ങിക്കിടക്കുക ഓര്‍മകളേ...

സൈക്കിളിനു പിറകില്‍ ഒരു തക്കാളിപ്പെട്ടി. അതില്‍ ഒരു ഡസന്‍ മരത്തൈകള്‍. കറുത്ത സഞ്ചിയുടെ തടവറയില്‍നിന്ന് മണ്ണിലേക്കും അത് കുഴച്ചുവെച്ച ജലത്തണുപ്പിലേക്കും കാലുകളിറക്കി ആ ഒരു നന്ദി മുകളിലേക്ക് പച്ചയായ് ചിരിച്ചുകാട്ടുന്ന കൊച്ചുമരത്തൈകള്‍. ഇലകളുടെ ഉന്മാദം.

നഗരത്തിന്റെ ചിഹ്നങ്ങള്‍ കാണുമ്പോള്‍ വേവലാതിയോടെ അയാള്‍ സൈക്കിള്‍ സ്‌പീഡ് കുറക്കുന്നു. അറംപറ്റിയ മനുഷ്യനെപ്പോലെ അണക്കുന്നു. അടുത്തുവരുന്ന ചീത്തമണമുള്ള കാറ്റ്. അശ്ലീലംപോലുള്ള വാഹനങ്ങള്‍. തിരക്ക്. മാലിന്യംപുരണ്ട ശബ്ദങ്ങള്‍. സൈറണ്‍.

അയാള്‍ സൈക്കിളില്‍നിന്ന് ഇറങ്ങി. അതിനെ സ്റ്റാന്‍ഡില്‍വെച്ച് തക്കാളിപ്പെട്ടി അഴിച്ചെടുത്തു. നഗരത്തിന്റെ ധമനികളിലേക്ക് പലതായി, പെരുതായി പിരിയുന്ന പാത. അതിലേക്ക് തിരക്കുകൂട്ടിവരുന്ന വാഹനങ്ങളും ഒട്ടനവധി ജനങ്ങളും. അയാളുടെ തലയില്‍ തക്കാളിപ്പെട്ടി. ശിരസ്സിനുമുകളില്‍ കയറിയ സങ്കടങ്ങള്‍പോലെ. ഓരോ തൈകളെയും വേദനയുടെ പേരിട്ട് വിളിക്കാമെങ്കില്‍ അയാളെ നാം ആരെന്ന് വിളിക്കും?

പാതയോരം. തക്കാളിപ്പെട്ടി തറയില്‍വെച്ച് തൈകള്‍ ഓരോന്നായി പുറത്തെടുക്കുന്നു. പിന്നീട്, മണ്ണിനെ കുഴിച്ചുണര്‍ത്തി ''ഇവനെക്കൂടി...'' എന്ന് അപേക്ഷയോടെ പറഞ്ഞ് മണ്ണിട്ടുമൂടി. സൈക്കിളിന്റെ മുന്‍വശത്തായി ഞാത്തിയിട്ട കൂജയില്‍നിന്ന് വെള്ളം തളിച്ച് അയാള്‍ വാത്സല്യത്തോടെ.

ഇപ്പോള്‍ കറുത്ത റോഡിലൂടെ സൈക്കിളില്‍ അയാള്‍. ആ പാതക്കിരുവശവും ഹരിതാഭമായ കുഞ്ഞിലകള്‍ കാട്ടി ചിരിച്ചുനില്‍ക്കുന്ന, അയാള്‍ കൈകൊണ്ട് നട്ട മരത്തൈകള്‍.

സൈക്കിളില്‍ പോകുന്ന അയാളുടെ മുഖത്ത് ജീവിതമേ... എന്ന കരച്ചില്‍ തിരിച്ചുവരുന്നു. പേരില്ലാത്ത രണ്ട് ഉറവകള്‍പോലെ അയാളുടെ കവിളുകളില്‍ കണ്ണീര്‍ച്ചാലിറങ്ങുന്നു.

ആ സഞ്ചാരത്തിനിടയില്‍ ഓര്‍മകളിലേക്ക് അയാള്‍ താഴ്ന്നുപോകുന്നു. മുമ്പൊരിക്കല്‍-

സൈക്കിളില്‍ പത്രങ്ങളുമായി വരുന്നു അയാള്‍. തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ വേവലാതിക്കളി അയാളുടെ ശരീരത്തില്‍. മുകളില്‍ ചൂടേറ്റ് മുന്നേറുന്ന ഒരു പകല്‍. പിറകില്‍ അന്നയാള്‍ക്ക് ഓടിത്തീരേണ്ട ദൂരങ്ങള്‍.

കുറച്ചു വീടുകളില്‍കൂടി പത്രമിട്ടാല്‍ മതി, അയാളുടെ പ്രഭാതകര്‍മം അവസാനിക്കുകയായി. കുറച്ചുനേരം കഴിഞ്ഞ് അരിക്കടയിലെ കണക്കുപ്പിള്ളയായുള്ള ജീവിതം അയാള്‍ക്ക് തുടങ്ങാം.

പെട്ടെന്ന് റോഡിലേക്ക് ചാടിക്കേറിയ കുട്ടിയെകണ്ട് അയാള്‍ സൈക്കിള്‍ വെട്ടിച്ചു. കുട്ടിയോ, ആ പരിഭ്രാന്തിക്കിടയില്‍ കുതറി ഇടത്തോട്ട് ചാടി. എവിടെനിന്നാണ് ഒരു ലോറിയപ്പോള്‍ പാഞ്ഞുവന്ന് ചുവന്ന പൂക്കളുടെ ഒരു ചിത്രം അവിടെ വരച്ചുചേര്‍ത്തത്?

ഇരുട്ടുതിന്ന കണ്ണുകളിലേക്ക് കാഴ്ച തിരിച്ചുവന്നപ്പോള്‍ ആ കുട്ടിയുടെ മുഖം ആ മനുഷ്യന്‍ കാണുന്നു. അപ്പോള്‍ മാത്രം, എന്റെ മോനേ... എന്ന് അയാളെക്കാള്‍ ദൈന്യതയില്‍ ഈ ലോകത്ത് ആരു വിളിച്ചിട്ടുണ്ട്?

ഏക മകന്‍. അവനാണ് പോയത്. വാര്‍ത്തയറിഞ്ഞ് ഒരു വശം തളര്‍ന്നുവീണ ഭാര്യ. അയാള്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടേയിരുന്നു.

പിന്നീട്, ഓരോ പ്രഭാതത്തിലും പത്രങ്ങള്‍ക്കുപകരം ഒരു തക്കാളിപ്പെട്ടി നിറച്ചും വൃക്ഷത്തൈകളുമായി അയാളിറങ്ങി. നഗരത്തിലേക്ക് കാലുകള്‍ നീട്ടിച്ചവിട്ടി. ഓരോ തൈയും മണ്ണിലേക്ക് പൊത്തിവെക്കുമ്പോള്‍ വാത്സല്യത്തോടെ 'എന്റെ... മോനേ...' എന്നു വിളിച്ചുപോയി. പ്രഭാതം ഒരു കഥയെഴുതുകയാണെങ്കില്‍ അതിന്റെ അവസാനം ഇങ്ങനെയായിരിക്കും.

ചാറ്റല്‍ മഴ, തണുപ്പ് പാതയിലൂടെ നഗരത്തിലേക്ക് എത്തിനോക്കുന്ന ഒരു സൈക്കിള്‍ യാത്രക്കാരന്‍. അയാള്‍ സഞ്ചരിക്കുന്ന പാതക്കിരുവശവും പച്ചനിറത്താല്‍ ചിരികാട്ടുന്ന മരങ്ങള്‍. മരങ്ങള്‍ക്കിടയിലൂടെ അയാള്‍. ലോകത്തെ ഏറ്റവും ആത്മവിശ്വാസമുള്ള മനുഷ്യന്‍.

ആ സൈക്കിള്‍ യാത്രക്കിടയില്‍ അയാള്‍ ആകാശത്തോട് അയാള്‍ക്കറിയാത്ത ഒരു ഭാഷയില്‍ ചോദിക്കുന്നു:

''Is life a miracle?''

മരമാണ് മറുപടി!

കഥ ഇവിടെ നിന്ന്

0 മരം നട്ട് പിടിപ്പിക്കുന്നത് പരിസ്ഥിതി സുരക്ഷക്ക് അനിവാര്യം: നൂറുല്‍ ഉലമ

‘നാളേക്കൊരു തണല്‍’ എന്ന എസ്.എസ്.എഫിന്റെ വന വത്കരണ പദ്ധതി പരിസ്ഥിതി സുരക്ഷക്ക് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും രാഷ്ട്രത്തിന്റെ നിലനില്പിനും സഹായകമാണെന്ന് അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ആഭി്രപയെപ്പട്ടു

ലോക പരിസ്ഥിതി ദിനാഘോഷ ഭാഗമായി എസ്.എസ്.എഫ് ന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ അയ്യായിരം വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരം വെച്ച് പിടിപ്പിക്കുന്നത് പ്രകൃതിയോട് നാം ചെയ്യുന്ന കരുണയുടെ ഭാഗമാണ്. ഇതിന്റെ ഫലം വരും തലമുറക്ക് കൂടി ലഭ്യമാകും എന്ന് മാത്രമല്ല ഏറെ പ്രതിഫലം ലഭിക്കുന്ന ആരാധന കൂടിയാണിത്. ആരോഗ്യകരമായ ജീവിതത്തിന് മരങ്ങളുടെ സാനിധ്യം അനിവാര്യമായതിനാല്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കലും അതിനെ സംരക്ഷിക്കലും ഒരു ബാധ്യതയായി സമൂഹം ഏറ്റെടുക്കണം. എസ്.എസ്.എഫിന്റെ ഈ നീക്കത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണം. അദ്ദേഹം കൂട്ടിചേര്‍ത്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി , സഅദിയ്യ അസിസ്റ്റന്റ് മാനേജര്‍ അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇഖ്ബാല്‍ പൊയ്യത്തബയല്‍, അഹ്മദ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്‌റഫ് അശ്രഫി ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് സഖാഫി സ്വാഗതവും സലാഹുദ്ധീന്‍ അയ്യൂബി നന്ദിയും പറഞ്ഞു.

ലേഖനം ഇവിടെ നിന്ന്

0 ജലജനാധിപത്യത്തിന്റെ തത്വങ്ങള്‍

ജലമലിനീകരണ പരിഹാരത്തിനുള്ള കമ്പോള പരിഹാരത്തിന്റെ അന്തഃസത്ത ജലം പരിമിതികളില്ലാതെ നിലനില്‍ക്കുന്നുവെന്ന ധാരണയാണ്, വര്‍ദ്ധിച്ച വിനിയോഗം സാദ്ധ്യമാക്കുക വഴി കമ്പോളത്തിന് മലിനീകരണം ശമിപ്പിക്കാനാവുമെന്ന ആശയം, ജലത്തെ ഒരു പ്രദേശത്തേയ്ക്ക് വഴിതിരിച്ചുവിടുകവഴി മറ്റേതെങ്കിലും പ്രദേശം ജലദൗര്‍ലഭ്യതയിലേയ്ക്ക് വലിച്ചെറിയപ്പെടുകയാണെന്ന വസ്തുതയെ അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല.

ജലമലിനീകരണത്തിന് കമ്പോള പരിഹാരം നിര്‍ദ്ദേശിക്കുന്ന കോര്‍പ്പറേറ്റ് സൈദ്ധാന്തികന്മാരില്‍നിന്നും വ്യത്യസ്തമായി, തൃണമൂല്‍ സംഘടനകള്‍ രാഷ്ട്രീയവും പാരിസ്ഥിതികവുമായ പരിഹാരത്തിനായാണ് ശ്രമിക്കുന്നത്. ഉയര്‍ന്ന സാങ്കേതികവിദ്യാ വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ പൊരുതുന്ന സമൂഹങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് കമ്മ്യൂണിറ്റി എന്‍വയണ്‍മെന്റല്‍ ബില്‍ ഓഫ് റൈറ്റ്‌സാണ്. അത്, ശുചിത്വപൂര്‍ണ്ണമായ വ്യവസായം, അപകടകരമായ വസ്തുക്കള്‍ പുറന്തള്ളുന്നതില്‍നിന്നുള്ള സംരക്ഷണം, നിരോധനം, അറിവ്, പങ്കാളിത്തം, സംരക്ഷണം നടപ്പാക്കലും നഷ്ടപരിഹാരവും, ശുചീകരണം എന്നീ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവണം.25 ജലജനാധിപത്യത്തിനുള്ള അടിസ്ഥാന ഉപാധികളാണ് ഈ അവകാശങ്ങള്‍. ഇതനുസരിച്ച് എല്ലാ പൗരന്മാര്‍ക്കും ശുദ്ധജലത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണം. കമ്പോളത്തിന് ഇവയിലൊന്നുപോലും ഉറപ്പുവരുത്താനാകില്ല. ജലജനാധിപത്യത്തിന് നിദാനമായ ഒമ്പത് തത്വങ്ങള്‍ ചുവടെ കൊടുക്കുന്നു.

1. ജലം പ്രകൃതിയുടെ ദാനമാണ്
നാം പ്രകൃതിയില്‍നിന്നും ജലം സൗജന്യമായി സ്വീകരിക്കുന്നു. നമ്മുടെ നിലനില്പിന് ആവശ്യമാംവിധം ഈ ദാനം ഉപയോഗിക്കാനുള്ള കടപ്പാട് നമുക്ക് പ്രകൃതിയോടുണ്ട്. അത് ശുചിയായും ആവശമായത്ര അളവിലും സൂക്ഷിക്കേണ്ടതുണ്ട്. ഒരു പ്രദേശത്ത് വരള്‍ച്ചയും ജലക്ഷാമവും സൃഷ്ടിക്കുന്ന വഴിതിരിച്ചുവിടലുകള്‍ ജലജനാധിപത്യത്തിന്റെ തത്വങ്ങളുടെ ലംഘനമാണ്.

2. ജലം ജീവന് അനിവാര്യമാണ്
എല്ലാ ജീവജാലങ്ങളുടെ ജീവന്റെ ഉറവിടം ജലമാണ്. ഈ ഭൂമിയിലെ ജലത്തില്‍, എല്ലാ ജീവജാലങ്ങള്‍ക്കും പാരിസ്ഥിതികവ്യവസ്ഥയ്ക്കും അര്‍ഹമായ പങ്കിനുള്ള അവകാശമുണ്ട്.

3. ജീവന്‍ ജലത്തിലൂടെ പരസ്പരബന്ധിതമായിരിക്കുന്നു
ജലചംക്രമണത്തിലൂടെ ജലം ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളേയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നു.

4. നിലനില്പിനായുള്ള ജലം സൗജന്യമാവണം
പ്രകൃതി തീര്‍ത്തും സൗജന്യമായാണ് ജലം നമുക്ക് നല്‍കുന്നതെന്നതുകൊണ്ടുതന്നെ, അത് ലാഭത്തിനുവേണ്ടി വാങ്ങുന്നതും വില്‍ക്കുന്നതും പ്രകൃതിയുടെ ദാനത്തില്‍ അന്തര്‍ലീനമായ അവകാശത്തെ നിഷേധിക്കുന്നു. ഒപ്പംതന്നെ ദരിദ്രര്‍ക്ക് അവരുടെ മാനുഷികമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു.

5. ജലം പരിമിതമാണ്, അതുപയോഗിച്ച് തീരാവുന്നതുമാണ്
നിലനില്പിന് അനുരോധമായല്ലാതെ ഉപയോഗിച്ചാല്‍ പരിമിതമായ ജലം ഉപയോഗിച്ചുതീരാവുന്നതാണ്. പ്രകൃതിക്ക് വീണ്ടും നല്‍കാവുന്നതിലേറെ വെള്ളം പാരിസ്ഥിതികവ്യവസ്ഥയില്‍നിന്ന് ഊറ്റിയെടുക്കുന്നത് നിലനില്പിന് അനുരോധമല്ല അത് പാരിസ്ഥിതികമായ അസ്ഥിരത സൃഷ്ടിക്കുന്നു. അവനവന് നീതിയുക്തമായി അവകാശപ്പെട്ടതിലേറെ ഉപയോഗിക്കുന്നത് മറ്റുള്ളവര്‍ക്ക് ന്യായമായി ലഭിക്കേണ്ട പങ്ക് നിഷേധിക്കലാണ് (സാമൂഹ്യ അസ്ഥിരത).

6. ജലം പരിപാലിക്കപ്പെടണം
പാരിസ്ഥിതികവും നീതിപൂര്‍വകവുമായ പരിധിക്കുള്ളില്‍നിന്ന് നിലനില്പിനാവശ്യമാംവിധം ജലം ഉപയോഗിക്കാനും പരിപാലിക്കാനും ഏവര്‍ക്കും ചുമതലയുണ്ട്.

7. ജലം ഒരു പൊതുവസ്തുവാണ്
Water is a commons. ജലം മനുഷ്യന്‍ കണ്ടുപിടിച്ച ഒന്നല്ല. അതിനെ ബന്ധിക്കാന്‍ പാടില്ല. അതിന് അതിരുകളുമില്ല. സഹജമായും (സ്വാഭാവികമായും) അത് പൊതുവാണ്. അതിനെ സ്വകാര്യവല്‍ക്കിക്കാനും ഒരു ചരക്കാക്കി വില്‍ക്കുവാനും പാടില്ല.

8. നശിപ്പിക്കാനുള്ള അവകാശം ആര്‍ക്കുമില്ല
ജലവ്യവസ്ഥയെ അമിതമായി ഉപയോഗിക്കാനോ, ദുര്‍വിനിയോഗം ചെയ്യാനോ പാഴാക്കുവാനോ മലിനമാക്കുവാനോ ആര്‍ക്കും അവകാശമില്ല. ട്രേഡബിള്‍ പൊലൂഷനുള്ള അനുവാദം സുസ്ഥിരവും നീതിയുക്തവുമായ ഉപയോഗത്തിന്റെ നിയമങ്ങളെ ലംഘിക്കുന്നതാണ്.

9. ജലത്തിനു പകരംവയ്ക്കാന്‍ മറ്റൊന്നില്ല
ജലം ഇതര വിഭവങ്ങളില്‍നിന്നും നൈസര്‍ഗികമായും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനെ ഒരു ചരക്കായി പരിഗണിക്കാന്‍ പറ്റുകയില്ല.

ലേഖനം ഇവിടെ നിന്ന്

0 പരിസ്ഥിതിയും ഭാരതവും -ദശപുത്ര സമോദ്രുമ (മത്സ്യപുരാണം)

കൃഷ്ണഗോപാല്‍

പത്തു പുത്രന്മാര്‍ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്കിയത്. അത്രയേറെ പ്രകൃതിയെ അറിഞ്ഞും ആദരിച്ചും ജീവിച്ചവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ഭാരതത്തിലുണ്ടായ സാഹിത്യകൃതികള്‍ ഇതിന് തെളിവു നല്കുന്നു. ലോകത്തിലെ തന്നെ ആദ്യകാല സാഹിത്യമായ വേദങ്ങളില്‍ പ്രകൃതിക്ക് അതുല്യമായ സ്ഥാനമാണ് കല്പിച്ചിരുന്നത്. പ്രകൃതിശക്തികള്‍ ദേവതകളായി പരിണമിച്ചു. പ്രകൃതിപൂജയിലൂടെ ഭാരതീയര്‍ പരിസ്ഥിതി സംരക്ഷണം നടപ്പാക്കുകയായിരുന്നു. ഭൂമിക്കും ആകാശത്തിനും അന്തരീക്ഷത്തിനും വൃക്ഷങ്ങള്‍ക്കും മംഗളം ഭവിക്കാനുള്ള ഒരു പ്രാര്‍ഥന ശുക്ലയജുര്‍വേദത്തില്‍ കാണാം. ജലത്തെ ദേവിയായും (ദേവിഃ ആപഃ) ജലം, വൃക്ഷം എന്നിവയെ മിത്രങ്ങളായും വ്യത്യസ്ത ഭാവങ്ങളില്‍ ഭാരതീയര്‍ കണക്കാക്കിയിരുന്നു. അവര്‍ ഓഷധികള്‍ക്ക് ദൈവികസ്ഥാനം നല്കി. ഋഗ്വേദവും അഥര്‍വവേദവും ജലത്തെ ഔഷധമായി പരിഗണിച്ചിരുന്നു.

വേദങ്ങളുടെ ഭാഗമായി വരുന്ന ആരണ്യകങ്ങളും ഇതിഹാസങ്ങളും അവയുടെ 'വന'സ്വാധീനം വ്യക്തമാക്കുന്നു. മഹാഭാരതത്തിലെ മൂന്നാമത്തെ പര്‍വം 'വനപര്‍വം' എന്നറിയപ്പെടുന്നു. വാല്മീകി രാമായണത്തിലെ മൂന്നാമത്തെ കാണ്ഡത്തിന് 'ആരണ്യകാണ്ഡം' എന്നാണ് പേര്‍. ഭാരതീയരുടെ ഇഷ്ടദേവതയായ ശ്രീകൃഷ്ണന്റെ ഒരു പര്യായനാമം തന്നെ 'വനമാലി' എന്നാണല്ലോ.

ഇതിഹാസ പുരാണാദികളില്‍ വിവരിക്കുന്ന കഥകളില്‍ പക്ഷിമൃഗാദികള്‍ കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. വൃക്ഷപരിപാലനത്തെക്കുറിച്ചുള്ള സംസ്‌കൃതഗ്രന്ഥമാണ് വൃക്ഷായുര്‍വേദം. മത്സ്യപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, അഗ്‌നിപുരാണം എന്നിവയില്‍ സസ്യലതാദികളെ സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. വൃക്ഷൈര്‍ ജീവതി ജീവലോകഃ (വൃക്ഷങ്ങളുടെ സഹായത്താല്‍ ജീവലോകം ജീവിക്കുന്നു) എന്ന സ്‌കന്ദപുരാണത്തിലെ ശ്ലോകം പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഭാരതീയരുടെ അവബോധം വ്യക്തമാക്കുന്നതാണ്.

സംസ്‌കൃത സാഹിത്യം പ്രകൃതിവര്‍ണനകളാല്‍ സമൃദ്ധമാണ്. കാളിദാസനും ബാണഭട്ടനും പ്രകൃതിഭാവങ്ങളെ തങ്ങളുടെ കൃതികളില്‍ സമന്വയിപ്പിച്ചു.

ഭാരതീയ സംസ്‌കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്‌കാരത്തിലും പരിസ്ഥിതിബോധം കാണാം. 'കാവുതീണ്ടല്ലേ, കുളം വറ്റും' എന്ന പഴമൊഴിയില്‍ തെളിയുന്നത് പരിസ്ഥിതി സന്തുലനത്തെക്കുറിച്ച് കേരളീയര്‍ക്കുണ്ടായിരുന്ന അവബോധമാണ്. കേരളത്തിലെ സര്‍പ്പക്കാവുകള്‍ ജൈവ വൈവിധ്യത്തിന്റെ തുരുത്തുകളായിരുന്നു. പരിസ്ഥിതിയുടെ ശാസ്ത്രവും സംരക്ഷണവും ഭാരതീയര്‍ക്ക് അന്യമായിരുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ലേഖനം ഇവിടെ നിന്ന്

0 ഭൂമിയുടെ കാവല്‍ക്കാരന്‍

ജി.നിര്‍മ്മല

ഏതാണ്ട് നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സുന്ദര്‍ലാല്‍ ബഹുഗുണ വീണ്ടും കേരളത്തിലെത്തിയത്. സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കിന്റെ കോഴിക്കോട്ടു നടന്ന ജനകീയ രജതജൂബിലിയാഘോഷത്തില്‍ പങ്കെടുക്കാനാണ് ഇത്തവണ അദ്ദേഹം വന്നത്. ഒപ്പം ഭാര്യ വിമല നൗതിയാലും മകന്‍ രാജീവും ഉണ്ടായിരുന്നു. തെഹ്‌രി അണക്കെട്ടിന്റെ നിര്‍മാണത്തോടെ ഗംഗയുടെ മരണം കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്ന അദ്ദേഹം അതുകൊണ്ടുതന്നെ ഏറെ ദുഖിതനും ക്ഷീണിതനുമായിരുന്നു. പക്ഷേ, താന്‍ കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ ആരോഗ്യവാനാണ് അദ്ദേഹമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പി.കെ. ഉത്തമന്‍ പറഞ്ഞത് എല്ലാവര്‍ക്കും ആശ്വാസമായി. കാരണം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ എല്ലാവരും ആശങ്കാകുലരായിരുന്നു.

പ്രകൃതിമാതാവ് ക്ഷീണിതയാണെന്നും ഓരോരുത്തരും വളരെക്കുറച്ചു മാത്രമേ അവിടെനിന്ന് എടുക്കാവൂ എന്നും വിശ്വസിക്കുന്ന അദ്ദേഹത്തിനുവേണ്ടി ഹോട്ടല്‍മുറികള്‍ ബുക്കു ചെയ്യുന്നത് ഉചിതമല്ലാത്തതിനാല്‍ കോഴിക്കോട്ടെ എടക്കാട് സി.വി.എന്‍ കളരിയിലായിരുന്നു താമസം ഏര്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉത്തമന്‍സാര്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. പക്ഷേ, ചില പരിസ്ഥിതി പ്രവര്‍ത്തകരുടെ 'ലളിതജീവിത'ത്തെക്കുറിച്ച് അറിവുള്ളതിനാല്‍ അദ്ദേഹത്തിന്റെ ശീലങ്ങള്‍ എങ്ങനെയായിരിക്കുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അക്കാര്യം അനിതേച്ചിയും (സുധാകരന്‍ ഗുരുക്കളുടെ ഭാര്യ) ഞാനും പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'മെന്നു പറഞ്ഞ ഗാന്ധിജിയെപ്പോലെ അദ്ദേഹവും പ്രകൃതിയില്‍നിന്ന് ഏറ്റവും കുറച്ചെടുത്തുകൊണ്ട് എങ്ങനെ ജീവിക്കാമെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാണിച്ചുതന്നു.

കുറച്ചു ഭക്ഷണം രണ്ടുനേരം. അതാണ് പതിവ്. ചിലപ്പോള്‍ ഭക്ഷണം ഒരു നേരമാകും. ബഹുഗുണാജി അരിയാഹാരം കഴിക്കാറില്ലെന്ന് വിമലാജി പറഞ്ഞപ്പോള്‍തന്നെ അദ്ദേഹത്തിന്റേതായ വിശദീകരണവുമുണ്ടായി. 'ഇനി വരാനിരിക്കുന്നത് വെള്ളത്തിനുവേണ്ടിയുള്ള യുദ്ധമാണ്. അമൂല്യമായ ജലസ്രോതസ്സുകള്‍ പലതും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഉള്ളവതന്നെ വന്‍നഗരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുംവേണ്ടി തീറെഴുതിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആഡംബരജീവിതമാണ് കടുത്ത ജലദൗര്‍ലഭ്യത്തിന്റെ പ്രധാന കാരണം. നിങ്ങള്‍ക്കറിയുമോ, തെഹ്‌രി അണക്കെട്ട് നിറഞ്ഞുകിടക്കുമ്പോഴും ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ കാതങ്ങള്‍ താണ്ടിയാണ് വെള്ളം കൊണ്ടുവരുന്നത്. തെഹ്‌രിയിലെ വെള്ളം ഡല്‍ഹിക്ക് അവകാശപ്പെട്ടതാണ്. ദേശീയസമ്പത്തായ ഇത്തരം പ്രകൃതിവിഭവങ്ങള്‍ സമ്പന്നരുടെ ആഡംബരത്തിനുവേണ്ടി ചൂഷണം ചെയ്യുന്നതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. വെള്ളം അത്രയേറെ ദുര്‍ലഭവും അന്യവുമായിക്കൊണ്ടിരിക്കുന്നു. വെള്ളം ധാരാളമായി വേണ്ടിവരുന്നതാണ് നെല്‍കൃഷി. അതുകൊണ്ടാണ് ഞാന്‍ അരിയാഹാരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.' മുപ്പതു വര്‍ഷത്തിലേറെയായി ബഹുഗുണാജി അരിയാഹാരം കഴിച്ചിട്ട്.

തെഹ്‌രി ജലസംഭരണി നിറഞ്ഞുകിടക്കുമ്പോഴും തങ്ങളുടെ വീടിനു പിന്നിലെ ചെറിയൊരു നീരുറവയില്‍നിന്നും വെള്ളമെടുക്കാനായി രാപകല്‍ ഭേദമില്ലാതെ കാതങ്ങള്‍ താണ്ടിയെത്തുന്ന ഗഢ്‌വാളി സ്ത്രീകളുടെ ദുരിതത്തെക്കുറിച്ച് ക്ഷുഭിതയായാണ് വിമലാജി വിശദീകരിച്ചത്. 'ഒരു കുടം വെള്ളം നിറയാന്‍ പതിനഞ്ചു മിനിറ്റെങ്കിലും കാത്തിരിക്കണം. പുലര്‍ച്ചെ മുതല്‍ സ്ത്രീകളും കുട്ടികളും കുടങ്ങളുമായി ഒരു ചെറിയ നീരുറവയ്ക്കു ചുറ്റും കാവലിക്കുകയാണ്. അതേസമയം തൊട്ടപ്പുറത്ത്, ജലസംഭരണി നിറഞ്ഞുകിടക്കുന്നു; സമ്പന്നര്‍ക്കുവേണ്ടി. ഈ അനീതി ആരും കാണുന്നില്ല.''

തന്റെ തോറ്റുപോയ യുദ്ധത്തെക്കുറിച്ച് (തെഹ്‌രി അണക്കെട്ടിനെതിരെ) അസാധാരണമായ നിസ്സംഗതയോടെയാണ് ബഹുഗുണാജി സംസാരിച്ചത്. പക്ഷേ, സ്വാതന്ത്ര്യസമരകാലം മുതല്‍ ഓരോ സമരമുഖത്തിലും അദ്ദേഹത്തോടൊപ്പമോ ഒരുപടി മുന്നിലോ നിന്ന വിമലാജി പലപ്പോഴും പൊട്ടിത്തെറിക്കുകതന്നെ ചെയ്തു. എഴുപത്തിയെട്ടാം വയസ്സിലും മങ്ങാത്ത സമരവീര്യമാണ് അവര്‍ കാത്തുസൂക്ഷിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തെ ലജ്ജിപ്പിക്കുന്ന യാതനകളും പീഡനങ്ങളുമാണ് സ്വതന്ത്ര ഇന്ത്യയിലും ഈ ദമ്പതികള്‍ക്കു നേരിടേണ്ടിവന്നത്. അതുകൊണ്ടാണ് മുന്‍പ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ സമൂഹം ഇനി പ്രകൃതിക്കുവേണ്ടി പോരാടണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. ഗംഗയുടെ തീരത്തെ ഒരു ഗ്രാമമായ മോറോമായില്‍ 1927 ജനവരി ഒന്‍പതിനു ജനിച്ച സുന്ദര്‍ലാല്‍ ബഹുഗുണ പതിമൂന്നാമത്തെ വയസ്സിലാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ ചേരുന്നത്. പതിനേഴാം വയസ്സില്‍ ജയിലിലുമായി. 84 ദിവസത്തെ നിരാഹാരസമരത്തെത്തുടര്‍ന്ന് ജയിലില്‍ മരിച്ച സ്വാതന്ത്ര്യസമരപ്പോരാളി ദേവ് സുമനാണ് അദ്ദേഹത്തിന്റെ ഗുരു. ജയിലിലായിരുന്ന ദേവ് സുമന് പുറത്തുനിന്നുള്ള വിവരങ്ങള്‍ എത്തിച്ചുകൊണ്ടാണ് കുട്ടിയായിരുന്ന സുന്ദര്‍ലാല്‍ ഈ രംഗത്തേക്കു കടന്നുവരുന്നത്. ഇതിനിടയിലാണ് അദ്ദേഹം പിടിയിലാകുന്നതും പിന്നെ ജയിലില്‍നിന്ന് പുറത്തുചാടി ഒരു വര്‍ഷത്തോളം പഞ്ചാബില്‍ ഒളിവില്‍ കഴിഞ്ഞതും. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനുശേഷം അദ്ദേഹം ഹിമാലയന്‍ ഗ്രാമങ്ങളില്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. ദളിതരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് അക്കാലത്ത് അദ്ദേഹം മുഴുകിയിരുന്നത്. ഗാന്ധിജിയുടെ രണ്ടു ശിഷ്യരായ മീരാബെന്നും സരളാബെന്നും ഉത്തരാഖണ്ഡില്‍ സ്ഥിരതാമസമാക്കുന്നതും ശക്തമായൊരു സര്‍വോദയാപ്രസ്ഥാനത്തിനു രൂപം കൊടുക്കുന്നതും ഇക്കാലത്താണ്. പ്രത്യേക പരിശീലനം നല്കി വനിതകളുടെ ഒരു സേനയെയും അവര്‍ രൂപീകരിച്ചു. ഇതാണ് പിന്നീട് ചിപ്‌കോ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്.

1956- ല്‍ പാര്‍ട്ടി രാഷ്ട്രീയം ഉപേക്ഷിച്ച സുന്ദര്‍ലാല്‍ സരളാബെന്നിന്റെ ശിഷ്യയും സര്‍വോദയസംഘത്തിന്റെ സജീവപ്രവര്‍ത്തകയുമായ വിമല നൗതിയാലിനെ വിവാഹം കഴിച്ചു. പിന്നീടുള്ള എല്ലാ പോരാട്ടങ്ങളും ഇവര്‍ ഒരുമിച്ചാണ് നടത്തിയത്. തങ്ങളുടെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ദുരിതത്തിന്റെ പ്രധാന കാരണം മദ്യമാണെന്നു മനസ്സിലാക്കി ഇരുവരും സര്‍വോദയ പ്രവര്‍ത്തകരെ കൂട്ടിക്കൊണ്ട് മദ്യനിരോധനത്തിനുവേണ്ടി ബൃഹത്തായൊരു സമരമാരംഭിച്ചു. ഒടുവില്‍, 1971-ല്‍ ഉത്തര്‍പ്രദേശിലെ നാലഞ്ചു ജില്ലകളിലെ നാടന്‍ മദ്യശാലകള്‍ പൂട്ടാന്‍ സര്‍ക്കാരിന് ഉത്തരവിടേണ്ടി വന്നു.

'ജനങ്ങളുടെ ശക്തിക്കു മുന്നില്‍ ഒരു സര്‍ക്കാരിനും പിടിച്ചുനില്ക്കാനാവില്ല. ആ ശക്തിയുപയോഗിച്ച് ഇന്നു നമ്മള്‍ വികസനത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണത്തിനും പിടിച്ചുപറിക്കുമെതിരെ പോരാടണം. ഭൂമി ക്ഷീണിതയാണ്, മരിച്ചുകൊണ്ടിരിക്കുകയാണ്. മരിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ മാറില്‍ കിടന്ന് മുല കുടിക്കുന്ന കുഞ്ഞിനെപ്പോലെയാണിന്ന് മനുഷ്യന്‍. പ്രകൃതിവിഭവങ്ങള്‍ മനുഷ്യനുവേണ്ടി മാത്രമുള്ളതല്ല. അതു പൂക്കള്‍ക്കും മരങ്ങള്‍ക്കും ചെടികള്‍ക്കും പൂമ്പാറ്റകള്‍ക്കും എല്ലാം വേണ്ടിയുള്ളതാണ്. അവിടെനിന്ന് നമ്മള്‍ നമുക്കാവശ്യമായതു മാത്രം, വളരെ കുറച്ചുമാത്രം എടുക്കുക'-ബഹുഗുണാജി പറയുന്നു.

'പ്രകൃതി മരിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യയിലെ ചെറിയൊരു ശതമാനം അധികാരവും ഭൂമിയിലെ സകല സമ്പത്തും കൈയടക്കി വെച്ചിരിക്കുന്നു. വെള്ളം, മരങ്ങള്‍, മണ്ണ്, ധാതുക്കള്‍ എന്തിന് പ്രകൃതിയുടെ അനന്യമായ സൗന്ദര്യമടക്കം എല്ലാം പണമാക്കി പരിവര്‍ത്തനം ചെയ്യുകയും അതിനെ വികസനമെന്നു പറയുകയും ചെയ്യുന്നു. അവരുടെ ഇത്തരം വികസനപദ്ധതികളുണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ച് അവര്‍ നിരന്തരം ജനങ്ങളോട് കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയെക്കുറിച്ചും വന്‍കിട വികസനപദ്ധതികള്‍ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ആശങ്കപ്പെടുന്നവരെ ദേശദ്രോഹികളും വികസനവിരുദ്ധരുമായി ചിത്രീകരിക്കുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തില്‍ എതിര്‍പ്പുകളെ ദുര്‍ബലപ്പെടുത്തുന്നു. എണ്ണത്തില്‍ എത്ര കുറവാണെങ്കിലും പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ ഇതിനെതിരെ കരുതിയിരിക്കണം' ബഹുഗുണാജിയുടെ മുന്നറിയിപ്പ് ലോകത്തിനു മുഴുവനുമുള്ളതാണ്. നമ്മെ വിഴുങ്ങാനെത്തുന്ന വന്‍കിട പദ്ധതികള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

വന്‍കിട പദ്ധതികള്‍ ആര്‍ക്കുവേണ്ടിയെന്ന സമകാലിക പ്രസക്തമായ ചോദ്യം തനിക്കു ചുറ്റുമുള്ളവരോട് അദ്ദേഹം എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു. 260.5 മീറ്റര്‍ ഉയരമുള്ള തെഹ്‌രി അണക്കെട്ടിനെ സാക്ഷിനിര്‍ത്തിക്കൊണ്ട് അദ്ദേഹംതന്നെ ഈ ചോദ്യത്തിന് മറുപടിയും തരും. 'ഹിമാലയത്തിന്റെ മടിത്തട്ടില്‍ പുണ്യനദിയായ ഗംഗയുടെ കുറുകെ അണക്കെട്ടുയര്‍ന്നപ്പോള്‍ ഒരു ലക്ഷത്തിലധികം ജനതയാണ് പിഴുതെറിയപ്പെട്ടത്. ഞങ്ങളുടെ പ്രകൃതിയെയും സംസ്‌കാരത്തെയുമാണ് ഈ അണക്കെട്ട് മുക്കിക്കളഞ്ഞത്. അണക്കെട്ടുകള്‍ ഒരിക്കലും പുരോഗതിയുടെ ലക്ഷണമല്ല, വിനാശത്തിന്റെ സന്തതിയാണത്. സ്വയം ഒരു ആവാസവ്യവസ്ഥയായ നദികളെ കൊല്ലുന്നതിനൊപ്പം സുസ്ഥിരവികസനത്തിന്റെ ആണിക്കല്ലായ പരിസ്ഥിതിയെയും അതു തകര്‍ക്കുന്നു. സ്ഥിരമായ ഒരു പ്രശ്‌നത്തിനുള്ള താല്ക്കാലിക പരിഹാരമാണ് അണക്കെട്ടുകള്‍. ഇക്കോളജി ഈസ് പെര്‍മനന്റ് ഇക്കോണമി-അതു നമ്മള്‍ മറന്നു.'

'എണ്ണായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച തെഹ്‌രി അണക്കെട്ട് ഉത്തര്‍പ്രദേശിലെ 270 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ ജലസേചനത്തിനും ഡല്‍ഹി നഗരത്തിനാവശ്യമായ വെള്ളത്തിനും, 2,400 വാട്ട് വൈദ്യുതിയും ലക്ഷ്യമിട്ടാണ് നിര്‍മിച്ചത്. എന്നാല്‍, ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍പ്പോലും തെഹ്‌രിക്ക് ഈ ലക്ഷ്യം നേടാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, ലോകത്തെ ഏറ്റവും അപകടകരമായ ഭൂകമ്പമേഖലകളിലൊന്നാണ് ഹിമാലയം. റിക്ടര്‍ സ്‌കെയിലില്‍ ഏഴു പോയിന്റ് വരെയുള്ള ഭൂകമ്പത്തെ അതിജീവിക്കാന്‍ തെഹ്‌രിക്കാവുമെന്നാണ് തെഹ്‌രി ജലവികസന കോര്‍പ്പറേഷന്‍ പറയുന്നത്. എന്നാല്‍, അതിനു മുകളില്‍ ശക്തിയുള്ള ഒരു ഭൂകമ്പം ഉണ്ടായാലോ? ദുരന്തം ഭീകരമായിരിക്കും. ഋഷികേശും ഹരിദ്വാറും ദേവപ്രയാഗും നാമവശേഷമാകും. ദശലക്ഷക്കണക്കിന് മനുഷ്യര്‍ മരിക്കും. മീററ്റും ബുലന്ദ്ഷറും കൂടാതെ ഉത്തര്‍പ്രദേശിലെ റോഡ്-റെയില്‍ സംവിധാനങ്ങളും തകര്‍ന്നു തരിപ്പണമാകും.'

ആര്‍ക്ക് ഉറപ്പുനല്കാനാനും, അങ്ങനൊന്ന് സംഭവിക്കില്ലെന്ന്? അതുകൊണ്ടാണ് പ്രകൃതിയെ അറിയുന്ന ഹിമാലയത്തെ അറിയുന്ന ബഹുഗുണാജിയെപ്പോലെയുള്ളവര്‍ പറയുന്നത് 'തെഹ്‌രി ദുരന്തങ്ങളുടെ അണക്കെട്ടാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവെക്കപ്പെട്ടിരിക്കുന്നു.'

ഋഷിതുല്യനായ ഈ പ്രകൃതിസ്‌നേഹിയുടെ വാക്കുകള്‍ക്ക് നമ്മള്‍ ചെവികൊടുക്കണം. തുച്ഛമായ നേട്ടങ്ങളുടെ പേരില്‍ അതിരപ്പള്ളിയെന്നും പൂയംകുട്ടിയെന്നും വളന്തക്കാടെന്നും പറഞ്ഞ് നടക്കുന്നവര്‍ പ്രകൃതിക്കു വരുത്തുന്ന ദുരന്തം എത്രയോ വലുതാണ്. ഇപ്പോള്‍ത്തന്നെ മലിനീകരണംകൊണ്ട് പൊറുതിമുട്ടിയ കൊച്ചി നഗരത്തെ അതിന്റെ ശ്വാസകോശമായ വളന്തക്കാട്ടെ കണ്ടല്‍ക്കാടുകള്‍ വെട്ടിനീക്കി കൊല്ലാന്‍ ശ്രമിക്കുന്നവരും അതുതന്നെയാണ് ചെയ്യുന്നത്. ജനങ്ങളില്‍നിന്ന് സത്യം മറച്ചുവെക്കുന്നു. ആഗോളതാപനം മൂലം ഹിമാലയത്തിലെ മഞ്ഞ് അതിവേഗം ഉരുകിത്തീരുകയാണ്; ഒപ്പം ഗംഗയുടെ ആയുസ്സും. 'വെള്ളവും പച്ചപ്പും'കൊണ്ട് സമൃദ്ധമായ കേരളത്തിന്റെ സ്ഥിതിയെന്തെന്ന് ഇതിനിടയില്‍ വിമലാജി ആകാംക്ഷയോടെ തിരക്കി. ഒട്ടും ആശാവഹമല്ലെന്ന് പറഞ്ഞപ്പോള്‍, 'കണ്‍സ്യൂമറിസം മനുഷ്യനെ പ്രകൃതിയുടെ കൊള്ളക്കാരനാക്കുന്നു' വെന്ന് അവര്‍ മറുപടി നല്കി.

പ്രകൃതിയെ കൊല ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കെതിരെ സമൂഹത്തെ ജാഗരൂകരാക്കാനുള്ള ശ്രമമാണ് ഈ ദമ്പതികള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. അതിനവര്‍ കണ്ടെത്തിയ മാര്‍ഗം സംസാരിച്ചുകൊണ്ടേയിരിക്കുക എന്നതാണ്. വലിയ ജനക്കൂട്ടങ്ങളിലോ വലിയ വേദികളിലോ അല്ല; കൊച്ചു കൊച്ചു സംഘങ്ങളോടും കൂട്ടികളോടും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ബഹുഗുണാജി ക്ഷീണം മറന്ന് ആഹ്ലാദവാനാകും. കോഴിക്കോട്ടെ അഞ്ചു ദിവസത്തെ താമസത്തിനിടയ്ക്ക് കളരിയില്‍ പഠിക്കാനെത്തുന്ന കുട്ടികളോടാണ് അദ്ദേഹം അധികവും സംവദിച്ചത്. തങ്ങളുടെ പാഠപുസ്തകത്തില്‍ ചിപ്‌കോ പ്രസ്ഥാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം അദ്ദേഹത്തിനു കാണിച്ചുകൊടുത്തുകൊണ്ടാണ് കുട്ടികള്‍ സൗഹൃദം തുടങ്ങിയത്. കുട്ടികളോട് അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. 'എല്ലാവരും മരങ്ങളെ സ്‌നേഹിക്കണം. മരങ്ങളെ കെട്ടിപ്പിടിക്കണം.' മരങ്ങളെ എന്തിനു കെട്ടിപ്പിടിക്കണം എന്ന് അത്ഭുതപ്പെട്ടെങ്കിലും കുട്ടികളെല്ലാം അതിനു സമ്മതിച്ചു. മരങ്ങള്‍ക്ക് ജീവനുണ്ടെന്നും അവര്‍ക്ക് നമ്മള്‍ സ്‌നേഹം കൊടുക്കണമെന്നും അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. തങ്ങള്‍ക്ക് വായുവും വെള്ളവും തണലും തരുന്ന മരങ്ങള്‍ മുറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കുട്ടികള്‍ അദ്ദേഹത്തിന് വാക്കുകൊടുത്തു.

തുടര്‍ന്ന് ലോകത്തെ പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ മാതാവായ, 'കെട്ടിപ്പിടിക്കുക' എന്നര്‍ഥം വരുന്ന ചിപ്‌കൊ പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഗ്രാമീണ ജനതയുടെ കൂട്ടായ്മയായ ചിപ്‌കൊ ഹിമാലയത്തിലെ മരംമുറിക്ക് അന്ത്യം കുറിച്ചതെങ്ങനെയെന്ന് അദ്ദേഹം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.

തുടക്കത്തില്‍ അശാസ്ത്രീയവും വികസനവിരുദ്ധവുമായ ഒരു പരിപാടിയായാണ് അധികാരിവര്‍ഗം ചിപ്‌കൊ പ്രസ്ഥാനത്തെ കണ്ടത്. 1974- ലും പിന്നീട് '79- ലും വ്യാവസായികാവശ്യത്തിനോ അല്ലാതെയോ മരംമുറിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നിരാഹാരമാരംഭിച്ചു. ചിപ്‌കോയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെയും ഹിമാചല്‍ പ്രദേശിലെയും ഗിരിവര്‍ഗ ജില്ലകളില്‍ അദ്ദേഹം പര്യടനം നടത്തി. പിന്നീട് 1981- ല്‍ ശ്രീനഗര്‍ മുതല്‍ കശ്മീര്‍ വരെയും കൊഹിമ മുതല്‍ നാഗാലാന്റ് വരെയും 14870 കിലോമീറ്റര്‍ അദ്ദേഹം പദയാത്ര നടത്തി. ഇന്ത്യ മുഴുവന്‍ ഈ സന്ദേശം പ്രചരിപ്പിച്ചു. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയില്‍ നിരവധി പരിസ്ഥിതിപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. അതില്‍ ഏറ്റവും പ്രധാനം, കര്‍ണാടകയില്‍ പാണ്ഡുരംഗ് ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട അപ്പിക്കൊ പ്രസ്ഥാനമാണ്. ഇങ്ങനെ രാജ്യത്താകമാനം സഞ്ചരിച്ച് പരിസ്ഥിതി സന്ദേശം നല്കിയ ചിപ്‌കൊ ഭൗതികതയിലൂന്നിയ ആധുനിക സംസ്‌കാരത്തിനെതിരായ യുദ്ധമായിരുന്നു. മരം മുറിക്കാനെത്തുന്നവരെ, ഓരോ മരത്തെയും കെട്ടിപ്പിടിച്ചുകൊണ്ട് തടഞ്ഞ ചിപ്‌കൊ പ്രവര്‍ത്തകര്‍ ഒടുവില്‍ വിജയം വരിച്ചു. ഹിമാലയത്തിലെ മരംമുറി തടഞ്ഞുകൊണ്ട് നാടാകെ പരിസ്ഥിതി സംബന്ധിച്ച അവബോധം ഉണര്‍ത്തിക്കൊണ്ടും.
പക്ഷേ, അണക്കെട്ടുലോബിയുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ തെഹ്‌രിയില്‍ തങ്ങള്‍ തോറ്റുപോയെന്ന് വിമലാജി ഖേദത്തോടെ പറയുന്നു. ഓരോ വികസന പദ്ധതികള്‍ക്കുംവേണ്ടി പിഴുതെറിയപ്പെടുന്ന ലക്ഷക്കണക്കിനാളുകളുടെ വേദനയെക്കുറിച്ചും അവര്‍ പറഞ്ഞു: 'തെഹ്‌രിയില്‍ വെള്ളത്തിനടിയിലായത് ഞങ്ങളുടെ ബാല്യവും കൗമാരവും സംസ്‌കാരവും ഒക്കെയാണ്. പുനരധിവാസം ഒന്നിനും പരിഹാരമല്ല. പ്രകൃതിയോട് അനുരഞ്ജനപ്പെട്ട് ജീവിക്കാന്‍ നമ്മള്‍ മറന്നുപോയിരിക്കുന്നു.'

കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍ മാത്രമാണ് ഇന്ന് നമ്മള്‍ നേരിടുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് ബഹുഗുണാജി നിര്‍ദേശിക്കുന്നു. 'ജലദൗര്‍ലഭ്യത്തിനുള്ള ഏക പരിഹാരം മരങ്ങള്‍ നടുകയാണ്. വായുവും വെള്ളവും ഭക്ഷണവും വളവും ഇന്ധനവും എല്ലാം നല്കുന്ന മരങ്ങള്‍ സുസ്ഥിര വികസനത്തിന്റെ അടിത്തറയാണ്.' ഭൂമിയിലെ ഒഴിഞ്ഞ ഇടങ്ങള്‍ മുഴുവന്‍ മരങ്ങള്‍ നിറയട്ടെ. അങ്ങനെ വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ഭക്ഷണവും വെള്ളവും ലഭ്യമാകട്ടെ. ഭൂമി കൂടുതല്‍ പച്ചപ്പുള്ളതാകുമ്പോള്‍ നമ്മുടെ ജീവിതവും പച്ചപ്പുള്ളതാകും.

സൈലന്റ്‌വാലി ദേശീയ പാര്‍ക്കിന്റെ 25-ാം വാര്‍ഷികം പ്രകൃതിക്കുനേരെയുള്ള കൈയേറ്റങ്ങളെക്കുറിച്ച് നാം കൂടുതല്‍ ജാഗ്രത കാണിക്കാനുള്ള ഓര്‍മപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 'ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി നിങ്ങള്‍ സംസാരിക്കണം. പുഴകള്‍ക്കുവേണ്ടി, നിസ്സഹായരായ മനുഷ്യര്‍ക്കുവേണ്ടിയെല്ലാം.' എംഎസ്.സി. ബോട്ടണി പഠിച്ച തന്റെ രണ്ട് ആണ്‍മക്കളും മാധ്യമ പ്രവര്‍ത്തകരാണെന്ന് പറഞ്ഞുകൊണ്ടാണ് അവരുടെ കടമകളെക്കുറിച്ച് അദ്ദേഹം ഓര്‍മപ്പെടുത്തിയത്. 'ഭരണകൂടം ജനങ്ങളില്‍നിന്നും മറച്ചുവെക്കുന്ന സത്യങ്ങള്‍ അവരോടു തുറന്നുപറയാനുള്ള ഈ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്.'
ജീവന്‍ പണയപ്പെടുത്തിക്കൊണ്ട്, താന്‍ നടത്തിയ തെഹ്‌രി പോരാട്ടം തോറ്റുപോയതിലും പൊതുസമൂഹം ആ യുദ്ധത്തെ വേണ്ടവിധത്തില്‍ ഏറ്റെടുക്കാത്തതിലും ബഹുഗുണാജി ദുഃഖിതനാണ്. എങ്കിലും പ്രതീക്ഷ കൈവിടാന്‍ അദ്ദേഹം തയ്യാറല്ല. 'സത്യം പറയുന്നവര്‍ ഇല്ലാതാക്കപ്പെട്ടേക്കാം. പക്ഷേ, അവര്‍ പകര്‍ന്ന സന്ദേശം എന്നും നിലനില്ക്കും. സൈലന്റ്‌വാലി വാര്‍ഷികം ഇത്തരം ചില ഉത്തരവാദപ്പെടുത്തലും ഓര്‍മപ്പെടുത്തലുമാണ് നമുക്ക് നല്കുന്നത്.' ബഹുഗുണാജിയുടെ വാക്കുകള്‍ ശരിവെക്കുന്നതായിരുന്നു ജനകീയാഘോഷവേദിയില്‍ പി.കെ. ഉത്തമന്‍ നടത്തിയ ഓര്‍മപ്പെടുത്തല്‍. 'മുന്‍പെന്നത്തേക്കാളുമേറെ നമ്മുടെ കാടുകള്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വനാവകാശ നിയമത്തിന്റെ തലതിരിഞ്ഞ നടത്തിപ്പ്, അണക്കെട്ടുപദ്ധതികള്‍, പുത്തന്‍ കൈയേറ്റങ്ങള്‍ അങ്ങനെ പലതും നമ്മുടെ കാടുകളെ കൊന്നുകൊണ്ടിരിക്കുന്നു. സൈലന്റ്‌വാലി വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സര്‍ക്കാര്‍ ആഘോഷത്തില്‍ പട്ടും വളയും വാങ്ങിയവര്‍ ഒന്ന് ഓര്‍ക്കണം. അതു നിങ്ങള്‍ക്ക് തന്നവരുടെ കൈകളില്‍ കാട് ഭദ്രമല്ല എന്ന കാര്യം. അതുകൊണ്ട് നമ്മള്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു.'

കോഴിക്കോട്ടെ പരിപാടികള്‍ക്കുശേഷം, അദ്ദേഹം ഒരിക്കല്‍ക്കൂടി സൈലന്റ്‌വാലിയില്‍ എത്തി. നാലഞ്ചു ദിവസത്തിനുള്ളില്‍ പ്രകൃതിയില്‍നിന്ന് ഏറ്റവും കുറച്ചെടുക്കുക എന്ന മഹത്തായ സന്ദേശം തനിക്കു ചുറ്റുമുള്ളവര്‍ക്ക് നല്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അത്രയും ദിവസത്തെ പരിചയത്തിനുള്ളില്‍ ഒരു കാര്യം കൂടി ബോധ്യമായി. ബഹുഗുണാജി പരിസ്ഥിതിയെക്കുറിച്ചു മാത്രമേ പറയാറുള്ളൂ. മറ്റൊന്നും അദ്ദേഹത്തിന്റെ ചിന്തയില്‍ വരാറില്ല. അത് സത്യമായിരുന്നു. പലപ്പോഴായി അദ്ദേഹമെഴുതിയ ലേഖനങ്ങളുടെ ഒരു സമാഹാരവും കോഴിക്കോട് പ്രസിദ്ധീകരിച്ചു. മടങ്ങാന്‍നേരം ആ പുസ്തകത്തിന്റെ ഒരു കോപ്പിയില്‍ തന്റെ പ്രിയപ്പെട്ട വാചകങ്ങള്‍ കുറിച്ചുതരാന്‍ അദ്ദേഹം മറന്നില്ല, 'Yes to life, No to death'.

ലേഖനം ഇവിടെ നിന്ന്

0 ആത്മാവിന്റെ മഹാഏകാന്തത കൊണ്ട് മനുഷ്യന്‍ മരിച്ചുപോകും

പരിഭാഷ: ബലരാമന്‍

(ഭൂമി പിടിച്ചെടുക്കാന്‍ വന്ന വെള്ളക്കാരോട് 1854 മാര്‍ച്ച് 11-ന് സിയാറ്റില്‍ ഗോത്രത്തലവന്‍ നടത്തിയ കാലാതിവര്‍ത്തിയായ വാക്കുകളുടെ മലയാളം. തങ്ങള്‍ക്ക് കീഴടങ്ങി, ഭൂമി കൈമാറണം എന്ന് വെള്ളക്കാരുടെ ഗവര്‍ണര്‍ ഐസക് സ്റ്റീവന്‍സ് പറഞ്ഞപ്പോള്‍ ഉയരക്കുറവുള്ള അയാളുടെ തലയില്‍ കൈ വെച്ചുകൊണ്ടാണ് സിയാറ്റില്‍ മൂപ്പന്‍ സംസാരിച്ചത്. ലസ്ഹൂട്ട്‌സീഡ് എന്ന റെഡ് ഇന്ത്യന്‍ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചതെന്ന് പറയപ്പെടുന്നു. അജ്ഞാതനായ ഒരാള്‍ അത് വേറൊരു പ്രാദേശിക ഭാഷയായ ചിനൂക് ജാര്‍ഗണിലേക്ക് പുനരെഴുതി. കവിയും വൈദീകനുമായ ഹെന്റി.എ.സ്മിത്ത് ചിനൂക് ജാര്‍ഗണില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കവിത തുളുമ്പുന്ന ഈ പ്രഭാഷണം പാരിസ്ഥിതികവും ജൈവീകവുമായ ഒരവബോധത്തിലേക്കുള്ള ചൂണ്ടുപലകയാണ്.)

എങ്ങനെയാണ് ആകാശം വില്‍ക്കുക, ഭൂമിയുടെ ചൂടും? ഞങ്ങള്‍ക്ക് ഇത് മനസ്സിലാവില്ല. വായുവിന്റെ ശുദ്ധിയും വെള്ളത്തിന്റെ തിളക്കവും നിങ്ങളുടേതല്ലെങ്കില്‍ അതെങ്ങിനെ വാങ്ങാന്‍ കഴിയും?

ഈ ഭൂമിയുടെ ഓരോ ഭാഗവും എന്റെ ആളുകള്‍ക്ക് പവിത്രമാണ്. തിളങ്ങുന്ന ഓരോ ഇല നാമ്പും, ഓരോ മണല്‍ത്തീരവും, ഇരുണ്ട കാനനത്തിലെ ഓരോ കോടമഞ്ഞിന്‍ ശകലവും മൂളുന്ന ഷഡ്പദവും എന്റെ ആളുകളുടെ ഓര്‍മകളിലും അനുഭവങ്ങളിലും പരിപാവനമാണ്. ഈ മരങ്ങള്‍ക്കുള്ളിലൂടെ ഒഴുകുന്ന നീരിലെല്ലാം ചുവന്ന മനുഷ്യന്റെ സ്മരണകളുണ്ട്.

നക്ഷത്രങ്ങള്‍ക്കിടയിലൂടെ നടക്കാനിറങ്ങുമ്പോള്‍ വെള്ളക്കാരന്റെ പരേതാത്മാക്കള്‍ അവരുടെ ജന്മദേശം മറന്നുപോകും. ഞങ്ങളുടെ പരേതാത്മാക്കള്‍ ഒരിക്കലും ഈ മനോഹരഭൂമി മറക്കില്ല, കാരണം അത് ചുവന്ന മനുഷ്യന്റെ അമ്മയാണ്. ഞങ്ങള്‍ ഭൂമിയുടെ ഭാഗമാണ്, ഭൂമി ഞങ്ങളുടേയും. സുഗന്ധവാഹികളായ ഈ പുഷ്പങ്ങള്‍ ഞങ്ങളുടെ സഹോദരിമാരാണ്; ഈ മാന്‍, കുതിര, വന്‍പരുന്ത്, ഇതെല്ലാം ഞങ്ങളുടെ സഹോദരന്മാരാണ്. പാറകള്‍ നിറഞ്ഞ പര്‍വതശിഖരങ്ങള്‍, പുല്‍മേടുകളിലെ നീരുകള്‍, കുതിരക്കുട്ടിയുടെ ശരീരോഷ്മാവ്, മനുഷ്യന്‍...ഇതെല്ലാം ഒരേ കുടുംബത്തിന്റേതാണ്.
അതിനാല്‍ വാഷിങ്ടണിലെ വലിയ മൂപ്പന്‍ ഞങ്ങളോട് ഭൂമി ചോദിക്കുമ്പോള്‍ ഞങ്ങളോട് വളരെയേറെയാണ് അദ്ദേഹം ചോദിക്കുന്നത്. ഞങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ സ്ഥലം മാറ്റിയിടുമെന്ന് വലിയ മൂപ്പന്‍ പറയുന്നു.

ഞങ്ങള്‍ ആ വാഗ്ദാനം പരിഗണിക്കാം. പക്ഷേ അതെളുപ്പമായിരിക്കില്ല. കാരണം ഈ മണ്ണ് ഞങ്ങള്‍ക്ക് വളരെ പവിത്രമാണ്. ഈ അരുവികളിലൂടെ ഒഴുകുന്ന വെള്ളമൊന്നും വെറും വെള്ളമല്ല ഞങ്ങളുടെ പൂര്‍വികരുടെ രക്തമാണ്. ഞങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍, അത് പവിത്രമാണെന്ന് നിങ്ങളോര്‍ക്കണം, അത് പവിത്രമാണെന്നും ആ തടാകത്തിലെ തെളിവെള്ളത്തിലുള്ള ഓരോ പ്രതിഫലനത്തിനും എന്റെ ആളുകളുടെ സംഭവങ്ങളെയും ഓര്‍മകളെയും പറ്റി പറയാനുണ്ടെന്നും നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം. ആ വെള്ളത്തിന്റെ മര്‍മരം എന്റെ പൂര്‍വ്വപിതാക്കളുടെ ശബ്ദമാണ്.

നദികള്‍ ഞങ്ങളുടെ സഹോദരന്മാരാണ്, അവരാണ് ഞങ്ങളുടെ ദാഹം ശമിപ്പിക്കുന്നത്്. ഈ പുഴകള്‍ ഞങ്ങളുടെ തോണികളെ വഹിക്കും, ഞങ്ങളുടെ മക്കളുടെ വിശപ്പടക്കു. ഞങ്ങള്‍ സ്വന്തം നാട് വില്‍ക്കുകയാണെങ്കില്‍, നിങ്ങളോര്‍ക്കണം,നിങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുക-ഈ നദികള്‍ ഞങ്ങളുടെയും നിങ്ങളുടെയും സഹോദരന്മാരാണെന്ന്, നിങ്ങള്‍ ഏത് സഹോദരനോടും കാട്ടുന്ന കനിവ് നദികളോടും കാട്ടുക.

വെള്ളക്കാരന് ഞങ്ങളുടെ രീതികളറിയില്ലെന്നറിയാം. ഭൂമിയുടെ ഏത് ഭാഗവും അവന് ഒരേ പോലെയാണ്, കാരണം അവന്‍ രാത്രി വരികയും ഭൂമിയില്‍ നിന്ന് വേണ്ടതെടുക്കുകയും ചെയ്യുന്നവനാണ്. ഭൂമി അവന് സഹോദരനല്ല, ശത്രുവാണ്. അതിനെ കീഴടക്കിക്കഴിഞ്ഞാല്‍ അവന്‍ മുന്നേറും. അച്ഛന്റെ കുഴിമാടം അവന്‍ പിന്നിലുപേക്ഷിക്കും, അവനതില്‍ വിഷമവുമില്ല. അവന്‍ സ്വന്തം മക്കളില്‍ നിന്നാണ് ഭൂമി തട്ടിയെടുക്കുന്നത്, അതിലും അവന് വിഷമമില്ല. അച്ഛന്റെ കുഴിമാടവും മക്കളുടെ ജന്മാവകാശവും അവന്‍ മറന്നുപോകും. അവന്റെ മാതാവായ ഭൂമിയേയും സഹോദരനായ ആകാശത്തെയും വിലക്ക് വാങ്ങിച്ച വസ്തുക്കളെയെന്ന പോലെയാണവന്‍ കൈകാര്യം ചെയ്യുക, കൊള്ളയടിക്കാനും കന്നുകാലികളെയോ മണിമുത്തുക്കള്‍ പോലെയോ വില്‍ക്കാനുമുള്ള വസ്തുക്കള്‍. അവന്റെ ആര്‍ത്തി ഭൂമിയെ വിഴുങ്ങും, മരുഭൂമി മാത്രം ബാക്കിയാവും.

എനിക്കറിയില്ല. ഞങ്ങളുടെ രീതികള്‍ നിങ്ങളില്‍ നിന്ന് വിഭിന്നമാണ്. നിങ്ങളുടെ നഗരങ്ങളുടെ കാഴ്ച ചുവന്ന മനുഷ്യന്റെ കണ്ണുകള്‍ക്ക് വേദനാജനകമാണ്. വെള്ളക്കാരന്റെ നഗരങ്ങളില്‍ ശാന്തമായൊരിടമില്ല. വസന്തത്തില്‍ ഇലകള്‍ വളരുന്നതും ഷഡ്പദങ്ങളുടെ ചിറകിളകുന്നതും കേള്‍ക്കാനിടമില്ല. ഘടഘടാരവങ്ങള്‍ കാതുകളെ അപമാനിക്കുന്നത് പോലയേ തോന്നൂ. വാനമ്പാടിയുടെ ഏകാന്തവിലാപവും രാത്രികാലത്ത് കുളക്കരയിലെ തവളകളുടെ കരച്ചിലും കേള്‍ക്കാനാവില്ലെങ്കില്‍ നമ്മുടെ ജീവിതത്തിലെന്താണുണ്ടാവുക? ഞാനൊരു ചുവന്ന മനുഷ്യനാണ്, എനിക്ക് മനസ്സിലാവുന്നില്ല. പൈന്‍ തളിരുകളുടെ മണമുള്ള, പുതുമഴയാല്‍ ശുദ്ധമായ കാറ്റിന്റെ സുഗന്ധവും തടാകത്തിനു മീതെ അതടിക്കുന്നതിന്റെ ഒച്ചയുമാണ് ഞങ്ങള്‍ക്ക് ഇഷ്ടം.

ചുവന്നവന് വായു അമൂല്യമാണ്, കാരണം മൃഗവും മരവും മനുഷ്യനും പങ്കിടുന്നത് അതേ ശ്വാസമാണ്. അവന്‍ ശ്വസിക്കുന്ന വായുവിനെ വെള്ളക്കാരന്‍ ശ്രദ്ധിക്കാറില്ല. മരണശയ്യയിലെ മനുഷ്യനെപ്പോലെ അവന്റെ മൂക്ക് നാറ്റം പോലുമറിയാത്തവിധം മരവിച്ചിരിക്കുകയാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ ഭൂമി വില്‍ക്കുകയാണെങ്കില്‍ ഈ വായു ഞങ്ങള്‍ക്കമൂല്യമാണെന്ന് നിങ്ങളോര്‍ക്കണം, വായു താങ്ങിനിര്‍ത്തുന്ന ജീവനാണ് അതിന്റെ ആത്മാവെന്നും.

ഞങ്ങളുടെ മുത്തച്ഛന്മാര്‍ക്ക് പ്രാണവായു നല്‍കിയ കാറ്റ് തന്നെയാണ് അവരുടെ അന്ത്യശ്വാസം ഏറ്റുവാങ്ങിയതും. ഞങ്ങള്‍ ഈ ഭൂമി വില്‍ക്കുകയാണെങ്കില്‍ വെള്ളക്കാരന് പോലും പുല്‍മേട്ടിലെ പൂക്കളുടെ ഗന്ധവാഹിയായകാറ്റ് അറിയുവാനുള്ള ഇടമാവുന്ന വിധം അതിനെ പവിത്രമായി മാറ്റിവെക്കണം. അങ്ങിനെ, ഭൂമി വാങ്ങാമെന്ന നിങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ പരിഗണിക്കാം. സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ ഒരു വ്യവസ്ഥ വെയ്ക്കും -വെള്ളക്കാരന്‍ ഈ ഭൂമിയിലെ മൃഗങ്ങളെ അവന്റെ സഹോദരങ്ങളായി കാണണം.

ഞാനൊരു പ്രാകൃതനാണ്, എനിക്ക് വേറൊരു രീതിയും അറിയില്ല. ഓടുന്ന വണ്ടിയിലിരുന്ന് വെള്ളക്കാര്‍ വെടിവെച്ച് വീഴ്ത്തിയ ആയിരക്കണക്കിന് കാട്ടുപോത്തുകളുടെ ദേഹങ്ങള്‍ പുല്‍മേടുകളില്‍ ചീഞ്ഞുനാറുന്നത് ഞാന്‍ കണ്ടു. ഞാനൊരു കാടനാണ്, ഞങ്ങള്‍ ഉപജീവനത്തിന് മാത്രം കൊല്ലുന്ന പോത്തിനേക്കാള്‍ എങ്ങിനെ ഒരു പുകവണ്ടിക്ക് പ്രാധാന്യം വരുമെന്ന് എനിക്കറിയില്ല. മൃഗങ്ങളില്ലാതെ മുഷ്യനെന്താണ്? എല്ലാ മൃഗങ്ങളും പോവുകയാണെങ്കില്‍ ആത്മാവിന്റെ മഹാഏകാന്തത കൊണ്ട് മനുഷ്യന്‍ മരിച്ചുപോകും. എല്ലാം പരസ്പര ബന്ധിതമാണ്.

അവരുടെ കാല്‍ക്കീഴിലെ മണ്ണില്‍ ഞങ്ങളുടെ പിതാമഹന്മാരുടെ ചാരമുണ്ടെന്ന് നിങ്ങള്‍ കുട്ടികളോടു പറഞ്ഞുകൊടുക്കണം. അവരാ മണ്ണിനെ മാനിക്കും, ഞങ്ങളുടെ ബന്ധുക്കളുടെ ജീവിതം കൊണ്ട് സമ്പന്നമാണ് ഈ ഭൂമിയെന്നവരോട് പറയണം. ഭൂമി നമ്മുടെ അമ്മയാണെന്ന് ഞങ്ങള്‍ മക്കളെ പഠിപ്പിച്ചത് പോലെ നിങ്ങളും മക്കളെ പഠിപ്പിക്കണം. ഭൂമിക്ക് എന്ത് സംഭവിച്ചാലും അതിന്റെ മക്കള്‍ക്കും അത് സംഭവിക്കും. മനുഷ്യര്‍ മണ്ണില്‍ തുപ്പിയാല്‍ അവര്‍ തങ്ങളെത്തന്നെയാണ് തുപ്പുന്നത്.

ഇത് ഞങ്ങള്‍ക്കറിയാം: ഭൂമി മനുഷ്യന്റെ സ്വത്തല്ല. മനുഷ്യന്‍ ഭൂമിയുടെ സ്വത്താണ്. രക്തം കുടുംബാംഗങ്ങളെ ബന്ധപ്പെടുത്തുന്നത് പോലെ എല്ലാം പരസ്പര ബന്ധിതമാണ്.

ദൈവത്തെ ചങ്ങാതിയെപ്പോലെ കൂടെ കൊണ്ടുനടക്കുന്ന വെള്ളക്കാരനെയും പൊതുവായ ഈ ഭാഗധേയത്തില്‍ നിന്ന് ഒഴിവാക്കാനാവില്ല. എന്തൊക്ക പറഞ്ഞാലും നമ്മളെല്ലാം സഹോദരന്മാരായിരിക്കും. നമുക്ക് കാണാം. വെള്ളക്കാരനൊരുനാള്‍ കണ്ടുപിടിച്ചേക്കാവുന്ന ഒരു കാര്യം ഞങ്ങള്‍ക്കറിയാം, ഞങ്ങളുടെ ദൈവവും അതേ ദൈവം തന്നെയാണ്.

ഞങ്ങളുടെ ഭൂമിയുടെ ഉടമകളാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ അവന്റെയും ഉടമസ്ഥത നിങ്ങള്‍ക്കാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകാം. പക്ഷേ നിങ്ങള്‍ക്കതിനാവില്ല. അവന്‍ മനുഷ്യന്റെ ദൈവമാണ്. അവന്റെ സ്‌നേഹം വെള്ളക്കാരനും ചുവന്നവനും ഒന്നുപോലെയാണ്. ഈ ഭൂമിയവന് അമൂല്യമാണ്, ഈ ഭൂമിയോട് ദ്രോഹം ചെയ്യുകയെന്നാല്‍ അതിന്റെ സൃഷ്ടാവിനെ അപാനിക്കലാണ്. വെള്ളക്കാരനും കടന്നുപോകും. മറ്റെല്ലാ ഗോത്രങ്ങള്‍ക്കും മുമ്പേ. ഓര്‍മ്മിക്കുക, സ്വന്തം കിടക്ക മലിനമാക്കിയാല്‍ ഒരു രാത്രി സ്വന്തം വിസര്‍ജനത്തില്‍ ശ്വാസം മുട്ടി മരിക്കും.

ലേഖനം ഇവിടെ നിന്ന്

0 മരങ്ങള്‍ നട്ട് മനുഷ്യരാവാന്‍ ...

മരങ്ങള്‍ നട്ട മനുഷ്യന്റെ മാതൃക പിന്തുടരാന്‍' വായനയിലൂടെ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുകയാണ് കുട്ടനെല്ലൂരിലെ അക്ഷരസ്‌നേഹ സമിതി.

പുഴയും മണ്ണും മരവും വിഷലിപ്തമാക്കുന്ന സംസ്‌കാരം നാള്‍ക്കുനാള്‍ നാടിനെ ഊഷരമാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് വിഖ്യാത ഫ്രഞ്ച് എഴുത്തുകാരനായ ജീന്‍ ഗിയാനോയുടെ 'മരങ്ങള്‍ നട്ട മനുഷ്യന്‍' എന്ന നോവലിന്റെ കോപ്പികള്‍ ക്ലാസ്മുറികളില്‍ എത്തിക്കുകയാണിവര്‍. വായനയുടെ പ്രസക്തി നിലനിര്‍ത്തി പരിസ്ഥിതി സംരക്ഷണ ബോധത്തിലേക്ക് കുട്ടികളെ നയിക്കുവാനാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. അസംതുലിത വികസനം നന്മകള്‍ തണല്‍ വിരിക്കുന്ന പച്ചപ്പിനെയും നാട്ടിടവഴികളെയും തൊടികളെയുമെല്ലാം വിഴുങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസ്മുറികളില്‍ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും അവരില്‍ വായനയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷിക്കാനുള്ള ബാധ്യത കൂടിയുണ്ടെന്നും ഈ നോവലില്‍ വെളിപ്പെടുത്തുന്നു.

മൊട്ടക്കുന്നുകളുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ഒരാള്‍ അയാളുടെ ജീവിതം മുഴുവന്‍ വൃക്ഷത്തൈകളും ചെടികളും വെച്ചുപിടിപ്പിച്ചും വിത്തുപാകിയുമൊക്കെ നടന്നുനീങ്ങുന്നു. ആരോടും സംസാരിക്കാതെ തന്റെ പ്രവൃത്തിയില്‍ മാത്രം ശ്രദ്ധയൂന്നി കാലങ്ങള്‍ പിന്നിടുമ്പോള്‍ അവിടം മുഴുവന്‍ നിബിഡവനമായി പരിണമിച്ചതിന്റെ കാര്യം തിരക്കാന്‍ ഭരണകര്‍ത്താക്കള്‍ എത്തുന്നു. ഏറെ അന്വേഷണങ്ങള്‍ക്ക് ശേഷം മരങ്ങള്‍ നട്ട മനുഷ്യനെ കണ്ടെത്തുന്നു. നോവലിലെ ഗുണപാഠം സന്ദേശമാക്കി പ്രചരിപ്പിക്കുന്നതിനും വൃക്ഷങ്ങളോടും മണ്ണിനോടും പരിസ്ഥിതിയോടും കൂട്ടുകൂടുന്നതിനും വേണ്ടിയുള്ള ഉദ്യമമാണ് അക്ഷരസ്‌നേഹ സമിതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒല്ലൂര്‍ പ്രദേശത്തെയും നടത്തറ, പുത്തൂര്‍ പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് നോവലിന്റെ കോപ്പികള്‍ വിതരണം ചെയ്തത്. ഒപ്പം വൃക്ഷത്തൈകളും വിതരണം ചെയ്തു. മനുഷ്യന്‍ വരുത്തിവെച്ച ഭൂമിയുടെ മുറിവുണക്കാന്‍ പച്ചപ്പുകള്‍ കൊണ്ട് കഴിയുമെന്ന സന്ദേശവും ഇതോടൊപ്പം പങ്കുവെയ്ക്കുന്നു.

ഈ നോവലിനെക്കുറിച്ച് മികച്ച ആസ്വാദനക്കുറിപ്പുകള്‍ തയ്യാറാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒല്ലൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇതിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്.
ഡോ. കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പ്രേമകുമാരി അധ്യക്ഷത വഹിച്ചു. ഗിരീശന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. കൗണ്‍സിലര്‍ ജയ മുത്തിപ്പീടിക, ചെറിയാന്‍ ഇ. ജോര്‍ജ്, അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, അലക്‌സ് ജെ. ഇമ്മട്ടി, സുരേന്ദ്രന്‍ പെരിഞ്ചേരി, എ.എ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ലേഖനം ഇവിടെ നിന്ന്
 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates