Friday, November 14, 2014

0 ചെന്നായകള്‍ തിരിച്ചു കൊണ്ടുവന്ന നദി

അമേരിക്കന്‍ ഐക്യനാടുകളിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനം വളരെ പേരുകേട്ടതാണ്‌. 1926 ആയപ്പോഴേക്കും വേട്ടക്കാരായ മൃഗങ്ങളെ അവിടെ നിന്നും ഇല്ലായ്മ ചെയ്യുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അവിടെയുള്ള ചെന്നായകളെ കൊന്നു തീര്‍ത്തിരുന്നു.

1995-ല്‍ ഏറെകാലം നീണ്ടുനിന്ന ജനകീയ ആവശ്യങ്ങള്‍ക്കൊടുവില്‍ ചെന്നായകളെ യെല്ലോസ്റ്റോണില്‍ തിരിച്ചു കൊണ്ടുവരികയുണ്ടായി. അതെത്തുടര്‍ന്ന് അവിടെയുണ്ടായ മാറ്റങ്ങള്‍ അദ്ഭുതാവഹമായിരുന്നു. ചെന്നായ മറ്റു പല മൃഗങ്ങളെയും കൊല്ലും എന്നു നമുക്കറിയാം, പക്ഷേ അവ മറ്റു പലതിനും ജീവന്‍ നല്‍കി. 70 വര്‍ഷത്തോളം ചെന്നായകള്‍ ഇല്ലാതിരുന്ന താഴ്‌വരകളില്‍ മറ്റു ശത്രുക്കള്‍ ഒന്നുമില്ലാത്തതിനാല്‍ മാനുകള്‍ ധരാളമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അവയെ നിയന്ത്രിക്കാന്‍ മനുഷ്യര്‍ ആവതു ശ്രമിച്ചിട്ടും ഫലം കണ്ടില്ല. പുല്‍മേടുകള്‍ മുഴുവന്‍ മാനുകള്‍ തരിശാക്കി മാറ്റിയിരുന്നു.

അപ്പോഴാണ്‌ ചെന്നായകളെ യെല്ലോസ്റ്റോണ്‍ ഉദ്യാനത്തിലേക്ക്‌ തിരികെ കൊണ്ടുവന്നത്‌. തീരെ കുറച്ചെണ്ണമേ അവ ഉണ്ടായിരുന്നുള്ളുവെങ്കിലും ചെന്നായകള്‍ വരുത്തിയ മാറ്റം നാമെല്ലാം നന്നായി അറിഞ്ഞിരിക്കേണ്ടതാണ്‌. തുടക്കത്തില്‍ ചെന്നായകള്‍ വേട്ടയാടി ഏതാനും മാനുകളെ കൊന്നു. എന്നാല്‍ അതിലും പ്രധാനപ്പെട്ട കാര്യം മറ്റൊന്നായിരുന്നു. ചെന്നായകളുടെ സാമീപ്യം മാനുകളുടെ സ്വഭാവത്തില്‍ ഉണ്ടാക്കിയ മാറ്റം. ആരെയും ഒന്നിനെയും ഭയക്കാതെ താഴ്‌വരയിലെ അനുകൂലസാഹചര്യങ്ങളില്‍ പെറ്റുപെരുകിയിരുന്ന മാനുകള്‍ ചെന്നായകളില്‍ നിന്നും രക്ഷ നേടാനായി എളുപ്പം ആക്രമിക്കപ്പെടാന്‍ ഇടയില്ലാത്ത മലഞ്ചെരുവുകളിലേക്ക്‌ പിന്മാറി. മാനുകള്‍ ഒഴിവായതോടെ തരിശായിക്കിടന്ന താഴ്‌വരകളില്‍ സസ്യങ്ങള്‍ വളരാന്‍ തുടങ്ങി.

അഞ്ചാറു വര്‍ഷം കൊണ്ട്‌ അവിടെ കുറ്റിച്ചെടികളായി നിന്നിരുന്ന മരങ്ങള്‍ക്ക്‌ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ അഞ്ചിരട്ടിയോളം ഉയരം വച്ചു. തരിശായിക്കിടന്ന ഇടങ്ങളില്‍ പലതരം മരങ്ങള്‍ വളര്‍ന്നുനിറയാന്‍ തുടങ്ങി. പിന്നാലെ തന്നെ പക്ഷികളും എത്തി. പാട്ടുപാടുന്ന പക്ഷികളും ദേശാടനക്കിളികളും നിറയെ വന്നുതുടങ്ങി. മരങ്ങള്‍ വളര്‍ന്നതോടെ മരം തിന്നുന്ന ബീവറുകളുടെയും എണ്ണം വര്‍ദ്ധിച്ചുവന്നു. ചെന്നായകളെപ്പോലെതന്നെ ബീവറുകളും പരിസ്ഥിതിയിലെ എഞ്ചിനീയര്‍മാരാണ്‌. അവര്‍ മറ്റുള്ള ജന്തുക്കള്‍ക്കായി പരിസരം ഒരുക്കാന്‍ വിദഗ്‌ധരാണ്‌. ബീവര്‍ ഉണ്ടാക്കിയ ഡാമുകളില്‍ ജലം നിറഞ്ഞപ്പോള്‍ അവയില്‍ നീര്‍നായകളും താറാവുകളും മല്‍സ്യങ്ങളും തവളകളും പാമ്പുകളും എത്തി. മുയലുകളുടെയും എലികളുടെയും ശത്രുവായ കയോട്ടികളെ ചെന്നായകള്‍ കൊല്ലാന്‍ തുടങ്ങിയതോടെ മുയലുകളുടെയും എലികളുടെയും എണ്ണം വര്‍ദ്ധിച്ചുവന്നു. ഇത്തരം ചെറുജീവികള്‍ പെരുകിയതോടെ അവയെ ഭക്ഷണമാക്കുന്ന പരുന്തുകളും കുറുക്കന്മാരും ഉദ്യാനത്തിലെത്തി. ചെന്നായകള്‍ അവശേഷിപ്പിച്ച മാംസം ഭക്ഷിക്കുന്ന കാക്കകളും കഴുകന്മാരും പിന്നാലെ എത്തിച്ചേര്‍ന്നു. വളര്‍ന്നു തുടങ്ങിയ സസ്യങ്ങളിലുണ്ടാവുന്ന പഴങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൂലം അടുത്തതായി വന്നവ കരടികളാണ്‌. അതോടെ മാനുകളുടെ കുഞ്ഞുങ്ങള്‍ക്ക്‌ പുതിയ ഒരു ശത്രു കൂടിയായി.

ഇതിലും സവിശേഷമായ ഒരു കാര്യം അവിടെ സംഭവിക്കുണ്ടായിരുന്നു. നദികളുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണത്‌. നിറയെ മാനുകള്‍ മേഞ്ഞുനടന്ന കാലത്ത്‌ ഒരു പുല്ലു പോലും വളരാന്‍ കൂട്ടാക്കാത്ത നദീതീരത്ത്‌ വളര്‍ന്ന് നിറഞ്ഞപുല്ലുകള്‍ മണ്ണൊലിപ്പിനെ നന്നായി തടഞ്ഞു. വളര്‍ന്നു നില്‍ക്കുന്ന ചെറുസസ്യങ്ങളും മരങ്ങളുടെ വേരുകളും പുഴയുടെ ഒഴുക്കിന്റെ വേഗത കുറച്ചു, പുഴയുടെ ഓരം ഇടിയുന്നത്‌ ഇല്ലാതായി. മാനുകള്‍ വഴിമാറിയതും മണ്ണൊലിപ്പ്‌ നിലച്ചതും പുഴയോരത്തെ സസ്യാവരണത്തെ പോഷിപ്പിച്ചു. പുഴയ്ക്ക്‌ വീണ്ടും ജീവന്‍ വച്ചു.

അങ്ങനെ ഏതാനും ചെന്നായകള്‍ കുറഞ്ഞ കാലം കൊണ്ട്‌ ഒരു പ്രദേശത്തിന്റെ പരിസ്ഥിതി തന്നെ മാറ്റി മറിച്ചു.

ഇതില്‍ നിന്നും നമുക്ക്‌ എന്തെല്ലാം പഠിക്കാനുണ്ട്‌? 1926 ലാണ്‌ യെല്ലോസ്റ്റോണില്‍ ചെന്നായകളെ ഇല്ലാതാക്കിയത്‌. 70-75 വര്‍ഷം എടുത്തെങ്കിലും ഭക്ഷ്യശൃംഖലയിലെ ഏറ്റവും മുകളിലുള്ള ജീവിയുടെ നാശം ഒരു ജൈവമണ്ഡലത്തെ ആകെ നാശത്തിന്റെ വക്കിലെത്തിച്ച കഥയാണിത്‌. ദീര്‍ഘദര്‍ശിയായ അമേരിക്കക്കാരന്‍ അത്‌ തിരിച്ചറിഞ്ഞ്‌ കാര്യങ്ങള്‍ പഴയപടിയാക്കി. കേരളത്തിന്റെ കിഴക്കന്‍ മേഖലകളിലേക്കുള്ള കുടിയേറ്റത്തിന്റെ കഥയ്ക്ക്‌ ഇതിലും ഇളപ്പമാണ്‌. ഈ കാലം കൊണ്ട്‌ ഇവിടെ എന്തെല്ലാം മാറ്റങ്ങള്‍ വന്നു? ഈ മാറ്റങ്ങള്‍ നിലനില്‍ക്കുന്നതാണോ? അല്ലെങ്കില്‍ നഷ്ടപ്പെട്ടു പോയവ തിരിച്ചുപിടിച്ച്‌ ഇനിയും വരുന്ന തലമുറയ്ക്ക്‌ ജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ള എന്തു മാറ്റങ്ങളാണ്‌ നമ്മള്‍ ചെയ്യുന്നത്‌? ഇവയുടെ ഒക്കെ ഉത്തരം അത്രയ്ക്ക്‌ ആശാവഹമല്ലെന്ന് പറയാതെ വയ്യ.

മലയോരത്ത്‌ പലയിടത്തും ഇപ്പോള്‍ വന്യമൃഗശല്യം മൂലം പല കൃഷികളും ചെയ്യാന്‍ വയ്യാത്ത അവസ്ഥയുണ്ട്‌. കാട്ടുപന്നികളും മാനുകളുമാണ്‌ പ്രധാന ശല്യക്കാര്‍. മുമ്പ്‌ എവിടെയും കാണാനുണ്ടായിരുന്ന കുറുക്കനെ ഇപ്പോള്‍ കാണാനേയില്ല. കാട്ടുപന്നി പ്രസവിക്കുമ്പോള്‍ അവയുടെ കുഞ്ഞുങ്ങളെ കുറെയെണ്ണത്തിനെ കുറുക്കന്‍ പിടിച്ചു തിന്നുമായിരുന്നു. ഇന്നിപ്പോള്‍ ശത്രുക്കളേ ഇല്ലാതായ പന്നികള്‍ പെരുകി നാട്ടിലെങ്ങും കൃഷി ചെയ്യാന്‍ പറ്റാതാക്കിയിരിക്കുന്നു.

പുഴകളുടെ കാര്യവും കഷ്ടമാണ്‌. വീതി തീരെ കുറഞ്ഞ കേരളത്തില്‍, കിഴക്കന്‍ മലയോരത്ത്‌ പെയ്യുന്ന മഴ വലിയ ചെരിവുള്ള പ്രദേശത്തുകൂടി അതീവ ശക്തിയില്‍ കടലില്‍ എത്തുന്നു. എത്ര വലിയ മഴക്കാലമുണ്ടായാലും മഴ നിന്നാല്‍ പിറ്റേന്നു മുതല്‍ ജലക്ഷാമമാണ്‌. പഴക്കമേറിയ കാടുകളുടെ നിലം മുഴുവന്‍ ഇലകളും കമ്പുകളും വീണ്‌ അടിഞ്ഞ്‌ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തിനാല്‍ സ്പോഞ്ച്‌ പോലെ ആയ മണ്ണും മരങ്ങളുടെ വേരുകളും ചേര്‍ന്ന് മഴ പെയ്യുമ്പോഴുള്ള വെള്ളം സംഭരിച്ച്‌ വേനല്‍ക്കാലം മുഴുവന്‍ ഇറ്റിറ്റായി വിട്ടുകൊടുക്കുമ്പോഴാണ്‌ പുഴകള്‍ നിലനില്‍ക്കുന്നത്‌. ഇവയാണ്‌ നമ്മുടെ ജീവജലം. കാടുകളുടെ ശോഷണം നമ്മുടെ ജീവന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. കാടിന്റെയും പുഴയുടെയും നിലനില്‍പ്പിന്‌ ഭക്ഷ്യശൃംഖലയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഇരപിടിയന്‍ ജീവികളുടെ സാന്നിധ്യം എത്ര മാത്രം ആവശ്യമാണെന്നാണ്‌ യെല്ലോസ്ടോണില്‍ സംഭവിച്ച കഥ നമ്മെ പഠിപ്പിക്കുന്നത്‌.

യെല്ലോസ്റ്റോണില്‍ കണ്ട ചെന്നായകളുടെ സ്ഥാനമാണ്‌ നമ്മുടെ കാട്ടിലെ കടുവകള്‍ക്കുള്ളത്‌. കടുവകളുടെ അസാന്നിധ്യം താഴെയുള്ള ജീവികളായ മാനുകളും പന്നികളും പെരുകി കാടിനെയും പുഴയേയും ഇല്ലാതാക്കും. അനുകൂലസാഹചര്യങ്ങളില്‍ കടുവകളും മാനുകളെപ്പോലെ പെരുകുമോ എന്ന ഒരു സംശയം ചിലര്‍ക്കുണ്ട്‌. എന്നാല്‍ അതു സാധ്യമല്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. കടുവ താന്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ അതിരുകള്‍ തിരിക്കുന്ന ഒരു ജീവിയാണ്‌. ആ അതിരിനുള്ളില്‍ മറ്റൊരു കടുവ സാധാരണ ജീവിക്കാറില്ല. 60 മുതല്‍ 100 ചതുരശ്ര കിലോമീറ്റര്‍ ഒരു ആണ്‍ കടുവയുടെ സാമ്രാജ്യമാണ്‌. ഇത്‌ തുടര്‍ച്ചയായി വേണമെന്നുള്ളതാണ്‌ തുണ്ഡവല്‍ക്കരിക്കപ്പെടുന്ന നമ്മുടെ കാട്‌ പ്രദേശത്തു നിന്നും കടുവകള്‍ നാട്ടിലെത്താനുള്ള ഒരു കാരണം. നൂറു വര്‍ഷം മുന്‍പ്‌ ഒരു ലക്ഷത്തോളം കടുവകള്‍ ഭൂമിയിലുണ്ടായിരുന്നത്‌ ചുരുങ്ങി ഇപ്പോള്‍ ഏതാണ്ട്‌ നാലായിരത്തില്‍ താഴെ മാത്രമേ ബാക്കിയുള്ളൂ. ഇക്കാലം കൊണ്ട്‌ അവയുടെ ആവാസവ്യവസ്ഥയുടെ 93 ശതമാനവും നഷ്ടപ്പെട്ടു കഴിഞ്ഞു. എന്നെങ്കിലും കടുവകള്‍ പൂര്‍ണ്ണമായി ഇല്ലാതായാല്‍ മാത്രമേ അവ നമ്മുടെ ജീവന്‍ നിലനിര്‍ത്താന്‍ എത്രമാത്രം ഒഴിച്ചുകൂടാനാവാത്തതായിരുന്നുവെന്ന് നാം മനസ്സിലാക്കുകയുള്ളൂ. നമുക്കും വരും തലമുറകള്‍ക്കും അതിനുള്ള അവസരം ഉണ്ടാവാതിരിക്കട്ടെ.

Thursday, May 8, 2014

3 മരം നടാം

മഴക്കാലം വരവായി. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളവും അന്തരീക്ഷത്തിലെ ഈർപ്പവും താപനിലയിലെ കുറവും എല്ലാം ചേർന്ന് പുത്തൻ നാമ്പുകൾക്ക് പൊട്ടിമുളയ്ക്കാനും വളർന്നുപടരാനുമുള്ള അവസരങ്ങൾ ഒരുങ്ങുകയായി. ഈ മഴക്കാലത്ത്, ഒന്നു മനസ്സുവച്ചാൽ കുറെയേറെ മരങ്ങൾ കൂടി നട്ടുവളർത്തിയെടുക്കാൻ നമുക്ക് കഴിയും. മരങ്ങൾ നടാനും വളർത്തിവലുതാക്കാനും വേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

1. നടാനുള്ള സ്ഥലം.
എവിടെയാണ് മരം നടേണ്ടത്? എവിടെയും നടാം. സ്വന്തം പറമ്പിൽ ആവാം. പൊതുസ്ഥലങ്ങൾ,  സ്കൂളുകൾ,  ആരാധനാലയങ്ങൾ, പാതയോരങ്ങൾ അങ്ങനെ എവിടെയും. തണൽ ആവശ്യമുള്ളിടത്തെല്ലാം മരങ്ങൾ നടാം.

2. നടേണ്ട മരങ്ങൾ
ഏതിനം മരങ്ങൾ നടണം എന്നത് പലരും ചോദിക്കാറുള്ള ചോദ്യമാണ്. ഏതിനവും നടാം എന്നതാണ് വാസ്തവം. പല ഇടങ്ങളിലും പലതരം മരങ്ങൾ നടാം. ഉദാഹരണത്തിന് പാതയോരങ്ങളിൽ പൂക്കൾ ഉണ്ടാവുന്ന തണൽ വൃക്ഷങ്ങൾ നല്ലതാണ്. വിദ്യാലയങ്ങളിൽ ഞാവൽ, മാവ് എന്നിവ പോലുള്ള ഫലവൃക്ഷങ്ങളാവാം. വെയിൽ കത്തുന്ന പ്രദേശങ്ങളിൽ മഴമരം പോലുള്ള തണൽമരങ്ങൾ ഉത്തമമാണ്. ക്ഷേത്രങ്ങളിൽ ആലുകളോ, ഇലഞ്ഞി പോലെ സാവധാനം വളർന്ന് പടർന്നുവളരുന്ന വന്മരങ്ങളോ നടാവുന്നതാണ്.

3. തൈകൾ എവിടെ കിട്ടും?
മിക്കവരുടെയും സംശയമാണിത്. യഥാർത്ഥത്തിൽ മരംനടൽ പ്രക്രിയയിലെ ഏറ്റവും എളുപ്പമായ കാര്യമാണിത്. മഴക്കാലത്ത് മണ്ണിൽ മറഞ്ഞുകിടന്ന വിത്തുകളും പുത്തൻ ഫലങ്ങളും തൈകളായി പൊട്ടിമുളയ്ക്കുകയാണ്. അവയെ ശ്രദ്ധയോടെ പറിച്ചുനടുകയേ വേണ്ടൂ. ഉദാഹരണത്തിന് ഇത്തവണ എല്ലാ നാട്ടിലും നാട്ടുമാവുകൾ നിറയെ പഴങ്ങളായിരുന്നു. മാവിൻ ചുവട്ടിലും ചുറ്റുവട്ടത്തും നിറയെ മാവിൻ തൈകൾ ഉണ്ടാവും. അവയെ അണ്ടിയടക്കം ശ്രദ്ധയോടെ പിഴുതെടുക്കുക. എവിടെ നടാൻ ഉദ്ദ്യേശിക്കുന്നുവോ അവിടെ കുറച്ചു മണ്ണുമാറ്റി അണ്ടി അടർന്നുപോവാതെ നടുക. വേരുകൾ ഇറങ്ങി സ്വന്തം നിലയിൽ വളരാനാവുന്നതു വരെ അണ്ടിയിൽ അടങ്ങിയിട്ടുള്ള ഭക്ഷണം ഉപയോഗിച്ചു വളരുന്ന തൈകൾക്ക് ചെറിയ ക്ഷീണം പോലും ഉണ്ടാാവില്ല. നാട്ടുമാവുകൾ അന്യം നിന്നു പോവുകയാണ്. ഓരോ മാവിലെ കനികൾക്കും ഓരോ രുചിയാണ്, വലിപ്പമാണ്, മണമാണ്, ഗുണമാണ്. എല്ലാവർക്കും കണ്ണിമാങ്ങയും നാട്ടുമാമ്പഴവും ഇഷ്ടമാണ്. പക്ഷേ സ്വന്തം വീട്ടുവളപ്പിലുള്ള നാട്ടുമാവുകൾ മുറിക്കുകയല്ലാതെ നടുക എന്ന ഒരു ശീലം ഇപ്പോൾ തീർത്തും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. നാട്ടുമാവുകൾ നട്ടുവളർത്തുക. ഏറ്റവും ഉത്തമമായ സ്ഥലം വഴിയോരങ്ങളാണ്. നമ്മുടെ കുട്ടികൾക്ക് വരും കാലങ്ങളിൽ നാട്ടുമാങ്ങകൾക്കായി നമ്മൾ ഇവ നട്ടേ പറ്റൂ. മാവിൻതൈകൾ സംരക്ഷിക്കാൻ താരതമ്യേന വിഷമവും കുറവാണ്.

4. തൈ നടൽ
തൈ നടാൻ ഉള്ള സ്ഥലം ഒന്നു ചെറുതായെങ്കിലും വൃത്തിയാക്കി ചെറിയൊരു മൺവെട്ടികൊണ്ട് ഇളക്കി അതിൽ നടുകയേ വേണ്ടൂ. നട്ടതിനു ശേഷം മണ്ണ് അടുപ്പിച്ച് ഇടുക. എന്തെങ്കിലും സസ്യ അവശിഷ്ടങ്ങൾ കൊണ്ട് ചെറുതായി ഒരു പുത ഇടുന്നത് നല്ലതാണ്. കമ്പിവലയോ മറ്റോ ആരെങ്കിലും സ്പോൺസർ ചെയ്യുന്നുണ്ടെങ്കിൽ തൈക്ക് ചുറ്റും വയ്ക്കാവുന്നതാണ്. പക്ഷേ ഇതിന്റെയൊന്നും ആവശ്യം നമുക്കില്ല. പകരം ഏതാനും ശീമക്കൊന്നയുടെ കമ്പുകളോ തെങ്ങിന്റെ മടക്കലകളോ മുളംകമ്പുകളോ ഉപയോഗിച്ച് ഒരു ചെറിയ വേലി കെട്ടുക.

5.ഇനിയോ
വളരെ പ്രതീക്ഷയോടെ, പത്തോ ഇരുപതോ വർഷത്തിനപ്പുറം തല ഉയർത്തിപ്പിടിച്ച് തന്റെ ചുവട്ടിൽ വരുന്ന കുട്ടികൾക്ക് കാറ്റിന്റെ സഹായത്തോടെ മാമ്പഴം നൽകുന്ന മാവിനെ സ്വപ്നം കണ്ട് നമ്മൾ മാവിന്റെ തൈ നട്ടു കഴിഞ്ഞു. ഇനിയോ?  ഇനിയാണ് പണി. നൂറു ദിവസം നമ്മൾ കണ്ണിലുണ്ണി പോലെ കാത്തു രക്ഷിച്ചാലും നൂറ്റൊന്നാമത്തെ ദിവസം വഴിയെ പശുവിനെയും തെളിച്ചുകൊണ്ടുപോകുന്ന ഒരാളുടെ അശ്രദ്ധയിൽ നമ്മുടെ മരത്തിന്റെ കാറ്റു പോകും. മരത്തിനെ രക്ഷിക്കാൻ വേണ്ട ഏറ്റവും അവശ്യമായ കാര്യമാണ് നാട്ടുകാരുടെ പിന്തുണ. ദൂരെ നിന്നും  വന്ന് ബലമായി ചെയ്തിട്ടുപോയി വിജയിക്കാവുന്ന കാര്യമല്ല മരം നടൽ. പ്രാദേശികമായ പിന്തുണ അനിവാര്യമാണ്. ഏറ്റവും നല്ലത് അവരെയും കൂടെ കൂട്ടുക എന്നതാണ്. അപ്പോൾ അവർക്ക് അതു സ്വന്തമാണെന്നും സംരക്ഷിച്ചാൽ ഗുണം കിട്ടുന്നതാണെന്നും ഒരു തോന്നലുണ്ടാവും. നമ്മുടെ മരത്തിൽ കയറുന്ന വള്ളികളും ചുറ്റുമുണ്ടാാകുന്ന കളകളും ഇടയ്ക്കിടെ നീക്കം ചെയ്യണം. അങ്ങനെയിരിക്കുമ്പോൾ വേനലെത്തും. ആദ്യത്തെ വേനലാണ് യഥാർത്ഥ പരീക്ഷണം.

6. ആദ്യ വേനൽ
നമ്മുടെ മരത്തിന്റെ ആദ്യത്തെ വേണൽ എത്തുകയായി. ഇതൊന്നു കടന്നു കിട്ടലാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം, ഇവിടെയാണ് മിക്കവാറും നമ്മൾ തോൽക്കുന്നതും. മരംനട്ട് ഫോട്ടോ എടുത്ത് ചായയും കുടിച്ച് പിരിയുന്ന നമ്മൾ പിന്നീട് വേനൽ എത്തുമ്പോഴേയ്ക്കും ഒന്നുകിൽ അതു മറക്കും. അല്ലെങ്കിൽ വേണ്ടവിധം സംരക്ഷിക്കുന്നതിൽ പരാജയപ്പെടും. നടുന്ന തൈകൾ എല്ലാം മരമായിരുന്നെങ്കിൽ കേരളം ഒരു വനമായേനേ. പക്ഷേ, കുറെയെങ്കിലും ബാക്കി വരാൻ പോലും കഠിനപ്രയത്നം ആവശ്യമാണ്. വേനൽ എത്തുമ്പോഴേക്കും നമ്മുടെ തൈക്ക് ചുറ്റും കരിയിലകൾ, ചകിരി, ഇലകൾ എന്നിങ്ങനെ എന്തെങ്കിലും കൊണ്ട് പുതയിട്ടാൽ അവയുടെ നിലനിൽക്കാനുള്ള സാധ്യത വളരെക്കൂടും. ആഴ്ചയിൽ ഒരിക്കൽ നനയ്ക്കാൻ കഴിഞ്ഞാൽ ഏറ്റവും നല്ലതാണ്. അടുത്ത മഴക്കാലത്തിന്റെ വരവോടെ നമ്മുടെ തൈകൾ ഏതാണ്ട് രക്ഷപ്പെട്ട മട്ടാവും.

7. വിശ്രമിക്കാറായില്ല.
പുതുമഴയോടെ വളരുന്ന കളകൾ, വള്ളികൾ എന്നിവ നമ്മുടെ കുഞ്ഞു മരത്തെ ഞെരുക്കും. അവ ശ്രദ്ധയോടെ വൃത്തിയാക്കണം, ചിലപ്പോൾ വേലി ഒന്നു പുതുക്കേണ്ടി വരും. ഈ രണ്ടാം മഴക്കാലം കഴിയുന്നതോടെ സ്വന്തം കാലിൽ നിൽക്കാൻ മിക്ക തൈകൾക്കും ആവും. പിന്നെ നമുക്ക് അതിന്റെ ചുവട്ടിലൂടെ അഭിമാനത്തോടെയോ ഇത്തിരി അഹങ്കാരത്തോടെയോ നടക്കാവുന്നതാണ്.

8.ചെലവ്
നേരു പറഞ്ഞാൽ മരം നടുന്ന പരിപാടിക്ക് ഒരു രൂപയുടെ പോലും ചെലവില്ല. നിങ്ങൾ കുറച്ചു തൈ പറിക്കുന്നു. ചെറിയ ഒരു മൺവെട്ടിയും ഒരു കത്തിയും കുറച്ചു വള്ളിയും എടുത്തു പോയി ഒന്നോ രണ്ടോ സുഹൃത്തുക്കളെയും കൂട്ടി മരം നടുന്നു. കുറച്ച് പഴയ മരക്കമ്പുകളോ  മുളക്കഷണങ്ങളോ ഉപയോഗിച്ച്  ഒരു വേലി കെട്ടുന്നു. ഇതിനു ചെലവ് എവിടെ?  കുറച്ച് സമയം ചെലവഴിക്കണം അത്ര മാത്രം.

9. ഫോട്ടോ എടുക്കൽ
നമ്മൾ നട്ടു വളർത്തിയ മരത്തിന്റെ ഫോട്ടോ നിർബന്ധമായും എടുക്കണം. ഒരു കാര്യം. നട്ടതിനു ശേഷം പത്തു വർഷത്തിനു ശേഷമേ അതു ചെയ്യാവൂ. അപ്പോഴും അതു ബാക്കിയുണ്ടെങ്കിൽ മാത്രമേ ഫോട്ടൊ എടുക്കാവൂ.



Wednesday, January 1, 2014

0 മരത്തിന്റെ വില


ഒരു മാവ് എടുക്കുന്ന സ്പേസ് നോക്കുക, അതിൽ നിന്നും കിട്ടുന്ന ഉല്പാദനം (yield ) നോക്കുക, അല്ലെങ്കിൽ ഒരു പ്ലാവ്, വാഴ, സീതപ്പഴം, ആത്തക്ക, തെങ്ങ്, മാങ്കോസ്ടിൻ തുടങ്ങി ഇപ്പോൾ പുതുതായി വന്ന റേംപൂട്ടാനും ഒക്കെ എടുക്കാം, അതെടുക്കുന്ന സ്പേസ് എത്ര നിസ്സാരം, ഏതാനും square ഫീറ്റ്‌ മാത്രം, എന്നാൽ അത് ഓരോന്നും തരുന്ന ഫലമോ? തിരിഞ്ഞു പോലും നിങ്ങൾ അതിനെ നോക്കേണ്ടാ, യാതൊരു അധ്വാനവും ഇല്ലാതെ എത്രയാ ഭക്ഷണം ലഭിക്കുക, 

ഒരു മാവിൽ നിന്നും കിട്ടുന്നത് 2000 കിലോ മാമ്പഴം ആണെന്ന് കരുതുക, അതെ അളവിൽ ധാന്യം കിട്ടണമെങ്കിൽ നിങ്ങൾ നന്നായി ആളും അർത്ഥവും ഒക്കെ ആയി കഷ്ടപ്പെട്ട് വെള്ളം, വളം, വെയിൽ, ചപ്പ്, സമയം, സീസണ്‍, നൂറു കൂട്ടം മറ്റു ഇന്പുട്ട് കൾ, അധ്വാനം ആളുകൾ ഒക്കെ ആയി ഒടുവിൽ നല്ല വൻ വിളവും കിട്ടിയാൽ തന്നെ 1.5 ഏക്കർ ഭൂമി വേണം 1500 കിലോ അരിക്ക് കുറഞ്ഞത്‌, , ഇനി എന്നാലും ആ വസ്തു നേരെ കഴിക്കാനും പറ്റില്ലാ, ഉമ്മി മാറ്റി, കുത്തി കഴുകി ഇന്തനവും ഊര്ജവും ഒക്കെ ചിലവാക്കി വേവിച്ചു വീണ്ടും ഒരുപാട് പണി എടുക്കണം, സ്വാദിലോ ഗുണത്തിലോ പഴങ്ങളുടെ 100 അയലത്ത് ധാന്യം വരികയും ഇല്ലാ,

ഇനി അതിൽ നിന്നും മാറി മാംസാഹാരത്തിലേക്ക് മാറിയാലോ 100 കിലോ ധാന്യം നല്കിയാലെ ഒരു കിലോ ഒക്കെ മാംസം ഉത്പാദിപ്പിക്കാൻ പറ്റൂ? അപ്പോൾ പ്രക്രതിക്ക് പരിസ്ഥിതിക്ക് ജീവജാലങ്ങല്ക്ക് ഒക്കെ നില നില്പിന് വേണ്ടത് എന്താണ്? എങ്ങനെയാണ് അവയുടെ നില നില്പ് ഇല്ലാതായത്? ഭക്ഷ്യ ദൗർലഭ്യം ഉണ്ടാകുന്നത്? എങ്ങനെ ആണ് വ്യവസായങ്ങൾ, ചൂഷകർ ഒക്കെ നിലവിൽ വന്നത്? എങ്ങനെ ആണവക്ക് നില നില്ക്കാൻ സാധിക്കുന്നത്? എന്നൊക്കെ ഈ ലളിതം ആയ കാര്യം മനസ്സിലാക്കിയാൽ തിരിച്ചറിയാം.


ഈ ലേഖനം എഴുതിയത് ശ്രീ അരുൺ

 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates