Saturday, February 23, 2008

1 ടെണ്ടറ് - ഒ. പി. സുരേഷിന്റെ കവിത


ടെണ്ടര്‍

ഒ.പി.സുരേഷ്‌

മരങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്നിടം
മനമലിഞ്ഞൊഴുകും തെളിനീര്‍വനം
ഇരുളിലകള്‍ വീണിളകിയ നിശ്ശബ്ദത
കലപില കൂട്ടുന്ന ശിഖരം, ഏകാന്തത.
അതിനു ചോട്ടിലായ്‌, ധ്യാനനിര്‍വൃതി
അറിഞ്ഞുറയുന്ന കോമരക്കാറ്റുകള്‍
ഇലകള്‍ തുന്നിയൊരാകാശം ഇടയ്ക്കിടെ
പിളര്‍ത്തിയെത്തുന്ന നറുവെളിച്ചങ്ങള്‍.
വെയില്‍പ്പഴങ്ങളില്‍ കിനിയും കുളിരുകള്‍
പുതച്ചുറങ്ങുന്ന മടിയന്‍ പുല്‍നാമ്പുകള്‍.
കരളില്‍ ആദിമ കവിത ചേക്കേറുമിടങ്ങള്‍
ജീവന്റെ നനവ്‌ വറ്റാതൊഴുകും ഉറവകള്‍.
അകം പുറം കാണാം, അഴകിനാഴങ്ങള്‍
അതിരുകളില്ലാത്ത മഹാമനസ്കത...
പതിച്ചുനല്‍കിടാം എത്രയും, നിങ്ങള്‍
പകരമായ്‌ ലക്ഷം തൊഴില്‍നല്‍കുമെങ്കില്‍.
പഠിപ്പുതീരുമ്പോള്‍ പറന്നുപോകുന്ന
പുതുകിളിക്കൂട്ടം രസിച്ചുല്ലസിക്കട്ടെ,
അവര്‍ക്കു പാര്‍ക്കുവാന്‍ ഉടച്ചുവാര്‍ക്കണം
ഉണര്‍വുറങ്ങുമീ മഹാനിബിഡത.

(2008 ഫെബ്രുവരി 24-ന്റെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്‌)
 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates