Thursday, January 31, 2008

2 വ്രതമിനിമഴുതൊട്ടീടുകില്ലെന്നവശ്യം.- ബാലേന്ദുവിന്റെ കവിത


മരമില്ലാതെ മനുഷ്യനില്ലെന്നു പറയുമ്പോഴും, കവിതാരൂപത്തില്‍ പറയുന്നതിന് ഒരു ഭംഗി കൂടുതല്‍ തന്നെയാണ്. ബാലേന്ദുവിന്റെ മറ്റൊരു കവിത.

കേട്ടാലും കൂട്ടുകാരേ, മരമിതു ചരമല്ലെങ്കിലും ജീവരാശി-
ക്കൊട്ടുക്കാധാരമല്ലോ! കരുതണമിവയെദ്ദേവതാതുല്യരായി;
കാട്ടേണ്ടേതും നിവേദ്യം, പ്രതിദിനമരുളേണ്ടര്‍ച്ചനാദ്യങ്ങളൊന്നും
നീട്ടിച്ചൊല്ലേണ്ട മന്ത്രം, വ്രതമിനിമഴുതൊട്ടീടുകില്ലെന്നവശ്യം.

ബാലേന്ദു

Tuesday, January 29, 2008

3 മരമില്ലാതെ നരനില്ല - ബാലേന്ദുവിന്റെ കവിത


മരമില്ലാതെ നരനില്ല

ബാലേന്ദു

മരം നരന്നു രക്ഷയാണൊരുറ്റ ബന്ധു തന്നെയാ-
ണൊരിക്കലും വിടാതെയൊപ്പമുള്ളൊരാപ്തമിത്രവും.
ജനിച്ചുടന്‍ കിടക്കുവാന്‍ മരം കടഞ്ഞ തൊട്ടിലാം
വളര്‍ന്ന നാള്‍ കിടക്കുവാന്‍ മരത്തിലുള്ള കട്ടിലും.
നടക്കുവാന്‍ പിടിക്കുവാന്‍ മരത്തെയാശ്രയിക്കണം
പഠിക്കുവാന്‍ മടിക്കുകില്‍ അടിക്കുവാന്‍ വരും വടി.
പഠിപ്പിയന്ന മര്‍ത്യനേറെ വേണ്ട വസ്തു പേപ്പറും
കിടച്ചിടുന്നു സസ്യജാലമൊന്നില്‍ നിന്നു നിര്‍ണ്ണയം.
പുരയ്ക്കു തൂണുമോലയും മുറുക്കിടുന്ന വള്ളിയും
നിറച്ചു വാച്ചിടും മരം നമുക്കു നിത്യമാശ്രയം.
പഴങ്ങള്‍, കായ്കള്‍ ധാന്യമൊക്കെയേകിടും കഴിക്കുവാന്‍
രസങ്ങളെത്രയുണ്ടു ദാഹമാറ്റുവാന്‍ മരങ്ങളില്‍.
പൊരിച്ചെരിച്ചു ചുട്ടു നീറ്റിയൊക്കെയും കഴിക്കുവാന്‍
അടുപ്പിലിട്ടെരിക്കുവാന്‍ തരും മരങ്ങളിന്ധനം.
ഉടുക്കുവാന്‍ തുണിത്തരം പുതയ്ക്കുവാന്‍ പുതപ്പുകള്‍
ഒരുക്കിടാന്‍ നമുക്കു നാരു നല്‍കിടുന്നതും മരം.
ഇറച്ചി തിന്നുവോര്‍ക്കുമുണ്ടു കാര്യമീ മരങ്ങളാല്‍
നിറച്ചിറച്ചി വായ്ക്കുവാന്‍ മൃഗങ്ങള്‍ തീറ്റി തിന്നണം.
ഇറച്ചിയേകുമാടുകോഴിവാത്തുപോത്തുപന്നിയും
ഇറച്ചിയല്ല സസ്യമാണു തിന്നുമെന്നതോര്‍ക്കണം
മരം നിറഞ്ഞ കാടുകള്‍ തടഞ്ഞ മേഘമല്ലയോ
മഴയ്ക്കു വേണ്ട കാരണം, മരം മഴയ്ക്കുമാശ്രയം.
ഇരിക്കുവോളമിങ്ങു സര്‍വമേകുവോരു വൃക്ഷമാ-
ണെരിക്കുവാനുമെത്തിടും മരിച്ചുപോയ ശേഷവും.
നമുക്കു വേണ്ടതൊക്കെയും തരുന്ന കാമധേനുവാം
മരങ്ങളെപ്പുലര്‍ത്തുവാന്‍ നമുക്കുമുണ്ടു ബാദ്ധ്യത.

കാവേരി നദിയില്‍, ഹൊഗ്ഗെനക്കല്‍ നിന്നുള്ള ദൃശ്യം.

Saturday, January 26, 2008

1 മലയാള മനോരമ പത്രത്തില്‍ വന്ന ഒരു ലേഖനം



മലയാള മനോരമ പത്രത്തില്‍ എന്നെപ്പറ്റി വന്ന ഒരു ലേഖനം. വായിക്കുവാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

0 മാതൃഭൂമിയില്‍ വന്ന ഒരു ലേഖനം



മാതൃഭൂമി പത്രത്തില്‍ എന്നെപ്പറ്റി വന്ന ഒരു ലേഖനമാണിത്‌. വായിക്കാന്‍‌ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

Friday, January 25, 2008

0 വലിയ ഒരു ആല്‍മരം


"നടുവിലങ്ങുനില്‍ക്കുന്നൂ വലിയൊരശ്വത്ഥം, മൂത്തു
തടികള്‍തേഞ്ഞും തൊലികള്‍ പൊതിഞ്ഞു വീര്‍ത്തും
ചടുലദലങ്ങളിലും ശൃംഗഭാഗത്തിലും വെയില്‍
തടവിച്ചുവന്നു കാറ്റിലിളകി മെല്ലെ
തടിയനരയാലതു തലയില്‍ത്തീ കാളും നെടും-
ചുടലബ്ഭൂതം കണക്കേ ചലിച്ചു നില്‍പ്പൂ.
അടിയിലതിന്‍ ചുവട്ടിലധികം പഴക്കമായ്ക്ക-
ല്ലുടഞ്ഞും പൊളിഞ്ഞുമുണ്ടൊരാല്‍ത്തറ ചുറ്റും,
ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകള്‍പോല്‍
വിടവുതോറും പിണഞ്ഞ വേരുകളോടും
പറന്നടിഞ്ഞരയാലിന്‍ പഴുത്ത പത്രങ്ങളൊട്ടു
നിറം മങ്ങി നിലം പറ്റിക്കിടപ്പു നീളെ."

കരുണ - കുമാരനാശാന്‍

Tuesday, January 15, 2008

1 ആ മരങ്ങള്‍തന്‍ മുത്തച്ഛനെങ്ങുപോയ്?


മായികകാലജാലവിലാസത്താല്‍
മാറി പാടെയെന്‍ നാടിന്‍മുഖാകൃതി
പാവനമാനകൃത്രിമസൗഹൃദ-
പ്പൂ വിടരും മലയായ്മയെങ്ങുപോയ്‌?
മര്‍ത്യമാര്‍ഗ്ഗത്തിലെങ്ങും പരസ്പര
സ്പര്‍ദ്ധതന്‍ മുള്ളുവേലികളാണല്ലോ
കുഞ്ഞുനാളിലെല്‍ പ്രാണഞ്ഞരമ്പുകള്‍
നീണ്ടുപോകുമീയൂടുവരമ്പുകള്‍
തോടിനക്കരെക്കുന്നില്‍ത്തലവെച്ചോ-
രൂടുപാത വളഞ്ഞു കിടക്കുന്നു.
മായികനൃത്തഭംഗിയോടിന്നെങ്ങു
പോയി നിങ്ങളെന്‍ താമരപ്പൂക്കളെ?
താമരക്കുളത്തിന്‍വക്കില്‍ നിന്നതാ-
മാ മരങ്ങള്‍തന്‍ മുത്തച്ഛനെങ്ങുപോയ്‌?
പാന്ഥസന്തതി നീര്‍ നുകരുന്നതാം
പന്തലും കാട്ടുമുല്ലയുമെങ്ങുപോയ്‌?

പി

Monday, January 14, 2008

1 നമുക്കൊരു മരം നടണ്ടേ?


ഭൂമിയിലെ സൃഷ്ടികളില്‍ ഏറ്റവും സുന്ദരമായ വസ്തുക്കളുടെ കൂടെയാണ് മരങ്ങളുടെ സ്ഥാനം. അവയുടെ വ്യത്യസ്തയും ആകൃതിയും രൂപവും പ്രായവും പൂക്കളും ഇലകളുമെല്ലാം ആരേയും അദ്ഭുതപ്പെടുത്തും. വലിയമരങ്ങള്‍ കാണുമ്പോഴെല്ലാം ഓര്‍ക്കുക, മറ്റേതോ തലമുറ നമുക്കായ് കാത്തുകരുതിയതാണ് ഇവയെല്ലാം. ഇനിയുള്ളവര്‍ക്കും ഈ കാഴ്ച്ച നല്‍കുവാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്. ഇതു വായിക്കുന്നവര്‍ എല്ലാം ഒരു മരമെങ്കിലും നടുക. ഒരു പൊതുസ്ഥലത്തായാല്‍ വളരെ നല്ലത്. എന്താ നടുവാന്‍ കൂടില്ലേ?

കുമാരനാശാന്റെ വനയാത്ര എന്ന കവിതയില്‍ നിന്നാണ് ഈ വരികള്‍.

നോക്കുന്ന ദിക്കുകളിലൊക്കെ മഹാതരുക്കള്‍,
പൂക്കും മഹാലതകള്‍, ഭൂരി മുളന്തടങ്ങള്‍,
നില്‍ക്കാതെ വെള്ളിലകള്‍ വീണവ മെത്തയായു-
ള്ളക്കാട്ടിലെത്തറകളാരിഹ വാഴ്ത്തുമെല്ലാം!

ഈ സ്ഥലം വയനാട്ടിലെ തിരുനെല്ലിയിലുള്ള പക്ഷിപാതാളത്തില്‍ നിന്നുള്ള കാഴ്ച്ചയാണ്.
 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates