Saturday, December 3, 2011

0 മരമാണ് മറുപടി

വി.എച്ച്. നിഷാദ്

പ്രഭാതം ഒരു കഥ എഴുതുകയാണെങ്കില്‍ അതിന്റെ തുടക്കം ഇങ്ങനെ ആയിരിക്കും:

ആകാശം, കിളികള്‍. താഴെ ദാ ഈ പോകുന്ന ബസിന്റെ പുകയില്‍നിന്ന് അഴിഞ്ഞുവീണതുപോലെ കറുത്ത ഒരു പാത. പിറുപിറുത്തുകൊണ്ട് ബസ് പോയ്ക്കഴിഞ്ഞാല്‍ പിന്നെ നിശ്ശബ്ദതയായി. ആ നിശ്ശബ്ദതക്ക് ശബ്ദം വെച്ചുകൊടുത്താല്‍ പകലിന്റെ തുടക്കമായി.

പതുക്കെ ഒരു സൈക്കിള്‍ ആ പാതയിലേക്ക് കയറിവരുന്നു. പാതയോരത്തെ കാറ്റുപോലെ. മുന്നോട്ടു നീങ്ങുന്ന സൈക്കിള്‍. അതില്‍ ഒരാള്‍. ആ മനുഷ്യന്റെ മുഖത്ത് അങ്ങിങ്ങായി ജീവിതത്തിന്റെ ചൂടുള്ള തുള്ളികള്‍ തെറിച്ചുപൊള്ളിയ പാടുകള്‍. ഉള്ളില്‍ വിലാപയാത്രക്കാരോട് കടംപറഞ്ഞ് വാങ്ങിയ ചിറകില്ലാക്കരച്ചില്‍.

അയാള്‍ ചവിട്ടുന്നത് സൈക്കിളല്ല. ജീവിതമാണ് എന്ന് കരുതലേറിയ ആ നീക്കം കണ്ടാലറിയാം. ആ ചലനങ്ങള്‍ അത്രയേറെ വിങ്ങിയത്. സങ്കടം കുത്തിനിര്‍ത്തിയത്. ഓര്‍മകളെ ചതുപ്പിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ഒരാളെ ഓര്‍മിപ്പിച്ചു ആ സൈക്കിളുകാരന്റെ മുന്നേറ്റം. ഉയര്‍ന്നുവരുന്ന ഓരോ സ്മരണക്കും ചളിനിറഞ്ഞ ആഴമാണ് മറുപടി. തല പൊക്കാതെ, വിങ്ങാതെ അടങ്ങിക്കിടക്കുക ഓര്‍മകളേ...

സൈക്കിളിനു പിറകില്‍ ഒരു തക്കാളിപ്പെട്ടി. അതില്‍ ഒരു ഡസന്‍ മരത്തൈകള്‍. കറുത്ത സഞ്ചിയുടെ തടവറയില്‍നിന്ന് മണ്ണിലേക്കും അത് കുഴച്ചുവെച്ച ജലത്തണുപ്പിലേക്കും കാലുകളിറക്കി ആ ഒരു നന്ദി മുകളിലേക്ക് പച്ചയായ് ചിരിച്ചുകാട്ടുന്ന കൊച്ചുമരത്തൈകള്‍. ഇലകളുടെ ഉന്മാദം.

നഗരത്തിന്റെ ചിഹ്നങ്ങള്‍ കാണുമ്പോള്‍ വേവലാതിയോടെ അയാള്‍ സൈക്കിള്‍ സ്‌പീഡ് കുറക്കുന്നു. അറംപറ്റിയ മനുഷ്യനെപ്പോലെ അണക്കുന്നു. അടുത്തുവരുന്ന ചീത്തമണമുള്ള കാറ്റ്. അശ്ലീലംപോലുള്ള വാഹനങ്ങള്‍. തിരക്ക്. മാലിന്യംപുരണ്ട ശബ്ദങ്ങള്‍. സൈറണ്‍.

അയാള്‍ സൈക്കിളില്‍നിന്ന് ഇറങ്ങി. അതിനെ സ്റ്റാന്‍ഡില്‍വെച്ച് തക്കാളിപ്പെട്ടി അഴിച്ചെടുത്തു. നഗരത്തിന്റെ ധമനികളിലേക്ക് പലതായി, പെരുതായി പിരിയുന്ന പാത. അതിലേക്ക് തിരക്കുകൂട്ടിവരുന്ന വാഹനങ്ങളും ഒട്ടനവധി ജനങ്ങളും. അയാളുടെ തലയില്‍ തക്കാളിപ്പെട്ടി. ശിരസ്സിനുമുകളില്‍ കയറിയ സങ്കടങ്ങള്‍പോലെ. ഓരോ തൈകളെയും വേദനയുടെ പേരിട്ട് വിളിക്കാമെങ്കില്‍ അയാളെ നാം ആരെന്ന് വിളിക്കും?

പാതയോരം. തക്കാളിപ്പെട്ടി തറയില്‍വെച്ച് തൈകള്‍ ഓരോന്നായി പുറത്തെടുക്കുന്നു. പിന്നീട്, മണ്ണിനെ കുഴിച്ചുണര്‍ത്തി ''ഇവനെക്കൂടി...'' എന്ന് അപേക്ഷയോടെ പറഞ്ഞ് മണ്ണിട്ടുമൂടി. സൈക്കിളിന്റെ മുന്‍വശത്തായി ഞാത്തിയിട്ട കൂജയില്‍നിന്ന് വെള്ളം തളിച്ച് അയാള്‍ വാത്സല്യത്തോടെ.

ഇപ്പോള്‍ കറുത്ത റോഡിലൂടെ സൈക്കിളില്‍ അയാള്‍. ആ പാതക്കിരുവശവും ഹരിതാഭമായ കുഞ്ഞിലകള്‍ കാട്ടി ചിരിച്ചുനില്‍ക്കുന്ന, അയാള്‍ കൈകൊണ്ട് നട്ട മരത്തൈകള്‍.

സൈക്കിളില്‍ പോകുന്ന അയാളുടെ മുഖത്ത് ജീവിതമേ... എന്ന കരച്ചില്‍ തിരിച്ചുവരുന്നു. പേരില്ലാത്ത രണ്ട് ഉറവകള്‍പോലെ അയാളുടെ കവിളുകളില്‍ കണ്ണീര്‍ച്ചാലിറങ്ങുന്നു.

ആ സഞ്ചാരത്തിനിടയില്‍ ഓര്‍മകളിലേക്ക് അയാള്‍ താഴ്ന്നുപോകുന്നു. മുമ്പൊരിക്കല്‍-

സൈക്കിളില്‍ പത്രങ്ങളുമായി വരുന്നു അയാള്‍. തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ വേവലാതിക്കളി അയാളുടെ ശരീരത്തില്‍. മുകളില്‍ ചൂടേറ്റ് മുന്നേറുന്ന ഒരു പകല്‍. പിറകില്‍ അന്നയാള്‍ക്ക് ഓടിത്തീരേണ്ട ദൂരങ്ങള്‍.

കുറച്ചു വീടുകളില്‍കൂടി പത്രമിട്ടാല്‍ മതി, അയാളുടെ പ്രഭാതകര്‍മം അവസാനിക്കുകയായി. കുറച്ചുനേരം കഴിഞ്ഞ് അരിക്കടയിലെ കണക്കുപ്പിള്ളയായുള്ള ജീവിതം അയാള്‍ക്ക് തുടങ്ങാം.

പെട്ടെന്ന് റോഡിലേക്ക് ചാടിക്കേറിയ കുട്ടിയെകണ്ട് അയാള്‍ സൈക്കിള്‍ വെട്ടിച്ചു. കുട്ടിയോ, ആ പരിഭ്രാന്തിക്കിടയില്‍ കുതറി ഇടത്തോട്ട് ചാടി. എവിടെനിന്നാണ് ഒരു ലോറിയപ്പോള്‍ പാഞ്ഞുവന്ന് ചുവന്ന പൂക്കളുടെ ഒരു ചിത്രം അവിടെ വരച്ചുചേര്‍ത്തത്?

ഇരുട്ടുതിന്ന കണ്ണുകളിലേക്ക് കാഴ്ച തിരിച്ചുവന്നപ്പോള്‍ ആ കുട്ടിയുടെ മുഖം ആ മനുഷ്യന്‍ കാണുന്നു. അപ്പോള്‍ മാത്രം, എന്റെ മോനേ... എന്ന് അയാളെക്കാള്‍ ദൈന്യതയില്‍ ഈ ലോകത്ത് ആരു വിളിച്ചിട്ടുണ്ട്?

ഏക മകന്‍. അവനാണ് പോയത്. വാര്‍ത്തയറിഞ്ഞ് ഒരു വശം തളര്‍ന്നുവീണ ഭാര്യ. അയാള്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടേയിരുന്നു.

പിന്നീട്, ഓരോ പ്രഭാതത്തിലും പത്രങ്ങള്‍ക്കുപകരം ഒരു തക്കാളിപ്പെട്ടി നിറച്ചും വൃക്ഷത്തൈകളുമായി അയാളിറങ്ങി. നഗരത്തിലേക്ക് കാലുകള്‍ നീട്ടിച്ചവിട്ടി. ഓരോ തൈയും മണ്ണിലേക്ക് പൊത്തിവെക്കുമ്പോള്‍ വാത്സല്യത്തോടെ 'എന്റെ... മോനേ...' എന്നു വിളിച്ചുപോയി. പ്രഭാതം ഒരു കഥയെഴുതുകയാണെങ്കില്‍ അതിന്റെ അവസാനം ഇങ്ങനെയായിരിക്കും.

ചാറ്റല്‍ മഴ, തണുപ്പ് പാതയിലൂടെ നഗരത്തിലേക്ക് എത്തിനോക്കുന്ന ഒരു സൈക്കിള്‍ യാത്രക്കാരന്‍. അയാള്‍ സഞ്ചരിക്കുന്ന പാതക്കിരുവശവും പച്ചനിറത്താല്‍ ചിരികാട്ടുന്ന മരങ്ങള്‍. മരങ്ങള്‍ക്കിടയിലൂടെ അയാള്‍. ലോകത്തെ ഏറ്റവും ആത്മവിശ്വാസമുള്ള മനുഷ്യന്‍.

ആ സൈക്കിള്‍ യാത്രക്കിടയില്‍ അയാള്‍ ആകാശത്തോട് അയാള്‍ക്കറിയാത്ത ഒരു ഭാഷയില്‍ ചോദിക്കുന്നു:

''Is life a miracle?''

മരമാണ് മറുപടി!

കഥ ഇവിടെ നിന്ന്

0 comments:

 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates