Friday, May 10, 2013

0 ഏത് അസുഖത്തിനും ചെടിയമ്മയുടെ ഔഷധത്തോട്ടത്തില്‍ മരുന്ന് റെഡി


അന്നമ്മ ദേവസ്യയ്ക്ക് പ്രായം 80 കഴിഞ്ഞു. പ്രായാധിക്യത്തിലും നാട്ടുവൈദ്യത്തെ രക്തബന്ധം പോലെ കൂടെകൊണ്ടു നടക്കുകയാണ് കോഴിക്കോട് ജില്ലയിലെ മുക്കത്ത് താമസിക്കുന്ന അന്നമ്മ. വീട്ടുവളപ്പില്‍ വലിയൊരു ഔഷധത്തോട്ടം ഒരുക്കിയിട്ടുള്ള അന്നമ്മ നാട്ടുകാര്‍ക്കെല്ലാം ചെടിയമ്മയാണ്.
പ്രായാധിക്യം ചെടിയമ്മയുടെ ഓര്‍മ്മയെ തെല്ലും ബാധിച്ചിട്ടില്ല. അഞ്ഞൂറിലധികം മരുന്നുചെടികളുടെ പേരും അവ ഓരോന്നും ഏത് രോഗങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടതെന്നും ചെടിയമ്മ പറഞ്ഞു തരും. അവ ഓരോന്നും നട്ടുവളര്‍ത്തേണ്ട രീതിയും ചെടിയമ്മ വളരെ വ്യക്തമായി പറയും. വീട്ടുവളപ്പില്‍ ഒരുപാട് മരുന്ന് ചെടികള്‍ നട്ടുവളര്‍ത്തിയിട്ടുള്ള ചെടിയമ്മ സോറിയാസിസ്, ഉണങ്ങാത്ത വ്രണം, മന്ത്, വെള്ളപ്പാണ്ട് തുടങ്ങിയ മാറാ വ്യാധികള്‍ സുഖപ്പെടുത്തിയിട്ടുണ്ട്. ചെടിയമ്മയെ തേടി എത്തുന്നവര്‍ ഭൂരിഭാഗം പേരും ആശുപത്രികള്‍ കൈയൊഴിഞ്ഞവരാണ്.
ചെടിയമ്മയുടെ വല്ല്യപ്പന്‍ ഇല്ലിക്കല്‍ ഇസഹാക്കാണ് ഒറ്റമൂലി ചികിത്സയുടെ ഗുരു. ആ നാട്ടിലെ പേരുകേട്ട നാട്ടുവൈദ്യനാണ് അദ്ദേഹം. രോഗം ഭേദമാക്കുവാനുള്ള മരുന്നുചെടികളെല്ലാം അദ്ദേഹം വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയിരുന്നു. അങ്ങനെയാണ് ഓരോ ഔഷധചെടികളുടെയും പേരും അവയുടെ ഉപയോഗവും ചെടിയമ്മ പഠിച്ചത്.
ഔഷധത്തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത ചെടികളുമായി ക്ലാസ്സുകളിലും സെമിനാറുകളിലും പങ്കെടുക്കാറുണ്ട്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ചെടിയമ്മയില്‍ നിന്നും നാട്ടുചികിത്സയുടെയും ഒറ്റമൂലിയുടെയും ഗുണങ്ങള്‍ അറിയാനായി ആദിവാസി വൈദ്യന്മാര്‍ മുതല്‍ ആയുര്‍വേദ, മെഡിക്കല്‍ ഓഫീസര്‍മാരും, വിദ്യാര്‍ത്ഥികളും വരെ എത്താറുണ്ട്.
ഗൃഹവൈദ്യത്തില്‍ നിപുണയായ ചെടിയമ്മ മുക്കം ഹൈലൈഫ് ആയുര്‍വേദ ആശുപത്രിയില്‍ റിസോര്‍സ് പേഴ്‌സണായി പ്രവര്‍ത്തിക്കുകയാണ്. ആശുപത്രിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഔഷധത്തോട്ടത്തിന്റെ മേലധികാരി കൂടിയാണ് ചെടിയമ്മ.
താന്‍ പ്രയോഗിക്കുന്ന ചികിത്സാരീതികള്‍ വരുംതലമുറ തുടരുമെന്ന പ്രതീക്ഷ ചെടിയമ്മയ്ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് മാറാവ്യാധികള്‍ക്ക് പ്രതിവിധിയായി നിര്‍ദേശിക്കുന്ന ഔഷധക്കൂട്ടുകള്‍ രഹസ്യമായി വെയ്ക്കാതെ വരുന്നവര്‍ക്കെല്ലാം പകര്‍ന്നു കൊടുക്കുന്നത്.

ഈ  വാർത്തയ്ക്ക് പകർപ്പവകാശം ഉള്ളതാണ്. ഇത് പകർത്തിയത് ഇവിടെ നിന്നാണ്.

0 മുത്തശ്ശിയുടെ ഹരിതവനം


കായംകുളത്തെ കണ്ടല്ലൂര്‍ പഞ്ചായത്തിലുള്ള ദേവകിയമ്മയുടെ വീട് വനത്തിനുള്ളിലാണ്. അപൂര്‍വമരങ്ങളും ഔഷധസസ്യങ്ങളുമൊക്കെ ഇടതിങ്ങിവളരുന്ന ഈ ഹരിതവനം ഉണ്ടാക്കിയതും ദേവകിയമ്മതന്നെ.

നെല്ലും തെങ്ങും മറ്റുവിളകളുമൊക്കെ നന്നായി കൃഷിചെയ്തിരുന്ന കുടുംബമായിരുന്നു ഇവരുടേത്. ഭര്‍ത്താവ് മരിച്ചതോടെ കൃഷിയുടെ മേല്‍നോട്ടം ദേവകിയമ്മയ്ക്കായി. എന്നാല്‍ ഇത് തുടരാനാവാത്ത സ്ഥിതിവന്നു. 1980-ലുണ്ടായ അപകടം ദേവകിയമ്മയ്ക്ക് ശാരീരികമായ ചില അവശതകളുണ്ടാക്കി, ഇതിനുപുറമെ കൃഷിക്ക് തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയും. പക്ഷേ, പറമ്പ് വെറുതേയിടാന്‍ ദേവകിയമ്മയ്ക്ക് മനസ്സുവന്നില്ല. നാട്ടില്‍നിന്ന് പച്ചപ്പൊക്കെ അപ്രത്യക്ഷമാകുന്ന കാലത്ത് വീട്ടുവളപ്പ് ഹരിതാഭമാക്കണമെന്ന് അവര്‍ തീരുമാനിച്ചു. 75 വയസ്സുകാരിയായ അമ്മയുടെ ആശയത്തെ മക്കളൊന്നും എതിര്‍ത്തില്ലെന്നു മാത്രമല്ല വേണ്ട പിന്തുണയും നല്‍കി.

നാലര ഏക്കര്‍ വിസ്തൃതിയുള്ള വീട്ടുവളപ്പില്‍ അറുന്നൂറോളം ഇനം മരങ്ങളും കുറ്റിച്ചെടികളും സസ്യലതാദികളുമാണിന്ന് വളരുന്നത്. മക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഈ അമ്മയുടെ ആവേശം കണ്ട് അവര്‍ക്ക് ഓരോ പുതിയ ഇനം ചെടികളും മരത്തൈകളുമൊക്കെ സമ്മാനിക്കുന്നു.

മൂന്നു പതിറ്റാണ്ടത്തെ ശ്രമഫലമായാണ് ഈ വീട്ടുവളപ്പ് മനുഷ്യനിര്‍മിതവനമായത്. വൃക്ഷങ്ങളുടെ ഇലകള്‍വീണ് പല അട്ടികളായി വനത്തിലേതുപോലെ കിടക്കുന്നു. ഗരുഡ ശലഭം, കൃഷ്ണ ശലഭം തുടങ്ങി പല ശലഭങ്ങളും ഷഡ്പദങ്ങളും മരംകൊത്തി, കാക്കത്തമ്പുരാട്ടി, വണ്ണാത്തിക്കിളി തുടങ്ങി പലയിനം കിളികളും അണ്ണാനും ചേരയും കീരിയുമൊക്കെ ഈ വനം തങ്ങളുടെ വീടാക്കിക്കഴിഞ്ഞു.

ഇവിടത്തെ വൃക്ഷങ്ങളില്‍ വേങ്ങ, നീര്‍മരുത്, പനച്ചി, കള്ളിപ്പാല, കുറുംപാല, നീര്‍മാതളം, അമ്പഴം, സോസേജ്മരം, ദേവദാരു, ശിംശപ, പന്തപ്പയിന്‍, വെള്ളപ്പയിന്‍, രുദ്രാക്ഷം, വല്ലഭം തുടങ്ങിയവ ഉള്‍പ്പെടുന്നു. സന്ന്യാസിമാര്‍ക്ക് കമണ്ഡലു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന യാചകീമരം ഇവിടത്തെ പ്രത്യേകകാഴ്ചയാണ്. രക്തചന്ദനം, ഊദ് മരം, അറബി ലസൂറ, കൃഷ്ണനാല്‍, ഇലഞ്ഞി, ഇടംപിരിവലംപിരി, കുളമാവ്, കോകം, കാര എന്നിങ്ങനെ മരങ്ങള്‍ ഒട്ടേറെ ഇനിയുമുണ്ട്. അഞ്ചു മക്കളില്‍ മൂത്തമകളായ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ മുന്‍ പ്രൊഫസര്‍ തങ്കമണിയാണ് ഈ അമ്മയുടെ സംരംഭത്തിന് കരുത്തേകുന്നത്.

മക്കള്‍ തന്നെയാണ് ഒട്ടേറെ സസ്യങ്ങള്‍ ശേഖരിച്ച് ഇവിടെ നട്ടുപിടിപ്പിച്ചത്, ഇപ്പോള്‍ ചെറുമക്കള്‍ പോലും ഈ സംരംഭത്തില്‍ പങ്കാളികളാകുന്നു. ചെടികളും മരങ്ങളും കാണാനും പഠിക്കാനും ധാരാളം പേര്‍ വരുന്നുമുണ്ട്. ''ആദ്യകാലത്തൊന്നും ഇതിന്റെ പ്രാധാന്യം ഞാനറിഞ്ഞിരുന്നില്ല. ആഗോളതാപനയുഗത്തില്‍ ഇത്തരം പച്ചത്തുരുത്തുകള്‍ വിലമതിക്കാനാവാത്തവയാണെന്ന് ഇന്നെനിക്ക് ബോധ്യമുണ്ട്'' - ദേവകിയമ്മ പറഞ്ഞു.

വീട്ടുവളപ്പിലെ സസ്യങ്ങളില്‍ അപൂര്‍വ ഔഷധികള്‍ ഏറെയുണ്ട്. സോറിയാസിസ്സിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന ദന്തപ്പാല, പ്രമേഹൗഷധിയായ പൊന്‍കരണ്ടി, പേപ്പട്ടിവിഷത്തിന് പ്രതിവിഷമായ അങ്കോലം, ആസ്ത്മാ ഔഷധമായ മണത്തക്കാളി, രക്തസമ്മര്‍ദം കുറയ്ക്കുന്ന അമല്‍പൊരി, ചെറുകറുക, ത്രിഫല, ദശപുഷ്പങ്ങള്‍, ദശമൂലങ്ങള്‍, ചമത, പച്ചോറ്റി, കല്പലം, പൂപ്പാതിരി, നാലിനം തുളസി, ആറിനം മന്ദാരം, കണ്ണാന്തളി എന്നിങ്ങനെ...ഹരിതവനത്തിന് കുളിരേകാന്‍ രണ്ടു കുളങ്ങളുമുണ്ട്. അഞ്ചിനം ആമ്പലുകളുള്‍പ്പെടെ പല ജലസസ്യങ്ങളും പായലുകളും ഈ കുളങ്ങളില്‍ വളരുന്നു.

പാരിസ്ഥിതിക സേവനത്തിനുള്ള അംഗീകാരമായി ദേവകിയമ്മയ്ക്ക് വനമിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുരസ്‌കാരങ്ങളേക്കാള്‍ ഈ അമ്മയെ സന്തോഷവതിയാക്കുന്നത് ചെറുമക്കള്‍ ഉള്‍പ്പെടെയുള്ള പുതുതലമുറയില്‍ പ്രകൃതിസ്‌നേഹം വളര്‍ത്താന്‍ തന്റെ ഉദ്യമം സഹായിക്കുന്നുവെന്നതാണ്.

ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍

ഈ  വാർത്തയ്ക്ക് പകർപ്പവകാശം ഉള്ളതാണ്. ഇത് പകർത്തിയത് ഇവിടെ നിന്നാണ്.
 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates