Wednesday, November 30, 2011

0 മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!!

വന ദേവതകളെ പ്രീതിപ്പെടുത്തി യന്ജം നടത്തുന്നതിനു മുന്നോടിയായി മരം മുറിച്ചു മാറ്റുന്ന ഒരു ചടങ്ങിനെക്കുറിച്ച് അടുത്തയിടെ പത്രങ്ങളില്‍ വായിക്കുകയുണ്ടായി.

മാനവ രാശിയുടെ നിലനില്‍പ്പ്‌ തന്നെ മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ആചാരാനുഷ്ടാനങ്ങളോടെ മരം മുറിച്ചു മാറ്റുന്ന പ്രവണത നമ്മെ എവിടെക്കൊണ്ടെത്തിക്കും എന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു.

മരങ്ങളെ, പ്രകൃതിയെ സ്നേഹിക്കേണ്ട നാം അവയെ ചടങ്ങുകളോടെ, പ്രചാരനതോതോടെ, നശിപ്പിക്കുകയോ?

അന്ധ വിശ്വാസത്തിന്റെ ഊരാക്കുടുക്കില്‍ നാം അകപ്പെട്ടിരിക്കയോ? സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമുക്ക് ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും ഇനിയും മോചനമില്ലേ?

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്പ് മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച് വന്‍ നേട്ടങ്ങള്‍ കൈവരിച്ച വിദേശ രാഷ്ട്രങ്ങള്‍ തുടങ്ങിവെച്ച അത്തരം സംരംഭങ്ങളിലേക്ക് നാം അടുത്തിടെ കാലെടുത്തു വെച്ചതല്ലേ ഉള്ളു. ഒരു പക്ഷെ നമ്മുടെയും നമ്മുടെ നേതാക്കന്മാരുടെയും മറ്റും അന്ധവിശ്വാസത്തിന്റെ ഫലമല്ലേ ഇത്തരം മേഖലകളില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന പരാജയത്തിനു കാരണം. അപ്പ്രധാനങ്ങളായ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി അവയ്ക്ക് പിന്നാലെ ഓടി അവയെ വാരിപ്പുണരാനുള്ള വെമ്പലില്‍ നമ്മുടെ സമയവും ശക്തിയും നഷ്ടപ്പെടുന്നതു കൂടാതെ പല നേട്ടങ്ങളും നമുക്ക് അന്യം നിന്ന് പോകുന്നു. സഹസ്രാബ്ദത്ത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ എത്തി നില്‍ക്കുന്ന ലോക രാഷ്ട്രങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് ആ പഴയ ശിലാ യുഗത്തിലേക്ക്, അല്ലെങ്കില്‍ ആ കാളവണ്ടി യുഗത്തിലേക്ക് ഒളിച്ചോടാനുള്ള ഒരു തരം വെഗ്രതയല്ലേ ഇത്തരം സംരംഭങ്ങള്‍? വിളിച്ചറിയിക്കുന്നത്?
ചില മഹത് വ്യക് തികള്‍ മരങ്ങളോടുള്ള ബന്ധത്തില്‍ പറഞ്ഞ ചില പ്രസ്താവനകള്‍ ഇത്തരുണത്തില്‍ പ്രസ്തവ്യമാത്രേ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ റൂസ് വെല്‍റ്റ് ഇപ്രകാരം പറഞ്ഞു: "മക്കളില്ലാത്ത മനുഷ്യ ജീവിതം എത്രമാത്രം നിരര്ഥകമാണോ അത്ര തന്നെ നിരാശാജനകമാണ് വൃക്ഷ സമൃദ്ധമല്ലാത്ത രാഷ്ട്രത്തിന്റെ ഭാവിയും.

മരങ്ങള്‍ നട്ടു വളര്‍ത്തുന്നത് ഏതൊരു രാഷ്ട്രത്തിന്റെയും സമൃദ്ധി യുടെ ലക്ഷണമാണെന്ന് , ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറയുകയുണ്ടായി.
ഗൌതമ ബുദ്ധന്‍ ഇപ്രകാരം പറഞ്ഞു, "അളവറ്റ പരോപകാരത്തിന്റെ പ്രതിച്ച്ചയയാണ്‌ മരങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനായി അവ ആരില്‍ നിന്നും ഒന്നും തന്നെ അവകാശപ്പെടുന്നില്ല, പകരം ജീവിത കാലമത്രയും അത് മനുഷ രാശിക്ക് ഉപയോഗപ്രദമായ പദാര്‍ഥങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. അത് മാത്രമോ, തന്നെ മുറിച്ചു മാറ്റാന്‍ വരുന്ന മരം വെട്ടു കാരനും താന്‍ നിലം പരിചാകുന്നതുവരെ തണല്‍ നല്‍കി സമാശ്വസിപ്പിക്കുന്നു.

കബീര്‍ രേഖപ്പെടുതിതിയത് ഇപ്രകാരമാണ്, "സ്വന്ത ശരീരവും മനസ്സും തനിക്കുള്ളതൊക്കെയും മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുന്ന മരങ്ങളാണ് യെധാര്ഥ ത്യാഗികള്‍, അവരത്രെ ഏറ്റവും വലിയ പരോപകാരികളും. ഈ പരിത്യാഗികളെ ശുശ്രൂഷിക്കുന്നവര്‍ ദൈവാനുഗ്രഹത്ത്തിനു തികച്ചും അര്‍ഹരാണ് .

മത ഗ്രന്ഥങ്ങളില്‍ മരങ്ങളോടുള്ള ബന്ധത്തില്‍ അര്‍പ്പിക്കുന്ന മരം അവസാനം തന്നെത്തന്നെ മാനവ നന്മക്കായി സമര്‍പ്പിക്കുന്നു. എത്ര ധന്യമാണീ വൃക്ഷങ്ങളുടെ ജീവിതം.

"വഴിവക്കില്‍ മരം നടുന്നവര്‍ അതില്‍ പൂക്കളും ഇലകളും കായ് കളും ഉള്ളിടത്തോളം കാലം സ്വര്‍ഗത്തില്‍ അനുഗ്രഹം ഉണ്ടാകും" എന്നു പത്മ പുരാണത്തില്‍ പറയുന്നു.

ബൈബിളിലെ ഉല്‍പ്പത്തി വിവരണത്തില്‍ ഇപ്രകാരം പറയുന്നു, "യെഹോവയായ ദൈവം ഭൂമിയും, ആകാശവും സൃഷ്ടിച്ച് നാളില്‍ വയലിലെ ചെടി ഒന്നും അതുവരെ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയിച്ചിരുന്നുമില്ല. നിലത്തു വേല ചെയ്യുവാന്‍ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയില്‍ മഞ്ഞു പൊങ്ങി നിലം ഒക്കെയും നനച്ച് വന്നു. യെഹോവയായ ദൈവം നിലത്തെ പൊടി കൊണ്ട് മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവ ശ്വാസം ഊതി മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു. അനന്തരം യെഹോവയായ ദൈവം മനുഷ്യനെ അവിടെ ആക്കി കാണാന്‍ ഭംഗിയുള്ളതും, തിന്മാന്‍ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും, തോട്ടത്തിന്റെ നടുവില്‍ ജീവ വൃക്ഷവും നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യെഹോവയായ ദൈവം നിലത്തു നിന്നു മുളപ്പിച്ചു" മനുഷ്യന്റെ നിലനില്‍പ്പിനു വൃക്ഷങ്ങളുടെ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ആവശ്യകത എത്ര വലുതെന്നല്ലേ സൃഷ്ടിയിലെ ഈ ക്രിയ നമ്മെ ബോധ്യപ്പെടുത്തുന്നത്‌ .

ഒരു സാധാരണ വൃക്ഷം ഏകദേശം 14,000 ലിറ്റര്‍ കാര്‍ബണ്‍ ഡയോക്സ്യടെ വാതകം വലിച്ചെടുക്കുകയും പകരമായി രണ്ടിരട്ടി ഒക്സിജെന്‍ വാതം പുറത്തേക്ക് വിടുകയും ചെയ്യുന്നു. പരിസര മലിനീകരണം തടയുന്നതില്‍ ഒരു വലിയ പങ്കു തന്നെ മരങ്ങള്‍ വഹിക്കുന്നു. ഇത്തരം നിസ്വാര്‍ത്ഥ സേവനം ചെയുന്ന മരങ്ങളെ നശിപ്പിക്കുന്നതില്‍ നാം രസം കണ്ടെത്തിയാല്‍ അത് നമ്മുടെ തന്നെ നിലനില്‍പ്പിനെ ബാധിക്കും എന്നതിനു രണ്ടു പക്ഷമില്ല.

"ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍
വളരുംപോഴതെകുന്നു വരുവോര്‍ക്കൊക്കെയും തണല്‍"

എന്ന കവി വചനം ഇത്തരുണത്തില്‍ പ്രസ്താവ്യമത്രേ.

നിശബ്ധവും നിസ്വാര്തവുമായ സേവനം ചെയ്യുന്ന മരങ്ങള്‍ മനുഷ്യരെ സ്നേഹിക്കുന്നുയെന്നതിനു ധാരാളം തെളിവുകള്‍ ലഭ്യമാണ്. ഒരു അനുഭവ കഥ പറയെട്ടെ:

"ചില വര്‍ഷങ്ങള്‍ക്കു മുന്പ് എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവങ്ങളാണിത്.

ബീഹാറിലെ ഭാഗത്ത്പുര്‍ ജില്ലയിലെ ഒരു വില്ലേജില്‍ താമസിച്ചിരുന്ന (ഇപ്പോള്‍ രാജസ്ഥാനിലെ പിലാനിയില്‍ താമസിക്കുന്നു) സുഹൃത്തിന്റെ പുരയിടത്തില്‍ അയാളുടെ അച്ഛനും, വല്ല്യച്ചെനും,

അമ്മാവനും യഥാക്രമം മാവ് , പേര, ആത്ത എന്നീ മരങ്ങളുടെ ഓരോ തൈ നട്ടു. മറ്റു പല മരങ്ങളും ചെടികളും ആ പുരയിടത്തില്‍ വളരുന്നുണ്ടായിരുന്നു. ഇവക്കെല്ലാം വേണ്ട ശുശ്രൂഷകള്‍ യഥാസമയം ചെയ്തുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ സുഹൃത്തിന്റെ വല്ല്യച്ചെന്‍ ബിസ്സ്നെസ്സ് സംബന്ധമായി വാരണാസിക്ക് പോവുകയും അവിടെ വെച്ച് മരണമടയുകയും. അദ്ദേഹം മരിച്ച ആഴ്ചയില്‍ തന്നെ ബീഹാറില്‍ താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ട പേര മരം ഉണങ്ങി. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ചില വര്‍ഷങ്ങള്‍ക്കു ശേഷം സുഹൃത്തിന്റെ പിതാവ് വാരണാസിക്ക് പോയി, താന്‍ ബീഹാര്‍ വിട്ട ആ ദിവസം മുതല്‍ അദ്ദേഹം നട്ട മാവ് ഉണങ്ങുവാന്‍ തുടങ്ങി.

മരങ്ങളുടെ ഈ മരണങ്ങള്‍ അവയെ ശുശ്രൂഷിച്ചു വളര്‍ത്തിയവരോടുള്ള സ്നേഹ പ്രകടനമല്ലേ?

ചുരുക്കത്തില്‍ മനുഷ്യ രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം മുറിക്കുന്ന, മുറിപ്പിക്കുന്ന മാന്യന്മാര്‍ കുറിക്കൊണ്ടാല്‍ നന്ന് . മരം മുറിക്കല്‍ മൂലം നാം നമ്മുടെ തന്നെ നിലനില്‍പ്പിനു ചുവട്ടില്‍ കോടാലി വെക്കുകയാണ് എന്ന സത്യം വിസ്മരിക്കാതെ മരം മുറിക്കുന്നവര്‍ മരം നട്ടു പിടിപ്പിക്കുന്നതിനും മുന്‍ കൈ എടുക്കേണ്ടതുണ്ട് .

വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നമ്മുടെ വനം വകുപ്പ് വിതരണം ചെയ്യുന്ന വൃക്ഷതൈകള്‍ അവിടവിടെ നട്ടു പിടിപ്പിക്കുന്നതിനു ചിലര്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ വിസ്മരിച്ചു കൊണ്ടല്ല ഇത്രയുമെഴുതിയത് . നമുക്ക് മരങ്ങള്‍ നട്ടു പിടിപ്പിക്കാം, നമ്മുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കാം.

ലേഖനം ഇവിടെ നിന്ന്

0 കാടു നട്ടുവളർത്തിയ ഒരു മനുഷ്യന്‍

ഉമേഷ് പീലിക്കോട് & സുമേഷ് ഉദിനൂര്‍

ഒരു കാടുണ്ടായിരുന്നു
എന്നിട്ട്?
ഒരു നാടുണ്ടായിരുന്നു
എന്നിട്ട്?
തോടും കുളവും ഉണ്ടായിരുന്നു
എന്നിട്ട്?
കാടും കുളവും പുഴയും തോടുമുണ്ടായിരുന്നു
അത്ര തന്നെ

-സെബാസ്റ്റിൻ

ഉണ്ടായിരുന്നവയൊക്കെ കഥകൾ മാത്രമായി അവശേഷിക്കുമ്പോൾ ഇല്ലായ്മയിൽ നിന്ന് ഉണ്മയെ തീർക്കുകയാണ് ഇവിടെയൊരാൾ…

പേര് അബ്ദുൾ കരീം, നാട് കാസർഗോഡ് ജില്ലയിലെ പുലിയം കുളം. കാട് നാടാവുന്നതിന്റേയും കുന്ന് റോഡാകുന്നതിന്റേയും വാർത്തകൾ കേൾക്കുന്ന ഈ കാലത്ത് സ്വന്തമായി ഒരു കാട് ഉണ്ടാക്കിയതിലൂടെയാണ് കരീം ശ്രദ്ധേയനാകുന്നത്.

32 ഏക്കറോളം സ്ഥലത്ത് പരന്ന് കിടക്കുന്ന ഒരു വലിയ കാട് അവിടത്തെ പൂമ്പാറ്റകളും കിളികളും മൃഗങ്ങളും വാതോരാതെ സംസാരിക്കുന്നത്, ഈ കാട് ഉണ്ടാക്കി തങ്ങൾക്ക് വാസസ്ഥാനം ഉറപ്പിച്ച് നൽകിയ അബ്ദുൽ കരീം എന്ന ഹൃദയത്തിൽ നന്മയുള്ള ഈ മനുഷ്യനെക്കുറിച്ചാണ്.

വെറുതെ മരങ്ങൾ നട്ടുവളർത്തിയ ഒരു ഭ്രാന്തൻ നാട്ടുകാരനെ അമേരിക്കയിലെ ട്രിനിറ്റി കോളേജുൾപ്പടെയുള്ള ലോകം തിരിച്ചറിയാൻ തുടങ്ങിയത് പുതിയ കഥ. അതിന് മുമ്പ് കാസർഗോഡ് ഗവ:കോളേജിലെ പഠിത്തവും കഴിഞ്ഞ് മുംബൈയിലേയ്ക്ക് ജോലി അന്വേഷിച്ച് പോയ, ഒരുപാട് സ്വപ്നങ്ങളുള്ള ചെറുപ്പക്കാരനെ ആരുമറിഞ്ഞിരുന്നില്ല.ഷിപ്പിങ് കമ്പനിയിൽ ഒരു ജോലി ഒപ്പം വഖഫ് ബോർഡിലെ ടൈപ്പിസ്റ്റ് പണിയും. അന്ന് ഗൾഫ് സ്വപ്നക്കാരുടെ കാലമായിരുന്നു. ഗൾഫ് യാത്രയ്ക്കായി തുടങ്ങിയ മർഹബ ട്രാവെത്സ് നല്ല രീതിയിൽ മുന്നോട്ട് പോയി. ദുബായിലും സൌദിയിലുമെല്ലാം പറന്ന് നടന്ന് ജീവിതം മടുത്ത് തുടങ്ങിയപ്പോൾ നാട്ടിലേയ്ക്ക് വണ്ടി കയറി.

മനസ്സ് നിറയെ ഗൃഹാതുരത്വം പടർന്ന് കയറിയപ്പോൾ ജനിച്ച നാടിനെ സ്നേഹിക്കാനും പിറന്നുവീണ മണ്ണിന്റെ ഗന്ധം ഒരാവർത്തി കൂടി ശ്വസിക്കാനും തോന്നിയപ്പോൾ, 1977 ഇൽ നീലേശ്വരത്തിനടുത്തെ പുലിയം കുളത്ത് 3750 രൂപയ്ക്ക് അഞ്ചേക്കറോളം തരിശുഭൂമി വിലയ്ക്ക് വാങ്ങി. എന്നിട്ട് അവിടെ നട്ട തന്റെ ആദ്യത്തെ വിത്തുകൾക്ക് മുകളിൽ കത്തി നിൽക്കുന്ന സൂര്യനും താഴെ ചുട്ടുപൊള്ളുന്ന കരിമ്പാറകൾക്കുമിടയിൽ കരീം എന്ന മനുഷ്യൻ കാത്തിരുന്നു. താൻ നട്ട വിത്തുകൾ മരമാകുന്നതും കാത്ത്.

ജീവിക്കാൻ വേണ്ടി താൻ നടത്തിയ ഗൾഫ് യാത്രകളും തന്റെ നാടുമാണ് മരങ്ങളേയും പ്രകൃതിയേയും സ്നേഹിക്കാൻ പ്രചോദനമായതെന്ന് കരീം പറയുന്നു.

അബുദാബിയിലെ മരുഭൂമിയിൽ ചെടികൾ നട്ടുപിടിപ്പിച്ച ഷെയ്ഖ് സൈദ് ആണ് മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിൽ കരീമിന് പ്രചോദനം നൽകിയത്.

പ്രതിബന്ധങ്ങളെ തട്ടിയെറിഞ്ഞ് യാത്രകൾ തുടർന്ന കരീമിന്റെ പുലിയം കുളത്ത് ഇന്ന് 32 ഏക്കറോളം നിബിഢമായ വനഭൂമിയാണ്. ഏത് വേനലിലും പച്ചപ്പ് മാത്രം. ആറോളം ജലശേഖരങ്ങൾ ഉണ്ട് ഈ കാട്ടിൽ. ഒരു തുള്ളി പോലും ഊറ്റിയെടുക്കാനില്ലാതിരുന്ന തിളച്ച് പൊള്ളുന്ന പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് ഈ ശുദ്ധജലം ഉണ്ടായത്. ഒന്നരലക്ഷത്തിലധികം ലിറ്റർ വെള്ളം പമ്പ് ചെയ്ത് എടുക്കുന്നുണ്ട് ഇപ്പോൾ, ഒരു നാടിന് വേണ്ടുന്ന മുഴുവൻ വെള്ളവും ഇപ്പോൾ ഇവിടെ നിന്നാണ് എടുക്കുന്നത്.

‘സേവ് ട്രീ ജനറേറ്റ് ലൈഫ്’ എന്നതാണ് കരീമിന്റെ മുദ്രാവാക്യം. കരീമിന്റെ കാട് ഇന്നൊരു സ്വാഭാവികവനത്തിന്റെ ഘടന കൈവരിച്ചിരിക്കുന്നു. 8 വർഷങ്ങളായി കുപ്പിയിൽ നിറച്ച് വച്ചിരിക്കുന്ന ഇവിടത്തെ വെള്ളത്തിന് യാതൊരു മാറ്റവുമില്ല.

1986 ലാണ് ഈ കാട്ടിനകത്ത് കരീമും കുടുംബവും വീട് വച്ച് താമസം തുടങ്ങിയത്. ഇരുള്, മരുത്, അത്തി, ചന്ദനം, മഹാഗണി തുടങ്ങിയ 280 ഇൽ അധികം വൃക്ഷങ്ങൾ, 400 ലധികം ഔഷധസസ്യങ്ങൾ നിറഞ്ഞ നാട്ടിൽ ജീവിക്കുമ്പോൾ കരീം അഭിമാനത്തോടെ പറയുന്നു: രോഗങ്ങളില്ലാത്ത കുടുംബമാണ് തന്റെ കാട്ടുകുടുംബം എന്ന്!

ഒരു പുരസ്ക്കാരത്തിനും അങ്ങോട്ട് തലനീട്ടാതെ, തേടി വരുന്ന നിരവധി പുരസ്ക്കാരങ്ങളിൽ അഹങ്കരിക്കാതെ കരീം ഉറക്കെ പറയുന്നു.കവിതയ്ക്കും പ്രസംഗത്തിനും മരം നടാനോ വളർത്താനോ ആവില്ല, പകരം മരത്തിന്റെ വിത്തുകളാണ് വിതയ്ക്കേണ്ടത്.

1986 ജൂൺ 5ന് മുംബൈയിൽ വച്ച് ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് അമിതാഭ് ബച്ചനിൽ നിന്നാണ് കരീം ഏറ്റ് വാങ്ങിയത്. കൊച്ചി എൺ വയൺ മെന്റ് മോണിറ്ററിങ് ഫോറത്തിന്റെ പി വി തമ്പി മെമ്മോറിയൽ എൻഡോവ്മെന്റും ലഭിച്ചു. യുണൈറ്റഡ് നേഷൻസിന്റെ യൂണിഫ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1998 ലെ കേരള ഫോറസ്റ്റ് റിസേർച്ച് അവാർഡ്, 2003 ഇൽ ഭാരത് പെട്രോളിയത്തിന്റെ ഇന്ത്യ ഇൻസ്പയർ അവാർഡുകളും ലഭിച്ചു. ലിംക ബുക്ക് ഓഫ് റെക്കോഡിന്റെ മാൻ ഓഫ് തെ ഇയർ പുരസ്ക്കാരം 2008ഇൽ..അങ്ങിനെ നിരവധി നിരവധി പുരസ്ക്കാരങ്ങൾ.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കരീമിന്റെ കാട്ടിലേയ്ക്ക് സന്ദർശകർ എത്തുന്നു. ഓസ്ട്രേലിയ, പാകിസ്ഥാൻ, അമേരിക്ക, ലണ്ടൻ എന്നിങ്ങനെ നിരവധി ഇടങ്ങളിൽ നിന്ന്. ‘ എ വണ്ടർഫുൾ എക്സാമ്പിൾ ഓഫ് ദ പവർ വിത്ത് നേച്ചർ’ എന്നാണ് പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ കരീമിന്റെ കാടിനെക്കുറിച്ച് സന്ദർശകപുസ്തകത്തിൽ എഴുതിയത്.

എന്തൊക്കെ ആയാലും, തന്റെ കാലശേഷം ഈ കാട് ഇതുപോലെ നിലനിൽക്കുമോ എന്ന കാര്യത്തിൽ കരീമിന് ആശങ്കയുണ്ട്. കാര്യമായ വരുമാനം ഉണ്ടായില്ല എങ്കിൽ പിൻ ഗാമികൾ കാട് വിട്ട് പോകാനുള്ള സാധ്യത കരീം കാണുന്നു. എന്നു കരുതി പ്രകൃതിസ്നേഹികൾ എന്ന് നടിച്ച് പാട്ടുപാടി നടക്കുന്നവർക്കോ ഇക്കോ ടൂറിസത്തിനോ വിട്ടുകൊടുക്കാൻ കരീം തയ്യാറല്ല. കാട് ഇതുപോലെ തന്നെ നിലനിർത്താൻ തയ്യാറുള്ള ആരെങ്കിലും വരുകയോ അല്ലെങ്കിൽ സർക്കാരിൽ നിന്ന് ഏതെങ്കിലും രീതിയിലുള്ള സഹായങ്ങൾ കിട്ടുകയോ ചെയ്താൽ മാത്രമേ തന്റെ കാലശേഷം കാട് നിലനിൽക്കുകയുള്ളൂ എന്ന് കരീം വേദനയോടെ പറയുന്നു.

ലേഖനം ഇവിടെ നിന്ന്

Tuesday, November 29, 2011

0 കാടുവച്ച മാധവന്‍ നായര്‍

കാടുവച്ച മാധവന്‍ നായര്‍
വി.കെ. ശ്രീരാമന്‍

ഒറ്റപ്പാലം താലൂക്ക് തിരുമിറ്റക്കോട് പഞ്ചായത്ത് മതുപ്പുള്ളി അംശം ദേശത്ത് സ്വസ്ഥം ഗൃഹഭരണം കൃഷി. തെക്കത്ത് കുട്ടത്ത് മാധവന്‍ നായര്‍ക്ക് വയസ്സ് അറുപത്തിയഞ്ച് കഴിഞ്ഞു. ഭാര്യ സരസ്വതിയമ്മയും മക്കള്‍ സൂര്യനാരായണന്‍ ബീക്കോം എന്ന കുട്ടപ്പയും ഇളയവന്‍ രാമചന്ദ്രനും വീട്ടിലുണ്ട്. പെണ്‍മക്കളായ ഗീതാലക്ഷ്മിയെയും പ്രീതയെയും വിവാഹംചെയ്തുകൊടുത്തു. അവര്‍ ഭര്‍ത്തൃഗൃഹങ്ങളില്‍ സസുഖം കഴിഞ്ഞുവരുന്നു.

അറുപത്താറ് വയസ്സിനിടയ്ക്ക് പണ്ടൊരിക്കല്‍ മണിയാങ്കുന്നത്തു മോമ്മതിനോടൊപ്പം കമലാ ത്രീറിങ് സര്‍ക്കസ് കാണാന്‍ കോഴിക്കോട്ട് പോയതൊഴിച്ചാല്‍ മതുപ്പുള്ളി ദേശം വിട്ട് മാധവന്‍ നായര്‍ മറ്റെവിടെയും പോയിട്ടില്ല.
വര്‍ഷങ്ങളായി രാവിലെ പൈക്കളെക്കറന്ന് പാലെടുത്ത് സരസ്വതിയമ്മയെ ഏല്പിച്ച് ഒരു കട്ടന്‍കാപ്പിയും കുടിച്ച് മാധവന്‍ നായര്‍ കൈക്കോട്ടുമെടുത്ത് പറമ്പിലേക്കിറങ്ങും. എട്ടൊമ്പതുമണി നേരമായാല്‍ ഒരു ചോറ്റുപാത്രത്തില്‍ കുറച്ച് പഴഞ്ചോറും എന്തെങ്കിലും ഉപ്പിലിട്ടതുമായി സരസ്വതിയമ്മ മാധവന്‍നായരുടെ പണിസ്ഥലത്തേക്ക് ചെല്ലും. നിന്നനില്പില്‍ അത് വാരിത്തിന്ന് വീണ്ടുമയാള്‍ പണി തുടരും. സന്ധ്യമയങ്ങാന്‍ തുടങ്ങിയാല്‍ സരസ്വതിയമ്മ മുറ്റത്തിറങ്ങിനിന്ന് വിളിക്കാന്‍ തുടങ്ങും:
'മത്യാക്കീട്ട് ഇങ്ങട് വരണ്ണുണ്ടോ? ആ ഗോപാലന്‍നായര്‍ പീടിക അടച്ച് പോയിട്ടുണ്ടാവൂലോ. ഇന്നലെത്തന്നെ പാലിന്റെ കാശു മേടിച്ചിട്ടില്യാ.'
ഒന്നുരണ്ടു വിളിക്കൊന്നും മാധവന്‍നായര്‍ പണി നിര്‍ത്തി വരില്ല. അത് സരസ്വതിയമ്മയ്ക്കറിയാം. ആരെന്തു പറഞ്ഞാലും ആള്‍ടെ ഒരു നിശ്ചയണ്ട്. അതനുസരിച്ചേ കാര്യങ്ങള് നടക്കൂ.

പത്തുമുപ്പത്തഞ്ചു കൊല്ലമായിട്ടുണ്ടാവും ഈ പറമ്പിലിങ്ങനെ മാധവന്‍നായര്‍ അദ്ധ്വാനിക്കാന്‍ തുടങ്ങിയിട്ട്. വെയിലായാലും മഴയായാലും മാധവന്‍നായര്‍ പണിമുടക്കില്ല. ഋതുഭേദങ്ങളോ യുഗാന്തരങ്ങളോ അയാളറിഞ്ഞില്ല. തന്റെ മനസ്സില്‍ കുറിച്ചിട്ട തീയതിയും വര്‍ഷങ്ങളും രണ്ടോ നാലോ കാണും. ജന്മനക്ഷത്രവും കൊല്ലവും മാധവന്‍ നായര്‍ക്കറിയാം. കൊല്ല
വര്‍ഷം 1113 വൃശ്ചികമാസത്തിലെ പൂരാടം. രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചുപോയി. കല്യാണം കഴിഞ്ഞ ദിവസവും മറ്റുമൊക്കെ സരസ്വതിക്കേ അറിയൂ എന്നാണയാള്‍ പറയുക. വെറുതെ എന്തിനാണ് ഈവക കാര്യങ്ങളൊക്കെ മനസ്സില്‍ കൊണ്ടുനടക്കുന്നത് എന്നാവാം മാധവന്‍ നായര്‍ കരുതുന്നത്.
അങ്ങനെ മറ്റൊന്നും ശ്രദ്ധിക്കാതെ മനസ്സിലോ മടിയിലോ ഒന്നും സൂക്ഷിച്ചുവയ്ക്കാതെ മാധവന്‍ നായര്‍ പണിയെടുത്ത് നാലേക്കറോളം വിസ്താരമുള്ള പറമ്പ് മുക്കാല്‍ ഭാഗവും പെരുങ്കാടായിത്തീര്‍ന്നു. കാട്ടില്‍ പലതരം മരങ്ങളുണ്ട്, കിളികളും മൃഗങ്ങളുമുണ്ട്. തലയില്‍ ചൂട്ടുള്ള സര്‍പ്പങ്ങളുണ്ട്, കാട്ടുകടന്നലും ചിത്രശലഭങ്ങളുമുണ്ട്.
'എന്തെല്ലാം മരങ്ങളുണ്ട്?' ഞാന്‍ ചോദിച്ചു.
'ആല്‍മരം രണ്ടുമൂന്നു തരത്തിലുള്ളതുണ്ട്. അരയാല്, പേരാല് എന്നിങ്ങനെ. പിന്നെ കാഞ്ഞിരം, മുള്ളന്‍ കൈനി, മരുത്, ഞാവല്‍, കടപ്പാവിട്ട, അകില്,
ചന്ദനം, കരിമ്പന. കൂടാതെ പേരറിയാത്ത നിരവധി ഇനങ്ങളുണ്ട്.'
'ഫലവൃക്ഷങ്ങളില്ലേ?'
'ഇല്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്. മാവ്, പ്ലാവ്, നെല്ലി, അയിനി, തെങ്ങ്
മുതലായതെല്ലാമുണ്ട്.'
'ഫലവൃക്ഷങ്ങള്‍ കുറവാണ്, അല്ലേ?'

'കുറവും കൂടുതലും എന്നതൊക്കെ ഓരോ അഭിപ്രായങ്ങളാ. ആവശ്യത്തിനുണ്ട് എന്നു പറയാം. പുളി, ചേല, മുള എന്നിങ്ങനെയുള്ളതും ഉണ്ട്. വെന്തേക്ക്, ഉങ്ങ്, പുന്ന ഇതൊക്കെ പണ്ടേ ഉണ്ടാര്‍ന്നതാ.'
'മറ്റുള്ള മരങ്ങളെല്ലാം വച്ചുപിടിപ്പിച്ചതാണോ?'
'എല്ലാം അങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. കുറെയൊക്കെ ഞാന്‍ വച്ചതും ബാക്കി തന്നത്താന്‍ ഉണ്ടായതുമാണ്. ഇവിടെ മുളച്ചുപൊന്തിയതൊന്നും ഞാന്‍ നശിപ്പിച്ചിട്ടില്ല. ചിലപ്പോള്‍ പറിച്ച് സ്ഥലം മാറ്റിക്കുഴിച്ചിടും എന്നുമാത്രം. ഫലമുള്ളതിനും ഇല്ലാത്തതിനുമൊക്കെ ഒരേ ശുശ്രൂഷയാണ്. വല്ലാത്ത ശല്യക്കാരായ തൊട്ടാവാടി മുതലായതൊക്കെ വെട്ടിവീശും. പള്ള്യാലില്‍ നെല്ലുവിതയ്ക്കുന്ന സമയത്ത് ചില മരങ്ങളുടെ ഇല വളമായി ഇടും. ഉണങ്ങിയ ചവറൊക്കെ അടിച്ചുകൂട്ടി ചെലപ്പോ വെണ്ണീറുണ്ടാക്കും. പശൂന്റെ ചാണോം മൂത്രോമൊക്കെ ഈ മരങ്ങള്‍ക്ക് തുല്യായിട്ടാ കൊടുക്കാ. ഫലമുള്ള വൃക്ഷം, ഫലമില്ലാത്ത വൃക്ഷം എന്നൊന്നും തരംതിരിവില്ല. ഒന്നും വെട്ടിമുറിക്കില്ല. വിറകിനുവേണ്ടി ഒരു മരവും മുറിച്ചിട്ടില്ല.'
'കാട് എത്ര ഏക്ര വരും?'
'കാട് എന്ന് തീര്‍ത്തു പറയണോ? നാട്ടുമരങ്ങളും ഇടയ്ക്ക് ഉണ്ടല്ലോ? എല്ലാംകൂടി നാലഞ്ചേക്കര്‍ വരും. തറവാട്ടുസൊത്താ. വെറും പറമ്പാര്‍ന്നു. കരിമ്പനേം പാറോത്തും മാത്രേ ഇണ്ടാര്‍ന്നുള്ളൂ, എന്റെ ചെറുപ്പത്തില്. ഉങ്ങും പുന്നയുമൊക്കെ പിന്നെ ഉണ്ടായതാ.
'മാധവന്‍നായര്‍ ഒരു പരിസ്ഥിതിവാദിയാണോ?'

'ഞാന്‍ വാദിയോ പ്രതിയോ അല്ല. ഇവിടെയിങ്ങനെ എന്നാലാവുമ്പോലെ അദ്ധ്വാനിച്ച് ജീവിക്കുന്നു എന്നുമാത്രം.'
'കൃഷിക്ക്, ബ്ലോക്കില്‍നിന്ന് വിത്തോ കൃഷിവകുപ്പില്‍നിന്ന് വളമോ ധനസഹായമോ കിട്ടാറുണ്ടോ?'
'ഞാനെങ്ങോട്ടും സഹായത്തിനു പോയിട്ടില്ല. അവരൊന്നും ഇങ്ങോട്ട് വരാറുമില്ല. ഇംഗ്ലീഷ് വളോം വെഷോം ഞാനിതുവരെ ഈ വളപ്പില്‍ കയറ്റിയിട്ടില്ല. അതിന്റെ ആവശ്യം വന്നിട്ടില്ലാന്ന് വച്ചോളൂ.'

'ഇത്തരത്തിലുള്ള ഒരു കൃഷിസമ്പ്രദായം ആരാണ് പഠിപ്പിച്ചത്? ആരുടെയെങ്കിലും ഉപദേശപ്രകാരമാണോ?'
'ആരും എന്നെ പഠിപ്പിച്ചതല്ല. ഞാന്‍ ചാത്തന്നൂര്‍ ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്‌കൂളില് ഏഴാംക്ലാസ്സുവരെ പഠിച്ച് പഠിപ്പ് നിര്‍ത്ത്യേതാ. പിന്നെ ആരും പഠിപ്പിച്ചിട്ടില്ല. പത്തുകൊല്ലത്തോളം പൂമുള്ളിമനയ്ക്കലെ കാര്യസ്ഥനായിട്ട് ആറാമ്പ്രാന്റെ ഒപ്പം ഉണ്ടാര്‍ന്നു. അദ്ദേഹോം എന്നെ പ്രത്യേകം പഠിപ്പിച്ചിട്ടൊന്നൂല്യ. ഒക്കെ ഇങ്ങനെ കണ്ടറിഞ്ഞ് പഠിച്ചതാ. ആറാമ്പ്രാന് കിള്യാട്ടൂര്‍കുന്ന് എന്നു പേരുള്ളൊരു കുന്ന് ണ്ടാര്‍ന്നു. അവിടെ കാവലിന് പോയിട്ടുണ്ട്. അക്കാലത്താ സരസ്വതി അവിടെ പയ്യിനെ തീറ്റാന്‍ വന്നത്. നിങ്ങള് കേട്ടിട്ടില്ലേ പൂമുള്ളി മനാന്നും ആറാമ്പ്‌രാന്‍ എന്നുമൊക്കെ? ഇബടെ അടുത്തെന്ന്യാ പൂമുള്ളിമന.'
പൂമുള്ളി മനയ്ക്കല്‍നിന്ന് ആളുവന്ന് മാധവനോട് ചെല്ലാന്‍ പറഞ്ഞപ്പോള്‍ മാധവന്റെ അമ്മയ്ക്കും മുത്തശ്ശിമാര്‍ക്കും ആധിയായി. ആറാമ്പ്‌രാനാണ് വിളിപ്പിക്കുന്നത്. ജന്മിമാര്‍ മാത്രമല്ല, നാടുവാഴികളും കൂടിയാണ് പൂമുള്ളിത്തമ്പറാക്കള്‍. തമ്പ്രാക്കളില്‍വെച്ച് പരാക്രമശാലിയാണ് ആറാമ്പ്രാന്‍. നായാട്ടും കളരിപ്പയറ്റുമൊക്കെ ഉള്ള ആളാണ്. രണ്ടുപേരെ കുത്തിക്കൊന്ന് കൊലവിളിച്ചുനില്‍ക്കുന്ന കൊമ്പനാനയെ ഒറ്റക്കൈകൊണ്ട് ചെവിക്കുപിടിച്ച് നടത്തിക്കൊണ്ടുപോയിട്ടുണ്ട്. തമ്പ്രാനെ കണ്ടപ്പോള്‍ത്തന്നെ ആന കൊമ്പുരണ്ടും നിലത്തുകുത്തി മൂത്രമൊഴിച്ചത്രേ. ആ മനുഷ്യന്റെ നേര്‍ക്കുനേരെനിന്ന് ആരും വര്‍ത്തമാനം പറയില്ല. കൂടെ നാലഞ്ചു വാല്യക്കാരുണ്ടാവും ഏതു നേരത്തും. ആ ആറാമ്പ്‌റാനാണ് മാധവനെ ആളെവിട്ട് വിളിപ്പിച്ചിട്ടുള്ളത്.
മാധവന് പത്തിരുപത്താറു വയസ്സായെങ്കിലും ഈ പറമ്പും തൊടീം വിട്ട് മറ്റെങ്ങോട്ടും പോയിട്ടില്ല. ആചാരോം ഉപചാരോം ഒന്നും ആ കുട്ടിക്കറിഞ്ഞുകൂടാ. അതാണ് മുത്തശ്ശിമാര്ക്ക് ആധികേറാന്‍ കാരണം. മനയ്ക്കല് ചെന്നാല് എങ്ങനെ നില്ക്കണം, തമ്പ്‌റാന്മാരോട് എങ്ങനെ വര്‍ത്തമാനം പറയണം എന്നൊന്നും അവന് വശമുണ്ടാവില്ല.
'എന്തിനാ കുട്ടീനെ വിളിപ്പിച്ചിട്ടുള്ളതെന്ന് നെനക്കറിയോ ലക്ഷ്മിയേ?'
മുത്തശ്ശിമാര്‍ രണ്ടും മാധവന്റെ അമ്മയോട് ചോദിച്ചു.
'എന്തിനാന്ന് ഞാന്‍ ചോയ്ച്ചില്ല.'

ചോദിക്കണം എന്നു തോന്നിയതാണ് ലക്ഷ്മിക്ക്. അഹിതമാവുമോ എന്നുകരുതി ഒന്നും മിണ്ടിയില്ല. മാധവന്‍ ആടിനേം പശുക്കളേം തെളിച്ച് കുന്നത്തേക്ക് പോയീലോ എന്നു മാത്രം പറഞ്ഞു. ഏതു കുന്നുമ്മലേക്കാന്ന് അവര് ചോദിച്ചു. ഒരുപക്ഷേ, അവര് മാധവനെത്തിരഞ്ഞ് കുന്നുകേറീട്ടുണ്ടാവും. മാധവന്റെ മൂത്തവന്‍ ശിവശങ്കരനാണെങ്കില്‍ വീടിനകത്തും പുറത്തുമായി ചുറ്റിത്തിരിഞ്ഞുനില്‍ക്കും. അവന് വയസ്സ് മുപ്പതായി. മാധവന് രണ്ടുവയസ്സുള്ള കാലത്ത് അച്ഛന്‍ നാരായണന്‍നായര് മരിച്ചുപോയതാണ്. രണ്ടു മുത്തശ്ശിമാരും താനുംകൂടി ഈ മക്കളെ എങ്ങനെയൊക്കെയോ വളര്‍ത്തിക്കൊണ്ടു പോന്നൂന്നുമാത്രം. പറമ്പില്‍ അങ്ങിങ്ങു നില്ക്കുന്ന പത്തിരുപത്തഞ്ചു തെങ്ങുണ്ട്.
ഇടയ്ക്കുവച്ച വാഴകള്‍ ചിലത് കുലച്ചും ചിലത് കൂമ്പടച്ചും നില്ക്കും. മൂന്നു പശുക്കളുണ്ട്. അവയെക്കറന്നു പാലുകൊണ്ടു പോയി വിറ്റിട്ടാണ് കുടുംബം പുലരുന്നത്. പിന്നെ പടിഞ്ഞാറേ പള്ള്യാലില്‍ നാലഞ്ചു പറയ്ക്ക് ചീരയോ ചിറ്റേനിയോ വിതയ്ക്കും. പത്തമ്പതുപറ നെല്ലു കിട്ടും.
'എന്തിനാ മാധവനെ വിളിപ്പിക്കുന്നതെന്ന് അവരോട് നിനക്ക് ചോദിക്കായിരുന്നൂലോ ലക്ഷ്‌മ്യേ?'
മുത്തശ്ശിമാര്‍ വീണ്ടും ഓരോന്ന് എണ്ണിപ്പെറുക്കാന്‍ തുടങ്ങുകയാണ്. എന്താ പറേണ്ടതെന്ന് ലക്ഷ്മിക്ക് ഒരു രൂപവുമില്ലായിരുന്നു. പൂമുള്ളിമനാന്നും തമ്പ്‌രാക്കന്മാരെന്നുമൊക്കെ കേട്ടിട്ടേയൂള്ളൂ. മതുപ്പള്ളിയില്‍നിന്ന് ഒന്നുരണ്ടുനാഴിക ദൂരെയാണ് പെരിങ്ങോട്. കുന്നത്തുനിന്ന് മാധവനേം കൂട്ടി വാല്യേക്കാര് മനയ്ക്കലേക്ക് കൊണ്ടുപോയിട്ടുണ്ടാവുമോ എന്തോ.

'ശിവശങ്കരാ.'
ലക്ഷ്മി വിളിച്ചു. ശിവശങ്കരന്‍ ഈ നാലു പുറത്തൊന്നും ഉള്ള ലക്ഷണമില്ല. ഉണ്ടെങ്കില്‍ അവനോട് മനയ്ക്കലുചെന്ന് കാര്യങ്ങളറിഞ്ഞിട്ടുവരാന്‍ പറയായിരുന്നു.
വാല്യേക്കാര് കുന്നുകേറിച്ചെന്നപ്പോള്‍ മാധവനൊരു പറങ്കിമാവിന്‍ കൊമ്പത്ത് കയറിയിരിക്കുകയായിരുന്നു.
'തെക്കത്ത് കുട്ടത്ത് നാരായണന്‍നായരുടെ മകന്‍ മാധവന്‍ നീയല്ലേ?'
വാല്യേക്കാര്‍ താഴെനിന്നു ചോദിച്ചു.
'അതേ. എന്താ വേണ്ടതാവോ?'
'ഇങ്ങട് താഴേക്കിറങ്ങിവരൂ. എന്നിട്ടല്ലേ കാര്യങ്ങള് പറയാ.'
മാധവന്‍ താഴെയിറങ്ങി.
'പൂമുള്ളിമനയ്ക്കല്‍ ആറാം തമ്പ്‌രാന്‍ നെന്നേം കൂട്ടി ഉടനെ മനയ്ക്കലേക്ക് ചെല്ലാന്‍ ഞങ്ങളോട് പറഞ്ഞയച്ചതാ.'
'എന്താ കാര്യം?'
'കാര്യൊക്കെ തമ്പ്‌രാനേ അറിയൂ.'
'അമ്മയോടും മുത്തശ്ശിയോടും പറഞ്ഞിട്ട് വന്നാപ്പോരേ?'
'പോരാ. ഞങ്ങടെകൂടെ പോരണം.'
'പശുക്കളും ആടുമൊക്കെ കുന്നത്ത് മേയ്യാണ്. അവറ്റെ തൊഴുത്തിലാക്കിട്ട് സന്ധ്യയ്ക്ക് വന്നാപ്പോരേ?'
'പോരാ, തമ്പ്‌രാന് ഇപ്പൊത്തന്നെ കാണണംന്നാ പറഞ്ഞേ.' വാല്യേക്കാര് രണ്ടാളുണ്ട്. മാധവന്‍ തര്‍ക്കിക്കാനൊന്നും പോയില്ല. ഒരു മുഷിഞ്ഞമാതിരിപ്പാടും തോര്‍ത്തുമാണ് വേഷം. ആ വേഷത്തില്‍ത്തന്നെ അവരോടൊപ്പം പോയി. പോണവഴിക്ക് അവര്‍ മാധവന് അത്യാവശ്യം തമ്പ്‌രാനോട് പെരുമാറേണ്ട ചിട്ടയൊക്കെ പറഞ്ഞുകൊടുത്തു. തോര്‍ത്തുമുണ്ട് കക്ഷത്തുവയ്ക്കണം. അല്ലെങ്കി അരേ ചുറ്റിയാലും മതി. ഞാന്‍. എനിക്ക്, എന്റെ എന്നിങ്ങനെയൊന്നും പറയരുത്. അടിയന്‍, അട്യേന്, അട്യേന്റെ അങ്ങനെയൊക്കെയാണ് സമ്പ്രദായം. പിന്നെ ഒക്കെ കണ്ടറിഞ്ഞ് ചെയ്താ നെണക്ക് നന്ന്.'

'എന്തിനാ വിളിപ്പിക്കണത് എന്ന് നിങ്ങള്‍ക്ക് ഒട്ടും നിശ്ശല്യേ?'
'ആപത്തുള്ള കാര്യത്തിനൊന്നും അല്ല. വെഷമിക്കാണ്ട് പോന്നോളൂ.'
വാല്യക്കാരിലൊരാള്‍ പറഞ്ഞു. എങ്കിലും മാധവന്റെ മനസ്സില്‍ പരിഭ്രമമുണ്ടായിരുന്നു. ഇല്ലത്തു ചെന്നുകയറുമ്പോള്‍ തമ്പ്‌രാന്‍ പത്തായപ്പുരയുടെ തിണ്ണയില്‍ ചമ്രം പടിഞ്ഞിരുന്നു മുറുക്കുന്നു. അടുത്ത് ഒരാള്‍ നില്‍പ്പുണ്ട്.
മുറ്റത്തെ മാവില്‍ ഒരു കൊമ്പനാനയെ കെട്ടിയിട്ടുണ്ട്. അതിനപ്പുറത്ത് ഒരു ജീപ്പും കാറും കിടക്കുന്നു.
മാധവന്‍ കൊലക്കുറ്റം ആരോപിക്കപ്പെട്ട നിരപരാധിയെപ്പോലെ തമ്പ്‌രാന്റെ മുന്നില്‍ അന്ധാളിച്ചുനിന്നു. ഒരു വടിപ്പന്‍ വിത്തു ചിക്കാവുന്നത്ര വീതിയുള്ള നെഞ്ച്. സൂചികള്‍ നാട്ടിയപോലെ എഴുന്നുനില്‍ക്കുന്ന തലമുടി. കനത്ത മീശ. തീപാറുന്ന കണ്ണുകള്‍ മാധവനെ അടിമുടി ഉഴിഞ്ഞു. മാധവന് പൊള്ളി.
'എന്തിനേ വരാന്‍ പറഞ്ഞത് എന്നു മനസ്സിലായോ?' തമ്പ്‌രാന്‍ ചോദിച്ചു.
'അട്യേന് മനസ്സിലായില്ല.'
'എനിക്ക് ഇവിടെ ഒരാളെ വേണം. പെരിങ്ങോട്ടൊന്നും നോക്കിയിട്ട് പറ്റ്യേ ആളെ കാണാല്യ.'
'അട്യേന്‍ എന്താ വേണ്ടത് ആവോ?'
വാല്യക്കാര് ചട്ടംകെട്ടിയതുപോലെ മാധവന്‍ വിനയപൂര്‍വം പറഞ്ഞു.
വേണ്ടത് എന്താച്ചാ ഇവിടെ അകത്തും പൊറത്തുമായിട്ട് കാര്യങ്ങളൊക്കെ നോക്കിനിക്ക്വാ. അത് തന്നെ. ശ്രീധരാ, ഇവന് വേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തോളൂ. വകതിരിവ് തെല്ലു കൊറവാന്ന് ഒരു ശങ്ക.
അടുത്തുനിന്ന ശ്രീധരന്‍ നായരെ നോക്കി തമ്പ്‌രാന്‍ പറഞ്ഞു. ശ്രീധരന്‍നായര്‍ വേണ്ട കാര്യങ്ങളൊക്കെ മാധവന് പറഞ്ഞുകൊടുക്കുകയും ചെയ്തു.

തൊഴുത്തില്‍ പതിനൊന്ന് പശുക്കളും ഒരു എരുമയുമുണ്ട്. അതിനടുത്ത് കൂടുകളിലായി ആറു നായ്ക്കളും ഒരു പട്ടിയുമുണ്ട്. രാജപാളയം, പുന്നാടന്‍ തുടങ്ങിയ നാടന്‍ നായ്ക്കളാണ്. തമ്പ്‌രാന്‍ നായാട്ടിന് പോകുമ്പോ കൊണ്ടോണതാ. ഇവറ്റേടെയെല്ലാം മേല്‍നോട്ടാണ് നിന്റെ പ്രധാന പണി. പിന്നെ ഇവടന്ന് ഒരു നാഴിക കെഴക്കു മാറി കിള്യാലന്‍കുന്ന് എന്നു പേരായൊരു കുന്നുണ്ട്. പത്തിരുപത് ഏക്കര്‍ സ്ഥലം വരും. അവിടെ തമ്പ്‌രാന്‍ അകിലും ചന്ദനവും തേക്കുമൊക്കെ വച്ചതാ. എല്ലാം കന്നാലി തിന്നുപോയി. ഇപ്പോ മൊട്ടക്കുന്നായി കെടക്കാ. അതൊക്കെ ഒന്നു നേരെയാക്കണം. പണിക്കുവേണ്ട ആള്‍ക്കാരെയൊക്കെ ഇവിടന്നു തരും. തമ്പ്‌രാന്‍ കുറച്ചുകാലം അത്തിപ്പറ്റേലാര്‍ന്നു താമസം. അപ്പോ ഇബടത്തെ കാര്യങ്ങളൊക്കെ വീഴ്ചവന്നു. നല്ലൊരു കാര്യസ്ഥനെ വേണം എന്നു പറയാന്‍ തൊടങ്ങീട്ട് കൊറച്ചു ദെവസായി. നെനക്കാ യോഗം. ഭാഗ്യം എന്നു നിരീച്ചാമതി.

ശ്രീധരന്‍നായര്‍ പറഞ്ഞതത്രയും മാധവന്‍ സശ്രദ്ധം ചെവിക്കൊണ്ടു. ആടിനേം പശുക്കളേം മേയ്ക്കലല്ലാതെ വേറൊരു പണിയും മാധവന്നറിഞ്ഞുകൂടായിരുന്നു. രണ്ടു പശുക്കളെ കറന്ന് പാലുകൊണ്ടുപോയി ചായപ്പീടികയില്‍ കൊടുത്ത് ചില്വാനം വാങ്ങിക്കാനറിയാം. പതിനൊന്നു പശുക്കളെ നോക്കാന്‍ തന്നെക്കൊണ്ടാവുമോ?
'പേടിക്കണ്ട, പശുക്കളെ കുളിപ്പിക്കാനും വൈക്കോലും വെള്ളോം കൊടുക്കാനും രണ്ടുപണിക്കാരുണ്ട്-ചാത്തയും കുഞ്ഞിക്കരിയനും. ചാണകം വാരാന്‍ കണ്ണത്തെ മാളുവും പയങ്കലോടത്തെ ലക്ഷ്മിയുമുണ്ട്. നീ ആറെണ്ണത്തിനെ കറന്നാമതി. എരുമയുടെ കറവ വറ്റി. ഇപ്പോ ചെനപിടിച്ചിട്ടുണ്ടെന്നാ തോന്നണത്. നായ്ക്കളുടെ കാര്യം നോക്കാന്‍ ചിരാണ്ടനുണ്ട്. നിന്റെ പണി മേല്‍നോട്ടം മാത്രം. ഇതൊക്കെ കഴിഞ്ഞ് കിള്യാലന്‍കുന്നിലേക്ക് പോണം. തേച്ചുകുളിക്കാനും ഉണ്ണാനും ഉടുക്കാനും കെടക്കാനും പൊതയ്ക്കാനും എല്ലാം ഇബടെ ഏര്‍പ്പാടുണ്ടാക്കാം പോരേ? പിന്നെ ശമ്പളത്തിന്റെ കാര്യം തമ്പ്‌രാനോടു ചോദിക്കൊന്നും വേണ്ട. മാസാമാസം അത് കൈയിലെത്തും.'
'ഈ പണിയൊന്നും എനിക്കു പരിചയല്ലാലോ.'

'ഒരുമാസംകൊണ്ട് എല്ലാം പരിചയാവും. നീ എത്രവരെ പഠിച്ചിട്ടുണ്ട്?' ശ്രീധരന്‍ നായര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
'ചാത്തന്നൂര്‍ ബോര്‍ഡ് എലിമെന്ററി സ്‌കൂളില്‍ ഏഴാംക്ലാസ്സുവരെ.'
'ധാരാളം മതി. കണക്കും കൈയുമൊക്കെ വേണം എല്ലാ കാര്യത്തിനും. പണിക്കാരെത്ര? കൂലിയെത്ര? ചെലവെത്ര? എന്നൊക്കെ തമ്പ്‌രാന്‍ ചോദിക്കുമ്പോ പറയാന്‍ നിശ്ശണ്ടാവണം.'
ഒരു മാസം വേണ്ടിവന്നില്ല. മാധവന്‍ മനയ്ക്കലെ പണിയൊക്കെ വശമാക്കി. തമ്പ്‌രാനും മാധവനെ ഇഷ്ടമായി. കമാന്ന് ഒരക്ഷരം മിണ്ടാതെ ഏല്പിച്ച പണിയൊക്കെ കൃത്യമായി ചെയ്യും. മനയ്ക്കലെ പണിയൊക്കെക്കഴിഞ്ഞ് ദിവസവും കിള്യാലന്‍ കുന്നിലേക്കു പോവും. ആദ്യദിവസം കിള്യാലന്‍കുന്നില്‍നിന്നു മടങ്ങിവന്ന് മാധവന്‍ തമ്പ്‌രാനെ മുഖം കാണിച്ചു.
'എന്താ കുന്നത്തെ വിശേഷം?'
'വെച്ച തൈയൊക്കെ കന്നാലി തിന്നുപോയി. ഇനി എല്ലാം രണ്ടാമതും ചെയ്യണം.'
'എന്താ വേണ്ടത് എന്നുവച്ചാ നീ ചെയ്‌തോ. ഒക്കെ നെണക്കു വിടുന്നു.
കിള്യാലന്‍കുന്നൊരു പൂങ്കാവനാക്കണം'.
മാധവന്‍ കിള്യാലന്‍കുന്ന് പൂങ്കാവനമാക്കുന്ന കാലത്താണ് കോമത്ത്
സരസ്വതിയെ കുന്നിന്‍ചരിവില്‍വച്ചു കണ്ടുമുട്ടുന്നത്. സരസ്വതി പശുവിനെ തീറ്റാന്‍ വന്നതായിരുന്നു.
'ഇവിടെ പശുവിനെത്തീറ്റാന്‍ സമ്മതിക്കില്യാ.'
മാധവന്‍ സരസ്വതിയോടു പറഞ്ഞു.
'ഞങ്ങള് കാലാകാലങ്ങളായി പശുവിനെ കെട്ടണ കുന്നാ ഇത്, നിങ്ങളാരാ സമ്മതിക്കില്ലെന്നു പറയാന്‍?' സരസ്വതി കയര്‍ത്തു.
'ഞാന്‍ ആറാമ്പ്‌രാന്റെ കാര്യസ്ഥനാ. മനസ്സിലായോ? കൂടുതല് വര്‍ത്താനം ഒന്നും വേണ്ട. കുന്ന് വേറെ ഇണ്ടല്ലോ തീറ്റാന്‍. അങ്ങട് കൊണ്ടയ്‌ക്കോളൂ. അതാ നല്ലത്.'

'അങ്ങനെ അധികാരം ഒന്നും പറയണ്ട. എന്റെ അച്ഛനും പൂമുള്ളി മനയ്ക്കലെ സ്‌കൂളില് ഒരു ജോലിക്കാരനാ.'
പൂമുള്ളിമനവക സ്‌കൂളിലെ ശിപായിയായിരുന്ന കോട്ടപ്പടി കോമത്ത് മാധവന്‍നായരുടെ മൂത്തമകളായിരുന്നു സരസ്വതിയെന്ന പതിനാറുകാരി. മാധവന്‍നായര്‍ക്ക് നാലു പെണ്‍മക്കളാണ്. അഞ്ചാമന്‍ ഉണ്ണികൃഷ്ണന്‍.
കിള്യാലന്‍കുന്നിന്റെ കാവല്ക്കാരന്‍ മാധവന്‍, കോമത്ത് മാധവന്‍ നായരെക്കണ്ടു താക്കീതു കൊടുത്തു.
'പെങ്കുട്ട്യോളെ അടക്കിയൊതുക്കി വളര്‍ത്തണം.'
'അതിന് ഇപ്പോ എന്തേ ഇണ്ടായി?' കോമത്ത് മാധവന്‍ നായര്‍ ചോദിച്ചു.
'കിള്യാലന്‍കുന്നത്ത് പശൂനെത്തീറ്റാന്‍ പറ്റില്യാന്നു പറഞ്ഞപ്പോ എന്റെ മെക്കട്ട് കേറാന്‍ വന്നു നിങ്ങളുടെ മോള് സരസ്വതി.'
'മെക്കട്ടുകേറാന്‍ വന്നെങ്കി നന്നായി. അഞ്ചുണ്ട് മക്കളെനിക്ക് ഭീമാ, അതിലൊന്നിനെ ഞാന്‍ നിനക്കു തന്നേക്കാം.'
അങ്ങനെ ഒരു പദ്യഭാഗം ചൊല്ലി കോമത്ത് മാധവന്‍നായര്‍ കൈയും വീശി കടന്നുപോയി, ഒരു കൂസലുമില്ലാതെ. ആ പദ്യം മാധവനും പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അത് ചൊല്ലിയതെന്തിനാണെന്ന് അയാള്‍ക്കു മനസ്സിലായില്ല.
കിള്യാലന്‍കുന്ന് പൂങ്കാവനമായി വളരുന്തോറും മാധവനും സരസ്വതിയും തമ്മിലുള്ള കലഹവും വളര്‍ന്നു. മാധവന്റെ കണ്ണുവെട്ടിച്ച് സരസ്വതിയുടെ പൈക്കള്‍ കിള്യാലന്‍കുന്നില്‍ മേഞ്ഞു. ഇടയ്‌ക്കൊക്കെ അവ അകിലിന്റെ തൈകള്‍ തിന്നുകയും ചെയ്തു.
'നെന്റെ പയ്യ് അകിലിന്റെ രണ്ടു തൈ തിന്നു.' മാധവന്‍ സരസ്വതിയോടു കയര്‍ത്തു.
'തിന്നെങ്കി അവടെത്തന്നെ ചാണകം ഇട്ടിട്ടുണ്ടാവും.' സരസ്വതി സമാധാനം പറഞ്ഞു.
അതിനിടെ മാധവന്റെ ജ്യേഷ്ഠന്‍ ശിവശങ്കരന്റെ വിവാഹം കഴിഞ്ഞു.
കുടുംബസ്വത്ത് ഭാഗംവച്ചു പിരിഞ്ഞ് അയാള്‍ ഭാര്യവീട്ടിലേക്കു താമസം മാറ്റി. അതിനടുത്ത കൊല്ലം അടുത്തടുത്ത ദിവസങ്ങളിലായി മുത്തശ്ശിമാര്‍ രണ്ടുപേരും മരണപ്പെട്ടു. മാധവന്റെ അമ്മ ലക്ഷ്മി ശിവശങ്കരന്റെ കൂടെയായി താമസം. 'ഈ കുന്നിന്‍ ചെരൂല് ഒറ്റയ്‌ക്കൊരു വീട്ടിലെങ്ങന്യാ കഴിയ്യാ. മാധവനാച്ചാ മനയ്ക്കന്ന് പോരാനൊട്ട് പറ്റൂല്യ.' ലക്ഷ്മിയമ്മ പടിയിറങ്ങുമ്പോള്‍ ജാനകി പട്ടത്ത്യാരോട് പറഞ്ഞു.
കോട്ടപ്പടി കോമത്ത് മാധവന്‍നായര്‍ തെക്കത്ത് കുട്ടത്ത് മാധവന്‍നായരെ കാണുമ്പോഴെല്ലാം ബകവധത്തിലെ വരികള്‍ ചൊല്ലി.
'നാലുണ്ട് മക്കളെനിക്കു ഭീമാ അതിലൊന്നിനെ ഞാന്‍ നിനക്കു തന്നീടാം.'

ഒരു ദിവസം കുന്നത്തേക്കുപോയ മാധവന്‍ ഉടനെത്തന്നെ തിരിച്ചുവന്നതുകണ്ട് ആറാമ്പ്‌രാന്‍ ചോദിച്ചു:
'എന്താ മാധവാ ഇന്ന് മടങ്ങിപ്പോന്നേ?'
'അട്യേന്‍ ഇനി പോണില്യ.'
'എന്താ അതിന് കാരണം വല്ലതുണ്ടോ?'
'ഉണ്ട്.'
'എന്താച്ചാ പറഞ്ഞോളൂ.'
'കോമത്ത് മാധവന്‍നായരുടെ മകള് സരസ്വതി അട്യേനെ പരിഹാസം
പറഞ്ഞു. അധിക്ഷേപിക്കൂം ചെയ്തു.'
'എങ്ങനെ അധിക്ഷേപിച്ചു?' തമ്പ്‌രാന്റെ കണ്ണുകള്‍ ചുവക്കുകയും ശബ്ദം ഉയരുകയും ചെയ്തപ്പോള്‍ മാധവന്‍ പരുങ്ങി. പറയണോ.
'എന്താണ്ടായീന്നാ ചോദിച്ചത.് എന്റെ കാര്യസ്ഥനെ അധിക്ഷേപിച്ചാല്‍ എന്നെ അധിക്ഷേപിച്ചതിന് തുല്യാ. എന്താ ശ്രീധരാ അങ്ങനെ തന്ന്യല്ലേ?'
'അതേലോ'. അടുത്തുനിന്ന ശ്രീധരന്‍ നായര്‍ തലയാട്ടി.
'എന്താണ്ടായീന്ന് തുറന്നു പറഞ്ഞോളൂ. പരിഭ്രമിക്കണ്ട.' മാധവന്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതുകണ്ട് ശ്രീധരന്‍ നായര്‍ വീണ്ടും നിര്‍ബന്ധിച്ചു.
'നമ്മുടെ സ്‌കൂളിലെ, ശിപായി മാധവന്റെ മകളാണോ പരിഹാസം പറഞ്ഞത്?'
'അതെ.'
'എന്താ അവള് പറഞ്ഞേ?' തമ്പ്‌രാന്‍ ചോദിച്ചു.
'എന്റെ പേര് കിള്യാലന്‍നായര് എന്നാത്രെ.'
'ഓഹോ, അങ്ങനെ പറഞ്ഞോ അവള്?' തമ്പ്‌രാന്‍ മുറുക്കാന്‍ നീട്ടിത്തുപ്പി ശ്രീധരന്‍ നായരോട് കല്പിച്ചു.
'ശ്രീധരാ, സ്‌കൂളീന്ന് ആ മാധവനോട് ഇങ്ങട് വരാന്‍ പറയാ.'
കോമത്ത് മാധവന്‍നായര്‍ വന്നു വണങ്ങി ഒതുങ്ങിനിന്നു. കോമനോട് തമ്പ്‌രാന്‍ ചോദിച്ചു:
'എന്താ തന്റെ മോള്‍ടെ ഭാവം.'
'അട്യേന് മനസ്സിലായില്യ.'
'തന്റെ മൂത്തോള്‍ക്ക് വയസ്സെത്രായി.'
'ഇരുപത്തിമൂന്നു കഴിഞ്ഞടക്കണൂ.'
'നെണക്കോ?' കാര്യസ്ഥന്‍ മാധവനോട് തമ്പ്‌രാന്‍ ചോദിച്ചു.
'അട്യേന് മുപ്പത്തിനാലു കഴിഞ്ഞു.'
'അപ്പോള്‍ രണ്ടാള്‍ടേം നേരോം കാലോം ഒക്കെ തെറ്റീന്നു സാരം. ഇനി ഒട്ടും വൈകണ്ട. നാളെത്തന്നെ കല്യാണം അങ്ങട് നടത്താ. ശ്രീധരാ വേണ്ട ഏര്‍പ്പാടൊക്കെ ചെയ്‌തോളൂ.'
കോമത്ത് മാധവന്‍നായര്‍ തെല്ലൊന്നമ്പരക്കാതിരുന്നില്ല. അയാള് തമ്പ്‌രാനോട് പറഞ്ഞു:
'അട്യേന് നാലു പെണ്‍മക്കളാ. പെട്ടെന്ന് അട്യേനെക്കൊണ്ട് ഒന്നും കൂട്ട്യാ കൂടില്യ. കല്യാണന്നൊക്കെ പറഞ്ഞാ.'
'കൂടുതല് ആരും ഒന്നും പറയണ്ട. നാളെ ഇവര്‌ടെ കല്യാണം നടക്കണം, അത്രതന്നെ. രണ്ടാളും പൊയ്‌ക്കോളിന്‍.' തമ്പ്‌രാന്‍ ഉത്തരവിട്ടു.
പിറ്റേദിവസം നാഗലശ്ശേരി പഞ്ചായത്താപ്പീസില്‍വെച്ച് സരസ്വതിയു
ടെയും മാധവന്റെയും വിവാഹം നടന്നു. പെണ്ണിന്റെ ആള്‍ക്കാരായി നാലഞ്ചുപേരുണ്ടായിരുന്നു. ചെറുക്കന്റെ ഭാഗത്തുനിന്ന് ഒരു ഒറ്റമുണ്ടും തോര്‍ത്തും
കിള്യാലന്‍കുന്നിന് കാവല്‍പോകുമ്പോ ചൂടുന്ന കാലന്‍കുടയുമായി വരന്‍ മാധവന്‍നായര്‍ മാത്രം. വന്നവര്‍ക്കെല്ലാം പരിപ്പുവടേം ചായേം കൊടുത്തു ശ്രീധരന്‍നായര്.
'അപ്പോ അമ്മയോട് പറഞ്ഞില്ലേ?'

'അമ്മ ഏട്ടന്റെകൂടെ പട്ടാമ്പീലാര്‍ന്നു. മനസ്സോണ്ട് പറഞ്ഞു. നേരിട്ട് പിന്നെ പറയാന്നും വച്ചു.'
കല്യാണം കഴിഞ്ഞ് സരസ്വതിയെയും കൂട്ടി മതുപ്പുള്ളിയിലെ വീട്ടില്‍ വന്നുകയറുമ്പോള്‍ അവിടെ ആരുമില്ലായിരുന്നു. ഉമ്മറം മുഴുവന്‍ മണ്ണും പൊടിയും കേറിക്കിടക്കുന്നു. തൂണിലും കഴുക്കോലിലുമൊക്കെ ചിതലുകേറിയിട്ടുണ്ട്.
മാധവന്‍നായര്‍ സരസ്വതിയോട് പറഞ്ഞു: 'മുറ്റത്തു നിന്നോളൂ. ഞാന്‍ അകത്തുകയറി നോക്കിയിട്ടു വരാം.' വരാന്തയിലേക്ക് കയറിയപ്പോഴാണ് കണ്ടത് വാതിലടച്ച് താഴിട്ട് പൂട്ടിയിരിക്കുന്നു.
'എന്താ ഇപ്പോ ചെയ്യാ. താക്കോല് അമ്മേടെ കൈയിലാ. അമ്മ ഏട്ടന്റെ വീട്ടിലും. നമ്മുടെ കല്യാണം കഴിഞ്ഞ വിവരമൊന്നും അമ്മ അറിഞ്ഞിട്ടുണ്ടാവില്യ.'
അതും പറഞ്ഞ് മാധവന്‍നായര്‍ ചവിട്ടുകല്ലിറങ്ങി സരസ്വതിയുടെ അടുത്തേക്ക് വരുമ്പോഴേക്കും ജാനകി പട്ടത്ത്യാരുണ്ട് പടികടന്ന് ഓടി വരുന്നു.
'ദാ, താക്കോല് ലക്ഷ്മിയമ്മ തന്നേല്പിച്ചിട്ട് പോയതാ. മാധവന്‍ നായര് വന്നാ തരാന്‍ പറഞ്ഞു.'
താക്കോല്‍ക്കൂട്ടം മാധവന്‍നായരുടെ കൈയില്‍ കൊടുക്കുമ്പോള്‍ പട്ടത്ത്യാര് ചോദിച്ചു:
'അല്ലാ, ഇതാരാ മാധവന്‍നായരേ?'
'അത് അത് എന്റെ ഭാര്യ. പേര് സരസ്വതി. കോട്ടപ്പടി കോമത്ത് മാധവന്‍നായരുടെ മകളാ. പൂമുള്ളിത്തമ്പ്രാന്‍ പറഞ്ഞു ഇവളെ കല്യാണം കഴിക്കാന്‍. ഞാന്‍ കല്യാണം കഴിച്ചു. ഇവിടെ വന്ന് ആരോടും പറയാന്‍ കഴിഞ്ഞില്യ. മുത്തശ്ശിമാരൊക്കെ മരിച്ച് മണ്ണായിലോ. പിന്നെ പറയാനുള്ളത് അമ്മയോടാ. അമ്മയാച്ചാല്‍ ഏട്ടന്റെ ഭാര്യവീട്ടിലാ. ഞാനും ഏട്ടനും തമ്മില്‍ ചെറിയ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടെന്ന് പട്ടത്ത്യാര്‍ക്ക് അറിയാലോ.'

'ശിവ ശിവ, എന്താ ഈ കേക്കണേ, അമ്മയോടുംകൂടി പറ്യാണ്ട് കല്യാണം കഴിച്ച് ഒരു പെണ്ണൊരുത്തീനീം കൂട്ടി വീട്ടില് വന്നു കേറണത് ശര്യാണോ?' പട്ടത്ത്യാര്‍ തലയില്‍ കൈവെച്ചുകൊണ്ട് ചോദിച്ചു.
'ശരിയാണോന്ന് ചോദിച്ചാല്‍ ശരിയല്ല. എന്നാല്‍ ശരികേടും ഇല്യ. എന്തായാലും വയസ്സ് മുപ്പത്തിനാലായി. കല്യാണം നിരീച്ചതല്ല. ഇപ്പോ ഇങ്ങനെയൊക്കെ ആയി. അതാ വിധി. പട്ടത്ത്യാരു പൊയ്‌ക്കോളൂ. ഒച്ചേം ബഹളോംവെച്ച് ആളെക്കൂട്ടണ്ട...'
പിന്നെ മാധവന്‍നായര്‍ മനയ്ക്കലേക്കോ കിള്യാലന്‍കുന്നിലേക്കോ മടങ്ങിപ്പോയില്ല. അയാള്‍ ഒരു കൈക്കോട്ടുമെടുത്ത് തൊടിയിലേക്കിറങ്ങി. കൊത്തും കിളയുമൊന്നും മാധവന്‍നായര്‍ക്ക് വശമില്ലായിരുന്നു. അഞ്ചേക്കറോളം വരുന്ന ഈ പറമ്പില്‍ എന്താണ് ചെയ്യുക. എന്തെങ്കിലും ചെയ്‌തേ പറ്റൂ. രണ്ടാള്‍ക്കും കഴിഞ്ഞുകൂടണ്ടേ. ആളെ കൂലിക്ക് വിളിച്ച് പണിയെടുപ്പിക്കുവാന്‍ കൈയില്‍ പണമില്ല. പുരയൊന്നു നന്നാക്കണം. കഴുക്കോലൊക്കെ വളബന്ധം വിട്ട് തൂങ്ങിയാടുന്നു.
പറമ്പിലങ്ങുമിങ്ങും കുഴികള്‍ കുഴിച്ച് അതിലൊക്കെ ചപ്പും ചവറുമിട്ട് കത്തിച്ച് തടം ചുട്ടു. രണ്ടുദിവസം കഴിഞ്ഞ് തടം തണുത്തപ്പോള്‍ അതിലൊക്കെ പറമ്പില്‍ പൊട്ടിമുളച്ചുനിന്നിരുന്ന തൈകള്‍ പറിച്ച് നട്ടു. ഏതു മരത്തിന്റെ തൈയാണെന്നൊന്നും നോക്കിയില്ല. എല്ലാത്തിനും കൊക്കര്‍ണിയില്‍നിന്ന് വെള്ളം കോരി നനച്ചു. കന്നാലി കടിച്ചുപോകാതിരിക്കാന്‍ മുള വെട്ടിച്ചീന്തി കൂടുണ്ടാക്കി. തളിരിട്ട് ഇല നീട്ടി മരങ്ങള്‍ വളരാന്‍ തുടങ്ങി.
ഇടയ്‌ക്കൊക്കെ വാഴവെച്ചു. സരസ്വതി വാഴയ്ക്കുമാത്രം വെള്ളമൊഴിക്കാന്‍ കൂടി. 'കണ്ണീക്കണ്ട മരത്തിനൊന്നും വെള്ളം വലിക്കാന്‍ എന്നെ കിട്ടില്യ.' അവള്‍ പറഞ്ഞു.
അതിനിടെ സരസ്വതിയുടെ അച്ഛനൊരു പശുക്കുട്ടിയെ കൊണ്ടുവന്നു കൊടുത്തു. തിരിച്ചുപോകുമ്പോള്‍ മാധവനോട് പറഞ്ഞു:
'എന്റെ കൈയില്‍ നെണക്കു തരാന്‍ ഒന്നും ഇല്ല്യാന്ന് അറ്യാലോ, ഒരു പെങ്കുട്ടീനെ നീ പിടിച്ചുകൊണ്ടന്നു. അതിന്റെ കൂടെ ഒരു പൈക്കുട്ടീനെ ഞാനും കൊണ്ടത്തന്നൂന്ന് കൂട്ട്യാ മതി.'
'ഞാന്‍ പിടിച്ചുകൊണ്ടന്നതൊന്ന്വല്ല.' മാധവന്‍ പറഞ്ഞു.
'ഞാന്‍ നെന്റെ കൈയില് തന്നപ്പോ നീ പിടിച്ചില്ലേ അവള്‍ടെ കൈ. എന്നിട്ട് ഇങ്ങട് കൊണ്ടരേം ചെയ്തു. അപ്പോ പിടിച്ചുകൊണ്ടന്നൂ എന്ന പ്രയോഗത്തില് തെറ്റുണ്ടോ?'

സ്‌കൂളിലെ മാഷന്മാരുടെ സഹവാസംകൊണ്ട് കോമത്ത് മാധവന്‍ നായര്‍ എന്നും ഒരു ജ്ഞാനിയുടെ ഭാവത്തിലായിരുന്നു.
ഭര്‍ത്താവ് മാധവന്‍നായരുടെ തെറ്റും ശരികളുമായി യോജിച്ച് പോവുകയല്ലാതെ സരസ്വതിക്ക് വേറെ നിവൃത്തിയില്ലായിരുന്നു. 'ഉള്ള സ്ഥലത്ത് കുറച്ച് റബ്ബറോ നേന്ത്രവാഴയോ വയ്ക്കാന്‍ പറഞ്ഞാ കൂട്ടാക്കില്ല. റേഡിയോ, ടി.വി. എന്നതൊന്നും ഈ മനുഷ്യനിഷ്ടല്ല. ഒരു ഷര്‍ട്ടോ കുപ്പായോ ഇടില്യ. കല്യാണം കഴിക്കാന്‍ വന്നത് ഒരു തോര്‍ത്തും തോളിലിട്ടിട്ടാ.

പിന്നൊരു കാലന്‍കൊടേം ഇണ്ടാര്‍ന്നു. കിണറ്റിലൊരു മോട്ടോറു വയ്ക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. ഒരാളെ പണിക്കുകൂട്ടാന്‍ പറഞ്ഞാ കേള്‍ക്കില്ല. എന്തോ എങ്ങിനെയോ രണ്ടു പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. അത്രയും ആശ്വാസം. ഈ പള്ള്യാലില്‍ ചിറ്റേനിയോ ചീരയോ വിതച്ചു കൊയ്യും. പശുക്കളെ കറന്ന് പാല് വില്‍ക്കും. അതുകൊണ്ട് ഇത്രയും കാലം കഴിഞ്ഞു. മൂത്തമകന്‍ കുട്ടപ്പയ്ക്ക് ബോംബേല് ചെറിയ പണി ഇണ്ടാര്‍ന്നു. അവന്‍ അവിടെ പിടിക്കാണ്ട് മടങ്ങി വന്നിരിക്കുന്നു. ചെറിയോന്‍ വെല്‍ഡിങ്ങിനു പോകുന്നുണ്ട്. പെരയൊന്നു നന്നാക്കാന്‍ പറഞ്ഞാ കേള്‍ക്കില്ല. കൃഷിചെയ്ത് കൃഷി ചെയ്ത് പറമ്പുമുഴ്വോനും കാടായി. ഒരു മരംപോലും മുറിക്കാന്‍ സമ്മതിക്കുകയില്ല. പിന്നെ കിള്യാലന്‍കുന്നില് കാവലിന് വന്നകാലം മൊതല്‍ക്ക് കാണണസൊഭാവാ. എനിക്ക് അതൊരു ശീലായി. ഇനി ഇപ്പോ ഇങ്ങനെയൊക്കെ അങ്ങട് പോട്ടേന്ന് വയ്ക്കല്ലാണ്ട് എന്താ ചെയ്യാ? ഓരോരുത്തര് വന്നു ചോദിക്കുമ്പളാ ചെറ്യേ വെഷമം- എന്താ സരസ്വത്യേ, നെന്റെ നായര് പറമ്പൊക്കെ കാടാക്കീലോ, വീടെന്താ നന്നാക്കാത്തേ, ആരെന്തു പറഞ്ഞാലും ആ ആളിന് ഒരു കുലുക്കോം ണ്ടാവില്യ. ഒന്നു തൊഴാന്‍ പൂവ്വാന്ന് പറഞ്ഞ് അമ്പലത്തിലേക്ക് വിളിച്ചാ പറയും, തൊഴിലില്ലാത്തോര്‍ക്കാ തൊഴലൊക്കേന്ന്. ഈശ്വരന്‍ മനസ്സിലാത്രേ. ഞാന്‍ ആര്‍ക്കും ഒരു ദ്രോഹോം ചെയ്തിട്ടില്ലാന്നും പറയും. ഇനി ഈ പറമ്പില് കണ്ണീക്കണ്ട മരമൊന്നും വയ്ക്കരുത് എന്നു ഞാന്‍ എന്നും പറയാറുള്ളതാ. പുറത്ത് വല്ല പീട്യേല്‌യ്‌ക്കൊക്കെ പോയിവരുമ്പോ, ഏതെങ്കിലും തൈ നിരത്തിന്റെ ഓരത്ത് നിക്കണ് കണ്ടാ അതു പറിച്ച് ഞാന്‍ കാണാതെ മുണ്ടിന്റെ ഉള്ളില് ഒളിപ്പിച്ചു വച്ചുകൊണ്ടന്ന് സൂത്രത്തില് കുഴിച്ചിടും. മരങ്ങള് എത്ര വച്ചാലും മോഹം തീരില്യ. മോഹം തീരണവരെ മരങ്ങള് ഉണ്ടായിക്കോട്ടേന്ന് ഞാനും തീരുമാനിച്ചു. അല്ലാണ്ട് എന്താ ചെയ്യാ? കിള്യാലന്‍കുന്നിലും ഇതുതന്ന്യാര്‍ന്നു പണി.
തമ്പ്‌രാന്‍ അകിലും ചന്ദനോം തേക്കും വയ്ക്കാനാ പറഞ്ഞയച്ചത്. അതിന്റെ കൂടെ തന്റെ ഇഷ്ടപ്രകാരം പല കാട്ടുമരോം അവിടെ മുഴോനും വച്ചു. ഒരു കടപ്പാവിട്ടേടെ തൈ പശു കടിച്ചൂന്ന് പറഞ്ഞിട്ടാ എന്നെ കൊല്ലാന്‍ വന്നത്.'
... പറഞ്ഞുപറഞ്ഞ് സരസ്വതിയമ്മ കാടുകേറുകയാണ്.

(പൂമുള്ളി ആറാം തമ്പുരാന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ലേഖനം ഇവിടെ നിന്ന്
 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates