Wednesday, November 30, 2011

0 കാടു നട്ടുവളർത്തിയ ഒരു മനുഷ്യന്‍

ഉമേഷ് പീലിക്കോട് & സുമേഷ് ഉദിനൂര്‍

ഒരു കാടുണ്ടായിരുന്നു
എന്നിട്ട്?
ഒരു നാടുണ്ടായിരുന്നു
എന്നിട്ട്?
തോടും കുളവും ഉണ്ടായിരുന്നു
എന്നിട്ട്?
കാടും കുളവും പുഴയും തോടുമുണ്ടായിരുന്നു
അത്ര തന്നെ

-സെബാസ്റ്റിൻ

ഉണ്ടായിരുന്നവയൊക്കെ കഥകൾ മാത്രമായി അവശേഷിക്കുമ്പോൾ ഇല്ലായ്മയിൽ നിന്ന് ഉണ്മയെ തീർക്കുകയാണ് ഇവിടെയൊരാൾ…

പേര് അബ്ദുൾ കരീം, നാട് കാസർഗോഡ് ജില്ലയിലെ പുലിയം കുളം. കാട് നാടാവുന്നതിന്റേയും കുന്ന് റോഡാകുന്നതിന്റേയും വാർത്തകൾ കേൾക്കുന്ന ഈ കാലത്ത് സ്വന്തമായി ഒരു കാട് ഉണ്ടാക്കിയതിലൂടെയാണ് കരീം ശ്രദ്ധേയനാകുന്നത്.

32 ഏക്കറോളം സ്ഥലത്ത് പരന്ന് കിടക്കുന്ന ഒരു വലിയ കാട് അവിടത്തെ പൂമ്പാറ്റകളും കിളികളും മൃഗങ്ങളും വാതോരാതെ സംസാരിക്കുന്നത്, ഈ കാട് ഉണ്ടാക്കി തങ്ങൾക്ക് വാസസ്ഥാനം ഉറപ്പിച്ച് നൽകിയ അബ്ദുൽ കരീം എന്ന ഹൃദയത്തിൽ നന്മയുള്ള ഈ മനുഷ്യനെക്കുറിച്ചാണ്.

വെറുതെ മരങ്ങൾ നട്ടുവളർത്തിയ ഒരു ഭ്രാന്തൻ നാട്ടുകാരനെ അമേരിക്കയിലെ ട്രിനിറ്റി കോളേജുൾപ്പടെയുള്ള ലോകം തിരിച്ചറിയാൻ തുടങ്ങിയത് പുതിയ കഥ. അതിന് മുമ്പ് കാസർഗോഡ് ഗവ:കോളേജിലെ പഠിത്തവും കഴിഞ്ഞ് മുംബൈയിലേയ്ക്ക് ജോലി അന്വേഷിച്ച് പോയ, ഒരുപാട് സ്വപ്നങ്ങളുള്ള ചെറുപ്പക്കാരനെ ആരുമറിഞ്ഞിരുന്നില്ല.ഷിപ്പിങ് കമ്പനിയിൽ ഒരു ജോലി ഒപ്പം വഖഫ് ബോർഡിലെ ടൈപ്പിസ്റ്റ് പണിയും. അന്ന് ഗൾഫ് സ്വപ്നക്കാരുടെ കാലമായിരുന്നു. ഗൾഫ് യാത്രയ്ക്കായി തുടങ്ങിയ മർഹബ ട്രാവെത്സ് നല്ല രീതിയിൽ മുന്നോട്ട് പോയി. ദുബായിലും സൌദിയിലുമെല്ലാം പറന്ന് നടന്ന് ജീവിതം മടുത്ത് തുടങ്ങിയപ്പോൾ നാട്ടിലേയ്ക്ക് വണ്ടി കയറി.

മനസ്സ് നിറയെ ഗൃഹാതുരത്വം പടർന്ന് കയറിയപ്പോൾ ജനിച്ച നാടിനെ സ്നേഹിക്കാനും പിറന്നുവീണ മണ്ണിന്റെ ഗന്ധം ഒരാവർത്തി കൂടി ശ്വസിക്കാനും തോന്നിയപ്പോൾ, 1977 ഇൽ നീലേശ്വരത്തിനടുത്തെ പുലിയം കുളത്ത് 3750 രൂപയ്ക്ക് അഞ്ചേക്കറോളം തരിശുഭൂമി വിലയ്ക്ക് വാങ്ങി. എന്നിട്ട് അവിടെ നട്ട തന്റെ ആദ്യത്തെ വിത്തുകൾക്ക് മുകളിൽ കത്തി നിൽക്കുന്ന സൂര്യനും താഴെ ചുട്ടുപൊള്ളുന്ന കരിമ്പാറകൾക്കുമിടയിൽ കരീം എന്ന മനുഷ്യൻ കാത്തിരുന്നു. താൻ നട്ട വിത്തുകൾ മരമാകുന്നതും കാത്ത്.

ജീവിക്കാൻ വേണ്ടി താൻ നടത്തിയ ഗൾഫ് യാത്രകളും തന്റെ നാടുമാണ് മരങ്ങളേയും പ്രകൃതിയേയും സ്നേഹിക്കാൻ പ്രചോദനമായതെന്ന് കരീം പറയുന്നു.

അബുദാബിയിലെ മരുഭൂമിയിൽ ചെടികൾ നട്ടുപിടിപ്പിച്ച ഷെയ്ഖ് സൈദ് ആണ് മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിൽ കരീമിന് പ്രചോദനം നൽകിയത്.

പ്രതിബന്ധങ്ങളെ തട്ടിയെറിഞ്ഞ് യാത്രകൾ തുടർന്ന കരീമിന്റെ പുലിയം കുളത്ത് ഇന്ന് 32 ഏക്കറോളം നിബിഢമായ വനഭൂമിയാണ്. ഏത് വേനലിലും പച്ചപ്പ് മാത്രം. ആറോളം ജലശേഖരങ്ങൾ ഉണ്ട് ഈ കാട്ടിൽ. ഒരു തുള്ളി പോലും ഊറ്റിയെടുക്കാനില്ലാതിരുന്ന തിളച്ച് പൊള്ളുന്ന പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് ഈ ശുദ്ധജലം ഉണ്ടായത്. ഒന്നരലക്ഷത്തിലധികം ലിറ്റർ വെള്ളം പമ്പ് ചെയ്ത് എടുക്കുന്നുണ്ട് ഇപ്പോൾ, ഒരു നാടിന് വേണ്ടുന്ന മുഴുവൻ വെള്ളവും ഇപ്പോൾ ഇവിടെ നിന്നാണ് എടുക്കുന്നത്.

‘സേവ് ട്രീ ജനറേറ്റ് ലൈഫ്’ എന്നതാണ് കരീമിന്റെ മുദ്രാവാക്യം. കരീമിന്റെ കാട് ഇന്നൊരു സ്വാഭാവികവനത്തിന്റെ ഘടന കൈവരിച്ചിരിക്കുന്നു. 8 വർഷങ്ങളായി കുപ്പിയിൽ നിറച്ച് വച്ചിരിക്കുന്ന ഇവിടത്തെ വെള്ളത്തിന് യാതൊരു മാറ്റവുമില്ല.

1986 ലാണ് ഈ കാട്ടിനകത്ത് കരീമും കുടുംബവും വീട് വച്ച് താമസം തുടങ്ങിയത്. ഇരുള്, മരുത്, അത്തി, ചന്ദനം, മഹാഗണി തുടങ്ങിയ 280 ഇൽ അധികം വൃക്ഷങ്ങൾ, 400 ലധികം ഔഷധസസ്യങ്ങൾ നിറഞ്ഞ നാട്ടിൽ ജീവിക്കുമ്പോൾ കരീം അഭിമാനത്തോടെ പറയുന്നു: രോഗങ്ങളില്ലാത്ത കുടുംബമാണ് തന്റെ കാട്ടുകുടുംബം എന്ന്!

ഒരു പുരസ്ക്കാരത്തിനും അങ്ങോട്ട് തലനീട്ടാതെ, തേടി വരുന്ന നിരവധി പുരസ്ക്കാരങ്ങളിൽ അഹങ്കരിക്കാതെ കരീം ഉറക്കെ പറയുന്നു.കവിതയ്ക്കും പ്രസംഗത്തിനും മരം നടാനോ വളർത്താനോ ആവില്ല, പകരം മരത്തിന്റെ വിത്തുകളാണ് വിതയ്ക്കേണ്ടത്.

1986 ജൂൺ 5ന് മുംബൈയിൽ വച്ച് ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് അമിതാഭ് ബച്ചനിൽ നിന്നാണ് കരീം ഏറ്റ് വാങ്ങിയത്. കൊച്ചി എൺ വയൺ മെന്റ് മോണിറ്ററിങ് ഫോറത്തിന്റെ പി വി തമ്പി മെമ്മോറിയൽ എൻഡോവ്മെന്റും ലഭിച്ചു. യുണൈറ്റഡ് നേഷൻസിന്റെ യൂണിഫ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1998 ലെ കേരള ഫോറസ്റ്റ് റിസേർച്ച് അവാർഡ്, 2003 ഇൽ ഭാരത് പെട്രോളിയത്തിന്റെ ഇന്ത്യ ഇൻസ്പയർ അവാർഡുകളും ലഭിച്ചു. ലിംക ബുക്ക് ഓഫ് റെക്കോഡിന്റെ മാൻ ഓഫ് തെ ഇയർ പുരസ്ക്കാരം 2008ഇൽ..അങ്ങിനെ നിരവധി നിരവധി പുരസ്ക്കാരങ്ങൾ.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കരീമിന്റെ കാട്ടിലേയ്ക്ക് സന്ദർശകർ എത്തുന്നു. ഓസ്ട്രേലിയ, പാകിസ്ഥാൻ, അമേരിക്ക, ലണ്ടൻ എന്നിങ്ങനെ നിരവധി ഇടങ്ങളിൽ നിന്ന്. ‘ എ വണ്ടർഫുൾ എക്സാമ്പിൾ ഓഫ് ദ പവർ വിത്ത് നേച്ചർ’ എന്നാണ് പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ കരീമിന്റെ കാടിനെക്കുറിച്ച് സന്ദർശകപുസ്തകത്തിൽ എഴുതിയത്.

എന്തൊക്കെ ആയാലും, തന്റെ കാലശേഷം ഈ കാട് ഇതുപോലെ നിലനിൽക്കുമോ എന്ന കാര്യത്തിൽ കരീമിന് ആശങ്കയുണ്ട്. കാര്യമായ വരുമാനം ഉണ്ടായില്ല എങ്കിൽ പിൻ ഗാമികൾ കാട് വിട്ട് പോകാനുള്ള സാധ്യത കരീം കാണുന്നു. എന്നു കരുതി പ്രകൃതിസ്നേഹികൾ എന്ന് നടിച്ച് പാട്ടുപാടി നടക്കുന്നവർക്കോ ഇക്കോ ടൂറിസത്തിനോ വിട്ടുകൊടുക്കാൻ കരീം തയ്യാറല്ല. കാട് ഇതുപോലെ തന്നെ നിലനിർത്താൻ തയ്യാറുള്ള ആരെങ്കിലും വരുകയോ അല്ലെങ്കിൽ സർക്കാരിൽ നിന്ന് ഏതെങ്കിലും രീതിയിലുള്ള സഹായങ്ങൾ കിട്ടുകയോ ചെയ്താൽ മാത്രമേ തന്റെ കാലശേഷം കാട് നിലനിൽക്കുകയുള്ളൂ എന്ന് കരീം വേദനയോടെ പറയുന്നു.

ലേഖനം ഇവിടെ നിന്ന്

0 comments:

 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates