Saturday, December 1, 2012

0 Praying Mantis - തൊഴുകയ്യന്‍ പ്രാണി


കഴിഞ്ഞ ദിവസം നടന്നുപോകുമ്പോള്‍ അസാധാരണമായി ഒരു ചെടിയില്‍ രണ്ടു പയറുകള്‍ തൂങ്ങിക്കിടക്കുന്നതു കണ്ടു.


കുറച്ചുകൂടി അടുത്തുനിന്നും

സൂക്ഷിച്ചുനോക്കുമ്പോള്‍ അത്‌ പയറല്ല, ഒന്നൂടി ശ്രദ്ധിച്ചപ്പോള്‍ അടുത്തു തന്നെ അതാ ഒരു തൊഴുകയ്യന്‍ പ്രാണി. Praying Mantis ഏതായാലും ഏതാനും ചിത്രങ്ങള്‍ എടുത്തു.

ഇതാണാ ചെടി (Chukrasia tabularis)

തൊഴുകയ്യന്‍ പ്രാണിയും പയറുകളും
*********
ഇന്ന് വീണ്ടും അതിലെ പോവുമ്പോള്‍ പ്രാണി അവിടെത്തന്നെയുണ്ട്‌..

പയറുകള്‍ തുറന്നിരിക്കുന്നു.

ചുറ്റും അതാ നിറയെ തൊഴുകയ്യന്‍ പ്രാണിയുടെ കുഞ്ഞുങ്ങള്‍

ഇലയുടെ അടിയിലും

ഇലയുടെ മുകളിലും

Sunday, August 19, 2012

0 പ്ലാവ് എന്ന മതം




ഒരിക്കലും ഉറങ്ങാത്ത പ്ലാവുകള്‍ക്ക് കൂട്ടിരിക്കാന്‍ ഒരു മനുഷ്യജന്മം. പ്ലാവ് ജയന്‌ ഒരു വൃക്ഷമല്ല. കുലചിഹ്നമാണ്‌. അതുകൊണ്ട് പ്ലാവ് ജയന്‍ എന്ന് സ്വയം പരിചയപ്പെടുത്താനാണ്‌ ജയന്‌ ഇഷ്ടം.ഒരു ലക്ഷം പ്ലാവുകള്‍ക്ക് നാഥനായി തനിക്ക മനുഷ്യായുസ്സിനപ്പുറത്തേക്ക് പ്ലാവുകളിലൂടെ ശ്വസിച്ച് തുടരാനാകും എന്ന് ഉറച്ച്  വിശ്വസിക്കുന്ന ഈ ചെറുപ്പക്കാരന്‌ പറയാനുള്ളത് മുഴുവന്‍ പ്ലാവിനെ കുറിച്ചാണ്‌. പ്രവര്‍ത്തിക്കാനുള്ളത് മുഴുവന്‍ പ്ലാവുകള്‍ക്ക് വേണ്ടിയാണ്‌.
പ്ലാവ് കേരളീയന്‌ വെറു ഒരു വൃക്ഷമല്ല. അവന്റെ ക്ഷാമങ്ങളില്‍ കല്പവൃക്ഷമായി കൂട്ടിരുന്നവനാണ്‌. ചക്ക കൊണ്ട് പശിയടക്കിയ ഒരു ഭൂതകാലം ഭൂരിപക്ഷം മുന്‍ തലമുറ മലയാളിയുടെയും ഓര്‍മ്മകളില്‍ ഉണ്ട്. തെങ്ങും റബ്ബറും ജാതിയും ഒക്കെ മലയാളിയുടെ മണ്ണ് കീഴടക്കിയപ്പോഴും പ്ലാവിനോടുള്ള അവന്റെ അടുപ്പം അതായിരുന്നു.
എന്നാല്‍ മധ്യവര്‍ഗമായി കഴിഞ്ഞ അടുത്ത തലമുറ മലയളിക്ക് പ്ലാവും ചക്കയും അമാന്യന്‍ ആയി. പരിഷ്കാരി അല്ലാതായി വൃത്തിയുള്ള ഒരു ഇലത്തുമ്പത്തും വിളമ്പാന്‍ യോഗ്യതയില്ലാത്തവനായി.
നമ്മുടെ പഴക്കടകളില്‍ രാജസ്ഥാനില്‍ നിന്നും ആസ്ട്രേലിയയില്‍ നിന്നും ഇറാനില്‍ നിന്നുമൊക്കെ ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങി വന്ന സുന്ദരികള്‍ ‍ചിരിച്ചിരിക്കുമ്പോള്‍ ഒരു ചക്കത്തുണ്ടത്തിനും അവിടെ സീറ്റില്ലാതായി. ചക്ക ഒരു പഴവര്‍ഗം അല്ല ഇന്ന് മലയാളിക്ക് പച്ചക്കറിക്കടയിലും അവന്‍ ഇല്ല.

ഇന്ന് നമ്മുടെ ചക്കകള്‍ കായ്ക്കുന്നത് പഴുക്കുന്നത് മലയാളിക്ക് വേണ്ടിയല്ല. സഹ്യ പര്‍ വ്വതത്തിനപ്പുറമുള്ള മനുഷ്യര്‍ക്ക് വേണ്ടിയാണ്‌. പാണ്ടി ലോറികളില്‍ പഴവും പച്ചക്കറിയും വാളയാര്‍ കടന്ന് നമ്മുടെ അടുക്കളയില്‍ എത്തുമ്പോള്‍ മടക്കലോറികളില്‍ നമ്മള്‍ ചക്കയെ നാടുകടത്തുന്നു.
പ്ലാവിനോട് ഇത്ര നന്ദികേട് കാണിച്ച ജനത വേറെ ഇല്ല എന്നാണ്‌ ജയന്റെ പക്ഷം.
സ്വന്ത ജീവിതത്തിലൂടെ മുഴുവന്‍ മലയാളിക്കും വേണ്ടി പ്രായശ്ചിത്തം ചെയ്യുകയാണ്‌ ജയന്‍ ചെയ്യുന്നത്. ജയന്റെ പ്ലാവ് വിശേഷങ്ങളിലേക്ക്:

ഒന്‍പത് മക്കളടങ്ങിയ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയില്‍ പ്ലാവിനോട് കുട്ടിക്കാലത്ത് തോന്നിയ അടുപ്പത്തില്‍ നിന്നാണ്‌ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് പ്ലാവ്ജയന്‍ എന്ന പേരു വീഴുന്നത്. വീട്ടിലെ ആടുകള്‍ക്ക് പ്ലാവില കൊടുത്തും ചക്ക കഴിച്ച് വിശപ്പടക്കുകയും ചെയ്ത കുട്ടിക്കാലത്ത് പ്ലാവിന്‍ തൈകള്‍ മുളപ്പിക്കുന്നതില്‍ ആയിരുന്നു കമ്പം.

മറ്റേതു ശരാശരി മലയാളിയേയും പോലെ അതിജിവനത്തിനായി ഗള്‍ ഫിലേക്ക് പോയ ഒരു ഭൂതകാലം ജയനുമുണ്ട്.  പ്ലാവ്നടല്‍ പൊതുസ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത് ഗള്‍ഫില്‍ നിന്ന് തിരിച്ചു വന്ന സമയത്താണ്‌. പ്ലാവിന്റെ പിന്‍ വിളി കേട്ട് മടങ്ങി വന്നവനാണ്‌ ജയന്‍ "വേറെ രാജ്യങ്ങളിലാകുമ്പോഴാണല്ലോ നാടിനോട് പ്രത്യേകം അടുപ്പമുണ്ടാകുക." പതിനൊന്നു വര്‍ഷത്തെ ഗള്‍ഫിലെ ജോലി വേണ്ടെന്നുവെച്ച് നാട്ടിലേക്ക്-വിവിധയിനം പ്ലാവുകളുടെ ശേഖരം ഉണ്ടാക്കുന്നതിനുള്ള ശ്രമം-അതിനനുയോജ്യമായ ഹൗസ് ഏരിയകള്‍ കണ്ടെത്തുന്നതില്‍നിന്നാണ് പെട്ടി ഓട്ടോ വാങ്ങിച്ചതും കുടുംബശ്രീ ഉല്പ്പന്നങ്ങളായ മെഴുകുതിരി, സോപ്പ് എന്നിവ കടകളിലെത്തിക്കുന്ന തൊഴിലിലേര്‍പ്പെട്ടതും. "അധ്വാനഭാരത്തെക്കാള്‍മാനസിക സംതൃപ്തി" പ്ലാവുകളെ പരിചരിക്കാനും കൂടുതല്‍ സ്ഥലത്ത് പ്ലാവുകള്‍ പ്ലാന്റ് ചെയ്യാനുമുള്ള വഴി എന്ന നിലക്കാണ്‌ ഈ പെട്ടി ഓട്ടോ കച്ചവടം ജയന്‍ തെരഞ്ഞെടുത്തത്.

ആദ്യകാലങ്ങളില്‍ ഭ്രാന്തനെന്നും മറ്റും മുദ്രകുത്തപ്പെട്ടു. പിന്നീട് സമീപവാസികളുടെ പിന്‍തുണയില്‍ ശ്രമം വ്യാപിപിപ്പിച്ചു. വിവിധയിനം പ്ലാവുകള്‍ വളര്‍ത്തിത്തുടങ്ങി. ആ സമയത്ത് പ്ലാവിന്റെ പ്രാധാന്യവും ഗുണങ്ങളും ഉള്‍പ്പെടുത്തി 32 പേജുള്ള ഒരു പുസ്തകം സ്വന്തമായി തയ്യാറാക്കി. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് എട്ടാം തരം ക്ലസ്റ്റര്‍ പഠനങ്ങള്‍ക്കായി അത് ഉപയോഗപ്രദമാക്കാന്‍ തുടങ്ങി. ആദ്യപുസ്തകത്തിനു ശേഷം വൈദ്യഭൂഷണം രാഘവന്‍ തിരുമുല്പ്പാടിന്റേയും ചില നാട്ടുവൈദ്യന്മാരുടേയും സഹായത്താല്‍ പ്ലാവുമായി ബന്ധപ്പെട്ട ചില മരുന്നുകളുടേയും മറ്റും വിവരങ്ങള്‍-അവ ഉള്‍പ്പെടുത്തി 72പേജില്‍ സമഗ്രമായ മറ്റൊരു പുസ്തകം-അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം വരാനൊരുങ്ങുന്നു. ഈ ഗ്രന്ഥങ്ങളിലൂടെ നിരവധി ജില്ലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ജയന്‌ കഴിഞ്ഞു.

പ്ലാവില്‍ തന്നെ ഏതാണ്ട് അന്‍പതോളം ഇനങ്ങളുണ്ട് ജയന്റെ ശേഖരത്തില്‍ . തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നാടന്‍ തൈകള്‍ക്കായി സമീപിച്ചിരുന്നു. നാടന്‍ ഇനങ്ങള്‍ക്കാണ് പ്രാധാന്യം. ഒട്ടിപ്പു സിസ്റ്റത്തോട് ജയന്‌ കടുത്ത എതിര്‍പ്പാണ്‌.  പ്ലാവില്‍ നാടന്‍ തന്നെയാണ്‌ കേമന്‍. കാര്‍ഷിക സര്‍ വകലാശാലക്കാര്‍ ചെയ്യുന്നത് തട്ടിപ്പാണെന്നാണ്‌ ജയന്റെ പക്ഷം.
പ്ലാവ്-രാത്രിയില്‍ ഉറങ്ങാത്ത വൃക്ഷം-24 മണിക്കൂര്‍-ഓക്സിജന്‍ തരുന്ന ഉറപ്പേറിയ വൃക്ഷം. വീടിനു മുമ്പില്‍ പ്ലാവിനെ കണികാണുന്നത് നല്ലതാണെന്ന  വിശ്വാസം ഉണ്ടായിരുന്നു മലയാലിക്ക് . പ്ലാവില കഴിക്കുന്ന ആടുകളുടെ പാല്‍ കുടിച്ചാല്‍ കൃമികീടാദികള്‍ കൊണ്ടുള്ള രോഗങ്ങള്‍ ഉണ്ടാകില്ല. ഇന്നിപ്പോള്‍ എവിടെ ആടുകള്‍ പ്ലാവിലക്ക് പോവുന്ന കുട്ടികള്‍? പ്ലാവിലക്കുമ്പിളിലെ കഞ്ഞി?

ഒരു കാലത്ത് വിശപ്പ് മാറ്റാനുപയോഗിച്ചിരുന്ന ചക്ക ഇന്ന് മലയാളികള്‍ ദാരിദ്ര്യത്തിന്റെ സിംബല്‍' എന്നനിലയില്‍ അവഗണിക്കുന്ന അവസ്ഥയുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള അരിവരവ് നിലച്ചാല്‍ പ്ലാവേ കാണൂ മലയാളിക്ക്. ജയന്‍ പറയുന്നു.

കേരളത്തില്‍ ഏത് പ്രദേശത്തും വളരുമെങ്കിലും വളര്‍ച്ചക്ക് ഏറ്റക്കുറച്ചിലുകളുണ്ട്. ചുവന്ന മണ്ണാണ് പ്ലാവിന് അനുയോജ്യം.

മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളുടെ സാധ്യത ചക്കയുടെ കാര്യത്തില്‍ നാം വേണ്ടത്ര അന്വേഷിച്ചിരുന്നില്ല.   ചക്ക ഉല്പ്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ജാം പോലുള്ളവയുടെ ഉല്പാദനത്തിലൂടെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ മുന്നോട്ടു വരുന്നു- കൂടതെ ചക്കട പോലുള്ള നാടന്‍ ഉല്പ്പന്നങ്ങളും.

ആയുര്‍വേദത്തില്‍ ചക്കക്ക് നല്ല സ്ഥാനമുണ്ട്- മുഖ കാന്തിക്ക്, വാജീകരണ ഔഷധമായി, കാഴ്ച്ചശക്തി, ആയുസ്സ് എന്നിവയുടെ വര്‍ദ്ധനവിന്‌ ഒക്കെ ചക്ക അത്യുത്തമം. ചക്കയുടെ ഈ ബ്രാന്‍ഡ് അംബാസഡര്‍ക്ക് ചക്കയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കാന്‍ ആവേശമേറെ.
സോഷ്യല്‍ ഫോറസ്ട്രിയുമായി ബന്ധപ്പെട്ട് അലങ്കാര സസ്യങ്ങളും ധാരാളം വെള്ളം വലിച്ചെടുക്കുന്ന പാഴ് മരങ്ങളും നാട്ടുഫലവൃക്ഷങ്ങള്‍ക്ക് പകരം  നട്ടുവളര്‍ത്തുകയാണ്‌ വനം വകുപ്പ് ഇന്ന് ചെയ്യുന്നത്. അത്ര പരിതാപകരമാണ്‌ അവരുടെ  പരിസ്ഥിതി ബോധം  അവസ്ഥ. പ്ലാവിനോളം ജീവജാലങ്ങള്‍ വളരെയധികം ആശ്രയിക്കുന്ന വൃക്ഷം മറ്റൊന്നില്ല. തേക്ക്, യൂക്കാലി തുടങ്ങിയവ‌‌‌-പരിസരത്ത് മറ്റൊരു സസ്യവും ഉണ്ടാകില്ല എന്നതാണ് ഇത്തരം വൃക്ഷങ്ങളുടെ ദോഷം.

ആറേഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്ലാവ് കായ്ച്ച് തുടങ്ങുന്നു‌-വളരെപ്പെട്ടെന്നു ഫലം കണ്ടുതുടങ്ങുന്ന പ്ലാവ് തുടങ്ങിയ നാട്ടു വൃക്ഷങ്ങള്‍ മറ്റു വൃക്ഷങ്ങളെക്കാള്‍ ഗുണത്തിലും ഇനത്തിലും മികച്ചു നില്‍ക്കുന്നവയാണ്.

ഒട്ടുപ്ലാവിന് ഏതാണ്ട് ഇരുന്നൂറ്റമ്പതോളം രൂപയാണുള്ളത്. നല്ല ഫലം നല്‍കുന്ന പ്ലാവിന്റെ ഇലയുടെ ഞെട്ടിന്റെ ഭാഗത്ത് നിന്ന് തൊലി അടര്‍ത്തിയാണ് ഒട്ടുപ്ലാവ് ഉണ്ടാക്കിയെടുക്കുനത്. നിങ്ങളുടെ ശരീരത്തിന്റെ ജീവന്റെ കൂടെ എന്റെ വിരലിന്റെ ജീവന്‍വളര്‍ത്തുക" എന്നതാണ് ഒട്ടുപ്ലാവിന്റെ രീതി. ഫലമുണ്ടാകുന്നത് നിശ്ചിത ചില്ലയില്‍ മാത്രം. ആളുകളുടെ കണ്ണില്‍പൊടിയിടുന്ന സമ്പ്രദായമാണിത്. ആദായം ഉദ്ദേശിച്ചുകൊണ്ടുള്ള ജാതിക്ക മുതലായ വൃക്ഷങ്ങള്‍ക്കേ ഇത് പ്രയോജനപ്പെടൂ.

ഇംഗ്ലീഷ് വളം സ്വീകരിക്കാത്ത ഏക വൃക്ഷമാണ് പ്ലാവ്. എന്ത് വിഷം കൊണ്ടിട്ടാലും അതിന്റെ വേര് അത് സ്വീകരിക്കുകയില്ല. പനനൊങ്കും ചക്കയും മാത്രമാണ്‌ വിഷം തീണ്ടാത്ത ഫലങ്ങള്‍

തമിഴ്നാട്ടിലും അന്യസംസ്ഥാനങ്ങളിലും ചക്കച്ചുള വില്പ്പന. അതെന്തോ മോശമാണെന്നാണ്‌ നമ്മുടെ വിചാരം. പണ്ട് കാലത്ത് വിശപ്പ് മാറ്റാന്‍ ചക്ക വെട്ടിക്കഴിക്കുന്ന സമ്പ്രദായമുണ്ടായിരുന്നെങ്കില്‍ വട്ടം കൂടിയിരുന്ന്  ഇന്നത്തെ  'ജോളി' മട്ടില്‍ ചക്കത്തുണ്ടം വെട്ടി തിന്നിരുന്ന കുട്ടിക്കാലവും ഉണ്ടായിരുന്നു.

മഴക്കാലമാകുമ്പോഴേക്കും ചക്കയുടെ സീസണ്‍ തീരാറാകും. ഏതാണ്ട് എഴുപത്തിയഞ്ച് ശതമാനത്തോളം ഈ കാലമാകുമ്പോഴേക്കും കായ്ച്ച് തീരുന്നു. പഴച്ചക്കയില്‍ വെള്ളം അധികം കയറാറില്ല. വൈകിക്കായ്ക്കുന്ന ചക്കകള്‍ വേണമെങ്കില്‍ വില്‍ക്കാം. ചക്ക അയല്‍ പക്കങ്ങളിലേക്കും ആവശ്യക്കാര്‍ക്കും  കൊടുത്തുകൊണ്ട് അന്ന് സൗഹൃദം നിലനിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ന് വിപണിയിലേക്ക് പോകുന്നു. മറ്റ് ജീവജാലങ്ങള്‍ക്കൊന്നും ആവശ്യത്തിന് ചക്കകള്‍ ലഭ്യമാകുന്നില്ല. ചക്കകള്‍ ശല്യമായി പ്ലാവുകള്‍ വെട്ടിമാറ്റുന്ന രീതിയാണിപ്പോള്‍. കേരളീയരുടെ ജീവിതരീതികള്‍ മാറിയതിലൂടെ ചിന്തകളിലും മാറ്റം ഉണ്ടായി. ചക്കയുടെ മൂല്യം അവന്‍ അറിയാതെ പോയി. അത് മനസ്സിലാക്കിക്കഴിഞ്ഞാല്‍ അവര്‍ പ്ലാവിന്‍ തൈ വളര്‍ത്തും, സംരക്ഷിക്കും, ഫലം ഉപയോഗിക്കുകയും ചെയ്യും. ഇതുപോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ "ഒരു തൈ വെട്ടുമ്പോള്‍ മറ്റൊന്നു നടുന്നതിനുള്ള ശീലം ബോധവല്‍ക്കരണത്തിലൂടെ ഉണ്ടാക്കിയെടുക്കാന്‍ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. "
'ജൈവവൈവിധ്യം എന്ന കാഴ്ചപ്പാടില്‍നിന്ന് വ്യത്യസ്തമായി അവനവന് ലാഭമുണ്ടാക്കുന്നതിന്റെ മാത്രം reproduction' എന്ന രീതിയിലല്ല തനിക്ക് ചക്കയോടുള്ള കമ്പം. എല്ലാ വൃക്ഷങ്ങള്‍ക്കും പ്രാധാന്യമുണ്ട്.  എങ്കില്‍ പോലും ഒരു കാലത്ത് ആശ്രയിച്ചിരുന്ന പ്ലാവിനെ അവഗണിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ പ്ലാവിന്റെ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നതില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നു എന്ന് മാത്രം.

"കേരളത്തില്‍ ഇരുപത്തിമൂന്നോളം തരം പ്ലാവുകള്‍ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ പതിനഞ്ച് ഇനങ്ങള്‍ ഉണ്ട്, മൂവായിരം പ്ലാന്റുകള്‍ ആയി എന്റെ റെക്കോര്‍ഡില്‍"

കേരളത്തിന് പുറത്തുള്ളവയെ കണ്ടെത്താന്‍ സഹായിച്ചത് ശ്രീപെദ്രെയാണ്. കര്‍ണ്ണാടകത്തിലാണ് ഏറ്റവും കൂടുതല്‍ പ്ലാവുള്ളത്. ചക്കമഹോല്‍സവങ്ങള്‍ ഇവിടെ ധാരാളം നടക്കുന്നു. ചക്കകളുടെ ഗ്രാമം തന്നെയുണ്ടിവിടെ. തമിഴ്നാട്ടിലെ ചക്കകളുടെ ഗ്രാമം ആണ്‌ പാന്‍ റുട്ടി.

ഇതിന്റെ ചുവട് പിടിച്ച് ഇപ്പോള്‍ ദേശീയ ചക്ക മഹോല്‍സവം തിരുവനന്തപുരത്തും വന്നു.‍ കേരളത്തിലും ചക്കയുടെ കാലം വരും പ്രതീക്ഷയോടെ ജയന്‍ പറയുന്നു.
അഞ്ച് സ്ഥലത്തും പ്ലാവ് നടാം-കിണറ്റിന്റെ സമീപത്തില്‍ നിന്ന് മാറ്റി വെയ്ക്കണം- മരത്തിന്റെ തായ് വേര് അടിയിലേക്കാണ് പോകുന്നത്. 'വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും'എന്നു പറയുന്നത് പോലെ ചക്ക കായ്ക്കുന്ന വേരുകള്‍ വശങ്ങളില്‍ വണ്ണംവെച്ച് പോകുമ്പോഴാണ് പലരും വീടുകളുടെ സുരക്ഷയെക്കുറിച്ച് ഭയക്കുന്നതും പ്ലാവുകള്‍ മുറിച്ച് മാറ്റുന്നത്.

ചക്കക്കുരു വളരെ പോഷകാംശമടങ്ങിയതാണ്. ചക്കക്കുരു ചമ്മന്തിപ്പൊടിക്ക് വിപണിസാധ്യത ഇന്നേറെയാണ്. കുരുവിന് മുകളിലുള്ള തൊലി ത്വക് രോഗങ്ങള്‍ക്കും രക്തശുദ്ധിക്കും നല്ലതാണ്. പ്ലാവില വളരെ നല്ലൊരു ജൈവവളമാണ്-മണ്ണിനെ സംരക്ഷിക്കുന്ന പുതപ്പാണവ. ചക്ക ഒരു ആഗോളഫലമാകാനുള്ള സാധ്യത നിലനിര്‍ത്തിക്കൊണ്ടുതന്നെ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഇതിനെ സംബന്ധിച്ച് നടന്നു വരുന്നുണ്ട്.

സ്ക്കൂള്‍ കോളേജ് തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകള്‍, തൈവെച്ച് പിടിപ്പിക്കാന്‍ സഹായം ഒക്കെ ചെയ്യറുണ്ട്. പക്ഷേ  പരിസ്ഥിതി സംഘടനകളുടെ പരിപാടികള്‍ക്ക് ഭാഗമാകാറില്ല. പരിസ്ഥിതി ജ്ഞാനത്തിലൂടെയാണ് അനുഭവത്തിലൂടെയാണ്‌ പരിസ്ഥിതിയിലേക്ക് കടക്കേണ്ടത്. കുട്ടിക്കാലത്ത് സമ്പന്നമായ പ്രകൃതിയില്‍ നിന്നുകൊണ്ടാണ് പരിസ്ഥിതി വിജ്ഞാനം ആര്‍ജ്ജിച്ചെടുത്തത്. മറ്റു സംഘടനകളെപ്പോലെ പരിസ്ഥിതിനാശത്തില്‍നിന്നല്ല വിജ്ഞാനംനേടുന്നത്. "ഞാനിവരെക്കാള്‍ സീനിയര്‍ ആണ്. എന്റെ പ്ലാവുകളാണ് അതിനുള്ള തെളിവുകള്‍. "

വികസനത്തിന്റെ പേരില്‍ പരിസ്ഥിതി നശിപ്പിക്കുന്നതിനോടുള്ള തന്റെ തുറന്ന എതിര്‍പ്പ് പക്ഷേ ജയന്‍ സധൈര്യം പ്രകടിപ്പിക്കാറുണ്ട്. അവര്‍ ഇന്ന് കളിച്ചുകൊണ്ടിരിക്കുന്നത് പച്ചപ്പിന്റെ അവശേഷിച്ച ഇരുപത്തിയഞ്ച് ശതമാനത്തില്‍ ചവിട്ടിനിന്നാണ്. എഴുപത്തിയഞ്ച് ശതമാനത്തോളം പ്രകൃതി നഷ്ടപ്പെട്ടുപോയത് ചൂണ്ടികാണിക്കാന്‍‍ ആരും തയ്യാറാകുന്നില്ല.

മുരിയാട് കായല്‍ പ്രദേശത്തെ ഒന്നാകെയാണ്‌ വികസനത്തിന്റെ പേരില്‍ നശിപ്പിച്ചത് . .
പരിസ്ഥിതിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരെയും മറ്റും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളിയിടുന്ന സ്ഥിതിയാണിന്ന്. sos സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അവിടെ കൊക്കക്കോളയുടെ ഫ്ലക്സ് പ്രദര്‍ശിപ്പിച്ചിരുന്നു-ജല ചൂഷണത്തെക്കുറിച്ച് നിര്‍ത്താതെ സംസാരിക്കുന്ന ഇവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രഹസനങ്ങളാണ്‌ മാറുന്നു എന്നതിന്റെ തെളിവ്.
പ്ലാവിന്‌ വേണ്ടിയുള്ള ഈ യാത്രയില്‍ ഒട്ടേറെ പുരസ്കാരങ്ങളും ജയനെ തേടിയെത്തി. കേരള ഗവണ്മെന്റിന്റെ  വനമിത്ര അവാര്‍ഡായിരുന്നു ഏറ്റവും വലിയ അവാര്‍ഡ്. പക്ഷേ വ്യക്തിപരമായി സന്തോഷം തോന്നിയത് പുസ്തകത്തിന് ലഭിച്ച അംഗീകാരത്തിലാണ്. രാഘവന്‍ തിരുമുല്പാട് നാലുപുറത്തില്‍ എഴുതിയ കത്ത് ആണ്‌ കിട്ടാവുന്നതില്‍ വെച്ച്  ഏറ്റവും വലിയ അംഗീകാരം എന്ന് ജയന്‍ കരുതുന്നു


Article from here

Thursday, August 16, 2012

0 വിഷുപ്പക്ഷിയെ കണ്ടിട്ടുണ്ടോ?


0 വിറ്റത്‌ വനഭൂമി


0 നിയമത്തിനു പുല്ലുവില


0 ഹരിതചാരുതയില്‍ ശലഭോദ്യാനം


0 രാസകീടനാശിനികള്‍ വയനാട്ടില്‍


0 ആരോട്‌ പരാതി ബോധിപ്പിക്കേണ്ടൂ?


0 അരുത്‌ മുഖ്യമന്ത്രീ, അരുത്‌.


0 ഔഷധച്ചെടികള്‍ മായുന്നു


0 കിട്ടാനുണ്ടോ കീഴാര്‍നെല്ലി?


0 മരത്തിന് രാഖി ബന്ധിച്ച് നിതീഷ്

പറ്റ്ന

രക്ഷാബന്ധന്‍ ദിനത്തില്‍ വ്യത്യസ്തമായ രീതിയില്‍ രാഖി കെട്ടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മരങ്ങളെ രാഖി അണിയിച്ചാണ് നിതീഷ് കുമാര്‍ തന്‍റെ പ്രകൃതി സംരക്ഷണ യജ്ഞങ്ങള്‍ക്കു തുടക്കം കുറിച്ചത്. പറ്റ്നയിലെ രാജധാനി വാടികയില്‍ നടന്ന ചടങ്ങില്‍ നിതീഷ് സര്‍ക്കാരിന്‍റെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.

മരങ്ങള്‍ നട്ടതുകൊണ്ടു മാത്രം കാര്യമില്ലെന്നും അവയെ സംരക്ഷിക്കണമെന്നും നിതീഷ്. ഒമ്പതു ശതമാനമാണ് ഇപ്പോള്‍ ബിഹാറിലെ വന മേഖല. അഞ്ചു വര്‍ഷം കൊണ്ട് 15 ശതമാനമാക്കുകയാണ് ലക്ഷ്യം. 24 കോടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് സംസ്ഥാന വനംവകുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി.

രാജധാനി വാടികയില്‍ സാങ്ച്വറി സമുച്ചയത്തിനും മുഖ്യമന്ത്രി തറക്കല്ലിട്ടു. 14.97 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് ഗ്രീന്‍ ഭവന്‍ എന്നു പേരും നിര്‍ദേശിച്ചു, നിതീഷ്. ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയും ചടങ്ങിനെത്തി.

 ഇവിടെ നിന്നും

Tuesday, February 28, 2012

0 ഒരാൾക്കൊരു മരം നക്ഷത്രമരം

2005 ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ പരിസ്ഥിതി പ്രവർത്തകരെ ഏറെ കർമ്മോന്യുക്തരാക്കിയ ആശയങ്ങളാണ്‌ ഹരിതനഗരങ്ങൾ, ക്ലബ്‌ മരം, ഒരാൾക്കൊരു മരം നക്ഷത്രമരം തുടങ്ങിയവ. ഇവയൊന്നും ഏകദിന അജണ്ടയല്ല. വരുംകാലങ്ങളിൽ പടർന്നു പന്തലിച്ചു നിർത്തേണ്ട തുടർപ്രവർത്തനങ്ങളാണ്‌. എന്തിനാണു നാം ഇത്തരം പ്രവർത്തനങ്ങളിൽ സജീവത കാട്ടുന്നത്‌? എന്തിനാണ്‌ നാം പരിസ്ഥിതിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഏറെ വ്യാകുലപ്പെടുകയും വേവലാതിപ്പെടുകയും ചെയ്യുന്നത്‌!

ഉത്തരം ലളിതമാണ്‌. പ്രകൃതിയോടുളള മനുഷ്യന്റെ സ്വാർത്ഥതാ മനോഭാവം നമ്മുടെ മണ്ണിനേയും വെളളത്തേയും വായുവിനെയും ഇന്നേറെ മലീമസമാക്കിയിരിക്കുകയാണ്‌. ഈ നിലനിൽപ്പുണ്ടാക്കുന്ന ശ്വാസം മുട്ടൽ മനുഷ്യനെ വീണ്ടും പ്രകൃതിയിലേക്ക്‌ മടങ്ങാൻ പ്രേരിപ്പിക്കുകയും ഇത്‌ പരിസ്ഥിതി പ്രവർത്തകരുടെ സംഘം ചേരലിൽ കൂടുതൽ ഉണർവ്വുണ്ടാക്കുകയും ചെയ്യുന്നു.

ഇത്‌ ശുഭപ്രതീക്ഷയും തരുന്ന സംഗതിയാണ്‌. എങ്കിലും ലക്ഷ്യപ്രാപ്‌തിക്കായി ഇനിയും നാം ഒരുപാടു ദൂരം പിന്നിടേണ്ടിയിരിക്കുന്നു. കാരണം പ്രകൃതിയെ പ്രണയിക്കൂ പുരാതന മനുഷ്യരിൽ നിന്നും പ്രകൃതിയെ ചൂഷണം ചെയ്‌തുകൊണ്ടിരിക്കുന്ന ആധുനിക മനുഷ്യസമൂഹത്തിലേയ്‌ക്ക്‌ കാലമിന്നെത്തി നിൽക്കുമ്പോൾ ഒരു കാര്യം നമുക്ക്‌ ബോധ്യപ്പെടും. ഇവിടം മരുഭൂമിയാകാൻ ഇനി ഇത്തിരി പച്ചപ്പുകൂടി മാത്രമേ ബാക്കിയുളളുവെന്ന്‌.

പ്രകൃതി വിഭവങ്ങൾ മനുഷ്യന്റെ ജീവിതവളർച്ചയ്‌ക്ക്‌ അനിവാര്യമാണെങ്കിലും പ്രകൃതിനിയമങ്ങൾക്ക്‌ വിപരീതമായി അവയെ ചൂഷണം ചെയ്യുന്ന കൂർമ്മബുദ്ധിയാണ്‌ മനുഷ്യൻ പ്രയോഗിച്ചതും ഇന്നും തുടർന്നു കൊണ്ടിരിക്കുന്നതും.

സസ്യങ്ങളുടെയും ജന്തുക്കളുടെയും നാശം പ്രകൃതിയുടെ താളം തെറ്റിച്ചു തുടങ്ങിയാൽ അത്‌ മനുഷ്യന്റേയും നാശത്തിനുളള തുടക്കമായിരിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ. വ്യാപകമായി കാടുകൾ വെട്ടിമാറ്റിയും കുന്നുകൾ ഇടിച്ചു നിരപ്പാക്കിയും കോൺക്രീറ്റു കാടുകളും മറ്റും പോഷിപ്പിക്കുന്ന മനുഷ്യൻ തന്റെ തലമുറയുടെ ആയുസ്സിനുമേലാണ്‌ കൈവെക്കുന്നതെന്ന്‌ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

നമ്മുടെ രാജ്യത്തിന്‌ ഏഴ്‌ ശതമാനം മാത്രമേ കാടുളളുവെന്നാണ്‌ കണക്ക്‌. പ്രകൃതിദത്തമായ നിലനിൽപ്പിന്‌ 33 ശതമാനമെങ്കിലും കാടുകൾ വേണം. അരനൂറ്റാണ്ടിനപ്പുറം 70 ശതമാനത്തോളം കാടുണ്ടായിരുന്ന നമ്മുടെ രാജ്യത്ത്‌ ഇന്നത്‌ 7 ശതമാനമായി ചുരുങ്ങിപ്പോയെന്ന്‌ കണക്കുകൾ സൂചിപ്പിക്കുമ്പോൾ ഇവിടെ മനുഷ്യന്റെ കൈകടത്തൽ എത്രത്തോളം ഭീകരമാണെന്ന്‌ വ്യക്തമാവും.

1988-ലെ ദേശീയവനനയം അനുസരിച്ചു വരുന്ന 20 വർഷംകൊണ്ട്‌ 7 ശതമാനത്തിൽ നിന്നും 33 ശതമാനത്തിലേക്ക്‌ വനസമ്പത്ത്‌ ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്‌. എന്നാൽ ഈ ലക്ഷ്യപ്രാപ്തിക്കുളള ശീഘ്രമായ മുന്നേറ്റം ഇവിടെ നടക്കുന്നുണ്ടോയെന്നത്‌ സംശയകരമാണ്‌. പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്‌മയ്‌ക്ക്‌ ഉത്തേജനമായി ഇവിടെ പൊതുരംഗം ഉണർന്നു വരുന്നില്ലായെന്നു മാത്രമല്ല ഉളള പ്രവർത്തനങ്ങളെ നിരുൽസാഹപ്പെടുത്തുന്ന രീതി തർക്കങ്ങളിലൂടെ കൊഴുപ്പിച്ചു കൊണ്ടുവരികയുമാണ്‌ ചെയ്യുന്നത്‌.

പരിസ്ഥിതി വിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ ശബ്‌ദമുയർത്തുന്നത്‌ പലരീതിയിലും തടയാൻ ശ്രമിക്കുന്നവർക്കിടയിൽ കൊഴിഞ്ഞുപോയ പച്ചപ്പിനെ പുനർജ്ജീവിപ്പിക്കാൻ, നഗ്‌നമാക്കപ്പെട്ട ഭൂമിയിൽ വീണ്ടും പച്ചപ്പ്‌ പിടിച്ചുകാണാൻ കൊതിക്കുന്ന പരിസ്ഥിതി പ്രവർത്തകരുടെ സമൂഹം തന്നാൽ ചെയ്യാവുന്ന കർമ്മങ്ങൾ ഇവിടെ ചെയ്‌തുവെക്കുകയാണ്‌.


‘ഹരിതനഗരങ്ങൾ’ എന്ന ലക്ഷ്യം ഉയർത്തിക്കാട്ടിക്കൊണ്ടാണ്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തിൽ ഇത്തവണ ലോകപരിസ്ഥിതിദിനം ആചരിച്ചത്‌. കേരളത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ്‌, അഫിലിയേറ്റു ചെയ്‌ത ക്ലബ്ബുകളെ ഉൾപ്പെടുത്തി ‘ക്ലബ്ബ്‌ മരം’ പദ്ധതിയും നടപ്പിലാക്കി. പ്രാദേശികതലത്തിലുളള നിരവധി പരിസ്ഥിതി സംഘടനകളും ക്ലബ്ബുകളും റോഡരികിലും തുറസായ പ്രദേശങ്ങളിലും മറ്റും വൃക്ഷതൈകൾ നട്ടുകൊണ്ട്‌ പരിസ്ഥിതിദിനത്തിൽ സജീവത കാട്ടി. ഈ അവസരത്തിലും ഒരു മരം നടുകയെന്ന പുണ്യകർമ്മത്തോടു വിമുഖത കാട്ടുന്നവരും പരിഹസിക്കുന്നവരും ഏറെയാണ്‌.

തർക്കവും തർക്കുത്തരവും ഇവിടെ അജണ്ടയിലില്ല. ഇവിടെ വാർഡുതലം തൊട്ടുളള പരിസ്ഥിതി പ്രവർത്തകരുടെ കടമ മറ്റൊന്നാണ്‌. ലോക പരിസ്ഥിതിദിനത്തിൽ നാം നട്ട അനേകം വൃക്ഷതൈകൾ പരിപാലിച്ചു വളർത്തുക.

ഹരിതനഗരങ്ങളും ക്ലബ്ബുമരങ്ങളും പരിസ്ഥിതിദിനത്തിലെ കേവലമൊരു ചടങ്ങായി ഒതുക്കാതെ ഭൂമിയുടെ മാറിൽ എക്കാലവും നിലനിർത്തിപ്പോരാൻ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുളള ജനകീയ കൂട്ടായ്‌മയ്‌ക്കു കഴിയണം. കൂടെ വൃക്ഷകൈൾ നടാൻ നാം വീണ്ടുമൊരു ലോകപരിസ്ഥിതിദിനത്തിനു കാത്തുനിൽക്കാതെ നമുക്ക്‌ മരങ്ങൾ നട്ടു സംരക്ഷിച്ചു കൊണ്ടേയിരിക്കുകയും ചെയ്യാം.

ഒരാൾക്കൊരു മരം. നക്ഷത്രമരമെന്ന ജ്യോതിഷാശയം പ്രാവർത്തികമാക്കുന്നതും പ്രകൃതിയുടെ സമ്പത്ത്‌ പോഷിപ്പിക്കുന്നതിനുളള ഉത്തമ മാർഗ്ഗമാണ്‌. അശ്വതി മുതൽ രേവതിവരെ ഇരുപത്തിയേഴ്‌ നക്ഷത്രങ്ങൾക്കുമായി ഇരുപത്തിയേഴ്‌ മരങ്ങൾ പറഞ്ഞുവെച്ചിട്ടുണ്ട്‌.

അശ്വതി നക്ഷത്രത്തിന്‌ കാഞ്ഞിരമരമാണെങ്കിൽ പൂയം നക്ഷത്രക്കാർക്ക്‌ അരയാൽ വൃക്ഷമാണ്‌. പുണർതക്കാർക്ക്‌ മുളയും അവിട്ടം നക്ഷത്രകാർക്ക്‌ ഇലഞ്ഞിമരവും ആണ്‌. ഇങ്ങിനെ ഓരോ നക്ഷത്രകാർക്കും ഓരോ മരമുണ്ട്‌.

ഒരു വീട്ടിൽ പത്തുപേരുണ്ടെങ്കിൽ ഈ പത്തുപേരും പത്തു നക്ഷത്രക്കാരാണെങ്കിൽ ഇവരുടെ നക്ഷത്രത്തിൽ പെടുന്ന വൃക്ഷങ്ങൾ ഇവർ നട്ടു സംരക്ഷിച്ചു നിർത്തിയാൽ ഇന്ത്യയിലെ വനസമ്പത്തിന്റെ വളർച്ച അത്ഭുതത്തോടുകൂടി മാത്രമേ ആലോചിച്ചുവെക്കാൻ സാധിക്കൂ.

ഓരോ നക്ഷത്രപ്രകാരമുളള വൃക്ഷങ്ങൾ താഴെ പറയും പ്രകാരമാണ്‌.

അശ്വതി - കാഞ്ഞിരമരം, ഭരണി-നെല്ലി, കാർത്തിക-അത്തിമരം, രോഹിണി-ഞ്ഞാവൽ, മകീര്യം-കരിങ്ങാലി, തിരുവാതിര-കരിമരം, പുണർതം-മുള, പൂയം-അരയാൽ, ആയില്യം-നാകമരം, മകം-പേരാൽ, പൂരം-പ്ലാശ്‌, ഉത്രം-ഇത്തി, അത്തം-അമ്പഴം, ചിത്ര-കൂവളം, ചോതി-നീർമരുത്‌, വിശാഖം-വയ്യങ്കതവുമരം, അനിഴം-ഇലഞ്ഞി, തൃക്കേട്ട-വെട്ടിമരം, മൂലം-പയിനമരം, പൂരാടം-പഞ്ഞി, ഉത്രാടം-പിലാവ്‌, തിരുവോണം-എരുക്ക്‌, അവിട്ടം-വന്നിമരം, ചതയം-കടമ്പ്‌, പൂരുരുട്ടാതി-തേന്മാവ്‌, ഉത്രട്ടാതി-കരിമ്പന, രേവതി-ഇരിച്ചമരം.

ഒരാൾക്കൊരു മരം, നക്ഷത്രമരമെന്നതുപോലെതന്നെ വനവൽക്കരണത്തിന്‌ നൂതനമായൊരു ആശയമാണ്‌ ഗ്രാമവനപദ്ധതി. പാരിസ്ഥിതിക അസന്തുലിതാവസ്ഥയെ പ്രതിരോധിക്കാൻ പഞ്ചായത്തുകൾ തോറും ഗ്രാമവനപദ്ധതി നടപ്പാക്കുകയെന്ന ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്‌ കണ്ണപുരം എൻവിറോൺമെന്റ്‌ അവയർനെസ്‌ മൂവ്‌മെന്റ്‌ (കാനനം) പ്രവർത്തകരാണ്‌.

നിലവിലുളള വനങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ഓരോ പഞ്ചായത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉത്തരവാദിത്തത്തിൽ ഗ്രാമവനപദ്ധതിയായ പരിസ്ഥിതി പ്രാധാന്യമുളള സ്ഥലങ്ങൾ ഏറ്റെടുത്ത്‌ അവിടെ വിവിധയിനം സസ്യജാലങ്ങൾ നട്ടുപിടിപ്പിച്ച്‌ സംരക്ഷിക്കണമെന്നതാണ്‌ കാനനം പ്രവർത്തകരുടെ ആവശ്യം.

ഈ സ്വപ്ന സാക്ഷാൽക്കാരത്തിനായി ഭരണാധികാരികളുടെ ശ്രദ്ധയുണർത്താൻ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്‌മകൾക്ക്‌ കഴിയണം.

പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായങ്ങളും മുന്നറിയിപ്പുകളും വിലക്കെടുക്കാത്തൊരു സാഹചര്യമാണ്‌ ഇന്നുളളത്‌. ഈ അവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ട്‌. പ്രകൃതിയെ ചൂഷണം ചെയ്യുന്നത്‌ തടയാനും അതിനെതിരെ ഐക്യനിര കെട്ടിപ്പടുക്കാനും 2005 ജൂൺ 5-ന്‌ മുംബെയിൽവെച്ച്‌ അഖിലേന്ത്യാതലത്തിൽ രൂപീകൃതമായ പ്രകൃതി ജാഗ്രത നിരീക്ഷണ സംഘത്തിന്‌ ഇക്കാര്യത്തിൽ ഏറെ ചെയ്യാൻ കഴിയുമെന്ന്‌ ആശിക്കാം.

ദിനേശൻ കണ്ണപുരം

പ്രീതിലതാസദനം, പി.ഒ.മൊട്ടമ്മൽ, കണ്ണൂർ - 670 331.

ലേഖനം ഇവിടെനിന്ന്

Saturday, February 11, 2012

0 പരിസ്ഥിതി നശീകരണവും പാപം: കെസിബിസി

കൊച്ചി: കുമ്പസാരത്തില്‍ ഏറ്റു പറയേണ്ട പാപങ്ങളുടെ കൂട്ടത്തില്‍ പരിസ്ഥിതി നശീകരണത്തെയും ഉള്‍പ്പെടുത്താന്‍ കേരള കാത്തലിക്ക് മെത്രാന്‍ സമിതി(കെസിബിസി) ആലോചിക്കുന്നു. സഭയുടെ ഹരിത ആധ്യാതികതയെന്ന ആശയത്തിന്റെ ഭാഗമാണ് ഈ നടപടി.

കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപങ്ങള്‍ തീരുമാനിക്കാന്‍ സാര്‍വത്രിക സഭയ്ക്കു മാത്രമേ അധികാരമുള്ളു എങ്കിലും ജീവ വര്‍ഗത്തിനെതിരെയുള്ള പാപങ്ങള്‍ പോലെ പ്രകൃതിക്കെതിരെയുള്ള കടന്നുകയറ്റവും പാപമാണെന്ന ബോധ്യത്തില്‍ കുമ്പസാരത്തില്‍ ഏറ്റുപറയാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണു സഭയുടെലക്ഷ്യം.

സഭാ വേദികളില്‍ ചര്‍ച്ചചെയ്ത 'ഹരിത ആധ്യാത്മികത മൂന്നു ദിവസങ്ങളിലായി നടന്നുവന്ന കെസിബിസി യോഗം അംഗീകരിച്ചു. ഹരിത ആധ്യാത്മികയുടെ വിവിധ ദര്‍ശനങ്ങള്‍ ഇതിനകം ചര്‍ച്ചചെയ്ത് അംഗീകരിച്ച കേരള സഭ ഇതു സംബന്ധിച്ച മാര്‍ഗരേഖ കെസിബിസി പരിസ്ഥിതി സമിതിയുടെ ചര്‍ച്ചയ്ക്കായി സമര്‍പ്പിച്ചു.

ഫെബ്രുവരി അവസാനത്തോടെ ഇതു നയമായി അവതരിപ്പിക്കാനും സഭാതലത്തില്‍ നടപ്പാക്കാനുമാണ് തീരുമാനം. വൈദിക, സന്യാസ പരിശീലനങ്ങളില്‍ ഇനി മുതല്‍ പ്രകൃതി സംരക്ഷണവും മാലിന്യ സംസ്‌കരണവും ഉള്‍പ്പെടും. മണ്ണില്‍ പണിയെടുത്തു ജീവിക്കാന്‍ വിശ്വാസികളെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം ശുദ്ധജലവും പ്രകൃതി വിഭവങ്ങളും മിതമായി ഉപയോഗിക്കാനും സഭ ആഹ്വാനം ചെയ്യും.

സഭാ കേന്ദ്രങ്ങള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കു സമീപമുള്ള റോഡുകളില്‍ നിയമം അനുവദിക്കുന്ന വിധത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക. പരിസ്ഥിതി വിഷയങ്ങളില്‍ ആശ്രയിക്കാന്‍ കഴിയുന്ന വിദഗ്ധരുടെ സ്ഥിരം സമിതിയുണ്ടാക്കുക എന്നീ കാര്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

ഹരിത കെട്ടിടങ്ങളുടെ നിര്‍മാണത്തിനും ജൈവോല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും ഉപഭോഗത്തിനും പ്രോല്‍സാഹനം നല്‍കും. സഭാ വേദികളില്‍ ഫ്‌ളക്‌സ്, തെര്‍മോകോള്‍ ഉപയോഗം നിയന്ത്രിക്കും. സൌരോര്‍ജ വിളക്കുകളും വാട്ടര്‍ ഹീറ്ററുകളും പ്രചരിപ്പിക്കും.

പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി ശുചീകരണത്തിന്റെയും ഭാഗമായി ആഘോഷ വേളകളില്‍ ദീപാലങ്കാരങ്ങള്‍ക്കും കരിമരുന്നു പ്രയോഗങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരും. സഭാ സ്ഥാപനങ്ങളുടെ വാര്‍ഷിക ബജറ്റില്‍ പ്രകൃതി സംരക്ഷണത്തിന് ഇനിമുതല്‍ പണം വകയിരുത്തുാനും കെസിബിസി തീരുമാനിച്ചിട്ടുണ്ട്.

വാർത്ത ഇവിടെ നിന്ന്‌

0 ഉഴിഞ്ഞ കാൻസറിന് ഔഷധം



The Botanical name is Cardiospermum halicacabum

Sunday, January 22, 2012

0 പൊതുസ്ഥലങ്ങളിലെ മരങ്ങള്‍ സംരക്ഷിക്കുക.

 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates