Tuesday, February 28, 2012

0 ഒരാൾക്കൊരു മരം നക്ഷത്രമരം

2005 ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ പരിസ്ഥിതി പ്രവർത്തകരെ ഏറെ കർമ്മോന്യുക്തരാക്കിയ ആശയങ്ങളാണ്‌ ഹരിതനഗരങ്ങൾ, ക്ലബ്‌ മരം, ഒരാൾക്കൊരു മരം നക്ഷത്രമരം തുടങ്ങിയവ. ഇവയൊന്നും ഏകദിന അജണ്ടയല്ല. വരുംകാലങ്ങളിൽ പടർന്നു പന്തലിച്ചു നിർത്തേണ്ട തുടർപ്രവർത്തനങ്ങളാണ്‌. എന്തിനാണു നാം ഇത്തരം പ്രവർത്തനങ്ങളിൽ സജീവത കാട്ടുന്നത്‌? എന്തിനാണ്‌ നാം പരിസ്ഥിതിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഏറെ വ്യാകുലപ്പെടുകയും വേവലാതിപ്പെടുകയും ചെയ്യുന്നത്‌!

ഉത്തരം ലളിതമാണ്‌. പ്രകൃതിയോടുളള മനുഷ്യന്റെ സ്വാർത്ഥതാ മനോഭാവം നമ്മുടെ മണ്ണിനേയും വെളളത്തേയും വായുവിനെയും ഇന്നേറെ മലീമസമാക്കിയിരിക്കുകയാണ്‌. ഈ നിലനിൽപ്പുണ്ടാക്കുന്ന ശ്വാസം മുട്ടൽ മനുഷ്യനെ വീണ്ടും പ്രകൃതിയിലേക്ക്‌ മടങ്ങാൻ പ്രേരിപ്പിക്കുകയും ഇത്‌ പരിസ്ഥിതി പ്രവർത്തകരുടെ സംഘം ചേരലിൽ കൂടുതൽ ഉണർവ്വുണ്ടാക്കുകയും ചെയ്യുന്നു.

ഇത്‌ ശുഭപ്രതീക്ഷയും തരുന്ന സംഗതിയാണ്‌. എങ്കിലും ലക്ഷ്യപ്രാപ്‌തിക്കായി ഇനിയും നാം ഒരുപാടു ദൂരം പിന്നിടേണ്ടിയിരിക്കുന്നു. കാരണം പ്രകൃതിയെ പ്രണയിക്കൂ പുരാതന മനുഷ്യരിൽ നിന്നും പ്രകൃതിയെ ചൂഷണം ചെയ്‌തുകൊണ്ടിരിക്കുന്ന ആധുനിക മനുഷ്യസമൂഹത്തിലേയ്‌ക്ക്‌ കാലമിന്നെത്തി നിൽക്കുമ്പോൾ ഒരു കാര്യം നമുക്ക്‌ ബോധ്യപ്പെടും. ഇവിടം മരുഭൂമിയാകാൻ ഇനി ഇത്തിരി പച്ചപ്പുകൂടി മാത്രമേ ബാക്കിയുളളുവെന്ന്‌.

പ്രകൃതി വിഭവങ്ങൾ മനുഷ്യന്റെ ജീവിതവളർച്ചയ്‌ക്ക്‌ അനിവാര്യമാണെങ്കിലും പ്രകൃതിനിയമങ്ങൾക്ക്‌ വിപരീതമായി അവയെ ചൂഷണം ചെയ്യുന്ന കൂർമ്മബുദ്ധിയാണ്‌ മനുഷ്യൻ പ്രയോഗിച്ചതും ഇന്നും തുടർന്നു കൊണ്ടിരിക്കുന്നതും.

സസ്യങ്ങളുടെയും ജന്തുക്കളുടെയും നാശം പ്രകൃതിയുടെ താളം തെറ്റിച്ചു തുടങ്ങിയാൽ അത്‌ മനുഷ്യന്റേയും നാശത്തിനുളള തുടക്കമായിരിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ. വ്യാപകമായി കാടുകൾ വെട്ടിമാറ്റിയും കുന്നുകൾ ഇടിച്ചു നിരപ്പാക്കിയും കോൺക്രീറ്റു കാടുകളും മറ്റും പോഷിപ്പിക്കുന്ന മനുഷ്യൻ തന്റെ തലമുറയുടെ ആയുസ്സിനുമേലാണ്‌ കൈവെക്കുന്നതെന്ന്‌ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

നമ്മുടെ രാജ്യത്തിന്‌ ഏഴ്‌ ശതമാനം മാത്രമേ കാടുളളുവെന്നാണ്‌ കണക്ക്‌. പ്രകൃതിദത്തമായ നിലനിൽപ്പിന്‌ 33 ശതമാനമെങ്കിലും കാടുകൾ വേണം. അരനൂറ്റാണ്ടിനപ്പുറം 70 ശതമാനത്തോളം കാടുണ്ടായിരുന്ന നമ്മുടെ രാജ്യത്ത്‌ ഇന്നത്‌ 7 ശതമാനമായി ചുരുങ്ങിപ്പോയെന്ന്‌ കണക്കുകൾ സൂചിപ്പിക്കുമ്പോൾ ഇവിടെ മനുഷ്യന്റെ കൈകടത്തൽ എത്രത്തോളം ഭീകരമാണെന്ന്‌ വ്യക്തമാവും.

1988-ലെ ദേശീയവനനയം അനുസരിച്ചു വരുന്ന 20 വർഷംകൊണ്ട്‌ 7 ശതമാനത്തിൽ നിന്നും 33 ശതമാനത്തിലേക്ക്‌ വനസമ്പത്ത്‌ ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്‌. എന്നാൽ ഈ ലക്ഷ്യപ്രാപ്തിക്കുളള ശീഘ്രമായ മുന്നേറ്റം ഇവിടെ നടക്കുന്നുണ്ടോയെന്നത്‌ സംശയകരമാണ്‌. പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്‌മയ്‌ക്ക്‌ ഉത്തേജനമായി ഇവിടെ പൊതുരംഗം ഉണർന്നു വരുന്നില്ലായെന്നു മാത്രമല്ല ഉളള പ്രവർത്തനങ്ങളെ നിരുൽസാഹപ്പെടുത്തുന്ന രീതി തർക്കങ്ങളിലൂടെ കൊഴുപ്പിച്ചു കൊണ്ടുവരികയുമാണ്‌ ചെയ്യുന്നത്‌.

പരിസ്ഥിതി വിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ ശബ്‌ദമുയർത്തുന്നത്‌ പലരീതിയിലും തടയാൻ ശ്രമിക്കുന്നവർക്കിടയിൽ കൊഴിഞ്ഞുപോയ പച്ചപ്പിനെ പുനർജ്ജീവിപ്പിക്കാൻ, നഗ്‌നമാക്കപ്പെട്ട ഭൂമിയിൽ വീണ്ടും പച്ചപ്പ്‌ പിടിച്ചുകാണാൻ കൊതിക്കുന്ന പരിസ്ഥിതി പ്രവർത്തകരുടെ സമൂഹം തന്നാൽ ചെയ്യാവുന്ന കർമ്മങ്ങൾ ഇവിടെ ചെയ്‌തുവെക്കുകയാണ്‌.


‘ഹരിതനഗരങ്ങൾ’ എന്ന ലക്ഷ്യം ഉയർത്തിക്കാട്ടിക്കൊണ്ടാണ്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തിൽ ഇത്തവണ ലോകപരിസ്ഥിതിദിനം ആചരിച്ചത്‌. കേരളത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ്‌, അഫിലിയേറ്റു ചെയ്‌ത ക്ലബ്ബുകളെ ഉൾപ്പെടുത്തി ‘ക്ലബ്ബ്‌ മരം’ പദ്ധതിയും നടപ്പിലാക്കി. പ്രാദേശികതലത്തിലുളള നിരവധി പരിസ്ഥിതി സംഘടനകളും ക്ലബ്ബുകളും റോഡരികിലും തുറസായ പ്രദേശങ്ങളിലും മറ്റും വൃക്ഷതൈകൾ നട്ടുകൊണ്ട്‌ പരിസ്ഥിതിദിനത്തിൽ സജീവത കാട്ടി. ഈ അവസരത്തിലും ഒരു മരം നടുകയെന്ന പുണ്യകർമ്മത്തോടു വിമുഖത കാട്ടുന്നവരും പരിഹസിക്കുന്നവരും ഏറെയാണ്‌.

തർക്കവും തർക്കുത്തരവും ഇവിടെ അജണ്ടയിലില്ല. ഇവിടെ വാർഡുതലം തൊട്ടുളള പരിസ്ഥിതി പ്രവർത്തകരുടെ കടമ മറ്റൊന്നാണ്‌. ലോക പരിസ്ഥിതിദിനത്തിൽ നാം നട്ട അനേകം വൃക്ഷതൈകൾ പരിപാലിച്ചു വളർത്തുക.

ഹരിതനഗരങ്ങളും ക്ലബ്ബുമരങ്ങളും പരിസ്ഥിതിദിനത്തിലെ കേവലമൊരു ചടങ്ങായി ഒതുക്കാതെ ഭൂമിയുടെ മാറിൽ എക്കാലവും നിലനിർത്തിപ്പോരാൻ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുളള ജനകീയ കൂട്ടായ്‌മയ്‌ക്കു കഴിയണം. കൂടെ വൃക്ഷകൈൾ നടാൻ നാം വീണ്ടുമൊരു ലോകപരിസ്ഥിതിദിനത്തിനു കാത്തുനിൽക്കാതെ നമുക്ക്‌ മരങ്ങൾ നട്ടു സംരക്ഷിച്ചു കൊണ്ടേയിരിക്കുകയും ചെയ്യാം.

ഒരാൾക്കൊരു മരം. നക്ഷത്രമരമെന്ന ജ്യോതിഷാശയം പ്രാവർത്തികമാക്കുന്നതും പ്രകൃതിയുടെ സമ്പത്ത്‌ പോഷിപ്പിക്കുന്നതിനുളള ഉത്തമ മാർഗ്ഗമാണ്‌. അശ്വതി മുതൽ രേവതിവരെ ഇരുപത്തിയേഴ്‌ നക്ഷത്രങ്ങൾക്കുമായി ഇരുപത്തിയേഴ്‌ മരങ്ങൾ പറഞ്ഞുവെച്ചിട്ടുണ്ട്‌.

അശ്വതി നക്ഷത്രത്തിന്‌ കാഞ്ഞിരമരമാണെങ്കിൽ പൂയം നക്ഷത്രക്കാർക്ക്‌ അരയാൽ വൃക്ഷമാണ്‌. പുണർതക്കാർക്ക്‌ മുളയും അവിട്ടം നക്ഷത്രകാർക്ക്‌ ഇലഞ്ഞിമരവും ആണ്‌. ഇങ്ങിനെ ഓരോ നക്ഷത്രകാർക്കും ഓരോ മരമുണ്ട്‌.

ഒരു വീട്ടിൽ പത്തുപേരുണ്ടെങ്കിൽ ഈ പത്തുപേരും പത്തു നക്ഷത്രക്കാരാണെങ്കിൽ ഇവരുടെ നക്ഷത്രത്തിൽ പെടുന്ന വൃക്ഷങ്ങൾ ഇവർ നട്ടു സംരക്ഷിച്ചു നിർത്തിയാൽ ഇന്ത്യയിലെ വനസമ്പത്തിന്റെ വളർച്ച അത്ഭുതത്തോടുകൂടി മാത്രമേ ആലോചിച്ചുവെക്കാൻ സാധിക്കൂ.

ഓരോ നക്ഷത്രപ്രകാരമുളള വൃക്ഷങ്ങൾ താഴെ പറയും പ്രകാരമാണ്‌.

അശ്വതി - കാഞ്ഞിരമരം, ഭരണി-നെല്ലി, കാർത്തിക-അത്തിമരം, രോഹിണി-ഞ്ഞാവൽ, മകീര്യം-കരിങ്ങാലി, തിരുവാതിര-കരിമരം, പുണർതം-മുള, പൂയം-അരയാൽ, ആയില്യം-നാകമരം, മകം-പേരാൽ, പൂരം-പ്ലാശ്‌, ഉത്രം-ഇത്തി, അത്തം-അമ്പഴം, ചിത്ര-കൂവളം, ചോതി-നീർമരുത്‌, വിശാഖം-വയ്യങ്കതവുമരം, അനിഴം-ഇലഞ്ഞി, തൃക്കേട്ട-വെട്ടിമരം, മൂലം-പയിനമരം, പൂരാടം-പഞ്ഞി, ഉത്രാടം-പിലാവ്‌, തിരുവോണം-എരുക്ക്‌, അവിട്ടം-വന്നിമരം, ചതയം-കടമ്പ്‌, പൂരുരുട്ടാതി-തേന്മാവ്‌, ഉത്രട്ടാതി-കരിമ്പന, രേവതി-ഇരിച്ചമരം.

ഒരാൾക്കൊരു മരം, നക്ഷത്രമരമെന്നതുപോലെതന്നെ വനവൽക്കരണത്തിന്‌ നൂതനമായൊരു ആശയമാണ്‌ ഗ്രാമവനപദ്ധതി. പാരിസ്ഥിതിക അസന്തുലിതാവസ്ഥയെ പ്രതിരോധിക്കാൻ പഞ്ചായത്തുകൾ തോറും ഗ്രാമവനപദ്ധതി നടപ്പാക്കുകയെന്ന ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്‌ കണ്ണപുരം എൻവിറോൺമെന്റ്‌ അവയർനെസ്‌ മൂവ്‌മെന്റ്‌ (കാനനം) പ്രവർത്തകരാണ്‌.

നിലവിലുളള വനങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ഓരോ പഞ്ചായത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉത്തരവാദിത്തത്തിൽ ഗ്രാമവനപദ്ധതിയായ പരിസ്ഥിതി പ്രാധാന്യമുളള സ്ഥലങ്ങൾ ഏറ്റെടുത്ത്‌ അവിടെ വിവിധയിനം സസ്യജാലങ്ങൾ നട്ടുപിടിപ്പിച്ച്‌ സംരക്ഷിക്കണമെന്നതാണ്‌ കാനനം പ്രവർത്തകരുടെ ആവശ്യം.

ഈ സ്വപ്ന സാക്ഷാൽക്കാരത്തിനായി ഭരണാധികാരികളുടെ ശ്രദ്ധയുണർത്താൻ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്‌മകൾക്ക്‌ കഴിയണം.

പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായങ്ങളും മുന്നറിയിപ്പുകളും വിലക്കെടുക്കാത്തൊരു സാഹചര്യമാണ്‌ ഇന്നുളളത്‌. ഈ അവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ട്‌. പ്രകൃതിയെ ചൂഷണം ചെയ്യുന്നത്‌ തടയാനും അതിനെതിരെ ഐക്യനിര കെട്ടിപ്പടുക്കാനും 2005 ജൂൺ 5-ന്‌ മുംബെയിൽവെച്ച്‌ അഖിലേന്ത്യാതലത്തിൽ രൂപീകൃതമായ പ്രകൃതി ജാഗ്രത നിരീക്ഷണ സംഘത്തിന്‌ ഇക്കാര്യത്തിൽ ഏറെ ചെയ്യാൻ കഴിയുമെന്ന്‌ ആശിക്കാം.

ദിനേശൻ കണ്ണപുരം

പ്രീതിലതാസദനം, പി.ഒ.മൊട്ടമ്മൽ, കണ്ണൂർ - 670 331.

ലേഖനം ഇവിടെനിന്ന്

Saturday, February 11, 2012

0 പരിസ്ഥിതി നശീകരണവും പാപം: കെസിബിസി

കൊച്ചി: കുമ്പസാരത്തില്‍ ഏറ്റു പറയേണ്ട പാപങ്ങളുടെ കൂട്ടത്തില്‍ പരിസ്ഥിതി നശീകരണത്തെയും ഉള്‍പ്പെടുത്താന്‍ കേരള കാത്തലിക്ക് മെത്രാന്‍ സമിതി(കെസിബിസി) ആലോചിക്കുന്നു. സഭയുടെ ഹരിത ആധ്യാതികതയെന്ന ആശയത്തിന്റെ ഭാഗമാണ് ഈ നടപടി.

കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപങ്ങള്‍ തീരുമാനിക്കാന്‍ സാര്‍വത്രിക സഭയ്ക്കു മാത്രമേ അധികാരമുള്ളു എങ്കിലും ജീവ വര്‍ഗത്തിനെതിരെയുള്ള പാപങ്ങള്‍ പോലെ പ്രകൃതിക്കെതിരെയുള്ള കടന്നുകയറ്റവും പാപമാണെന്ന ബോധ്യത്തില്‍ കുമ്പസാരത്തില്‍ ഏറ്റുപറയാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണു സഭയുടെലക്ഷ്യം.

സഭാ വേദികളില്‍ ചര്‍ച്ചചെയ്ത 'ഹരിത ആധ്യാത്മികത മൂന്നു ദിവസങ്ങളിലായി നടന്നുവന്ന കെസിബിസി യോഗം അംഗീകരിച്ചു. ഹരിത ആധ്യാത്മികയുടെ വിവിധ ദര്‍ശനങ്ങള്‍ ഇതിനകം ചര്‍ച്ചചെയ്ത് അംഗീകരിച്ച കേരള സഭ ഇതു സംബന്ധിച്ച മാര്‍ഗരേഖ കെസിബിസി പരിസ്ഥിതി സമിതിയുടെ ചര്‍ച്ചയ്ക്കായി സമര്‍പ്പിച്ചു.

ഫെബ്രുവരി അവസാനത്തോടെ ഇതു നയമായി അവതരിപ്പിക്കാനും സഭാതലത്തില്‍ നടപ്പാക്കാനുമാണ് തീരുമാനം. വൈദിക, സന്യാസ പരിശീലനങ്ങളില്‍ ഇനി മുതല്‍ പ്രകൃതി സംരക്ഷണവും മാലിന്യ സംസ്‌കരണവും ഉള്‍പ്പെടും. മണ്ണില്‍ പണിയെടുത്തു ജീവിക്കാന്‍ വിശ്വാസികളെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം ശുദ്ധജലവും പ്രകൃതി വിഭവങ്ങളും മിതമായി ഉപയോഗിക്കാനും സഭ ആഹ്വാനം ചെയ്യും.

സഭാ കേന്ദ്രങ്ങള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കു സമീപമുള്ള റോഡുകളില്‍ നിയമം അനുവദിക്കുന്ന വിധത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക. പരിസ്ഥിതി വിഷയങ്ങളില്‍ ആശ്രയിക്കാന്‍ കഴിയുന്ന വിദഗ്ധരുടെ സ്ഥിരം സമിതിയുണ്ടാക്കുക എന്നീ കാര്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

ഹരിത കെട്ടിടങ്ങളുടെ നിര്‍മാണത്തിനും ജൈവോല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും ഉപഭോഗത്തിനും പ്രോല്‍സാഹനം നല്‍കും. സഭാ വേദികളില്‍ ഫ്‌ളക്‌സ്, തെര്‍മോകോള്‍ ഉപയോഗം നിയന്ത്രിക്കും. സൌരോര്‍ജ വിളക്കുകളും വാട്ടര്‍ ഹീറ്ററുകളും പ്രചരിപ്പിക്കും.

പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി ശുചീകരണത്തിന്റെയും ഭാഗമായി ആഘോഷ വേളകളില്‍ ദീപാലങ്കാരങ്ങള്‍ക്കും കരിമരുന്നു പ്രയോഗങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരും. സഭാ സ്ഥാപനങ്ങളുടെ വാര്‍ഷിക ബജറ്റില്‍ പ്രകൃതി സംരക്ഷണത്തിന് ഇനിമുതല്‍ പണം വകയിരുത്തുാനും കെസിബിസി തീരുമാനിച്ചിട്ടുണ്ട്.

വാർത്ത ഇവിടെ നിന്ന്‌

0 ഉഴിഞ്ഞ കാൻസറിന് ഔഷധം



The Botanical name is Cardiospermum halicacabum
 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates