Tuesday, January 29, 2008

3 മരമില്ലാതെ നരനില്ല - ബാലേന്ദുവിന്റെ കവിത


മരമില്ലാതെ നരനില്ല

ബാലേന്ദു

മരം നരന്നു രക്ഷയാണൊരുറ്റ ബന്ധു തന്നെയാ-
ണൊരിക്കലും വിടാതെയൊപ്പമുള്ളൊരാപ്തമിത്രവും.
ജനിച്ചുടന്‍ കിടക്കുവാന്‍ മരം കടഞ്ഞ തൊട്ടിലാം
വളര്‍ന്ന നാള്‍ കിടക്കുവാന്‍ മരത്തിലുള്ള കട്ടിലും.
നടക്കുവാന്‍ പിടിക്കുവാന്‍ മരത്തെയാശ്രയിക്കണം
പഠിക്കുവാന്‍ മടിക്കുകില്‍ അടിക്കുവാന്‍ വരും വടി.
പഠിപ്പിയന്ന മര്‍ത്യനേറെ വേണ്ട വസ്തു പേപ്പറും
കിടച്ചിടുന്നു സസ്യജാലമൊന്നില്‍ നിന്നു നിര്‍ണ്ണയം.
പുരയ്ക്കു തൂണുമോലയും മുറുക്കിടുന്ന വള്ളിയും
നിറച്ചു വാച്ചിടും മരം നമുക്കു നിത്യമാശ്രയം.
പഴങ്ങള്‍, കായ്കള്‍ ധാന്യമൊക്കെയേകിടും കഴിക്കുവാന്‍
രസങ്ങളെത്രയുണ്ടു ദാഹമാറ്റുവാന്‍ മരങ്ങളില്‍.
പൊരിച്ചെരിച്ചു ചുട്ടു നീറ്റിയൊക്കെയും കഴിക്കുവാന്‍
അടുപ്പിലിട്ടെരിക്കുവാന്‍ തരും മരങ്ങളിന്ധനം.
ഉടുക്കുവാന്‍ തുണിത്തരം പുതയ്ക്കുവാന്‍ പുതപ്പുകള്‍
ഒരുക്കിടാന്‍ നമുക്കു നാരു നല്‍കിടുന്നതും മരം.
ഇറച്ചി തിന്നുവോര്‍ക്കുമുണ്ടു കാര്യമീ മരങ്ങളാല്‍
നിറച്ചിറച്ചി വായ്ക്കുവാന്‍ മൃഗങ്ങള്‍ തീറ്റി തിന്നണം.
ഇറച്ചിയേകുമാടുകോഴിവാത്തുപോത്തുപന്നിയും
ഇറച്ചിയല്ല സസ്യമാണു തിന്നുമെന്നതോര്‍ക്കണം
മരം നിറഞ്ഞ കാടുകള്‍ തടഞ്ഞ മേഘമല്ലയോ
മഴയ്ക്കു വേണ്ട കാരണം, മരം മഴയ്ക്കുമാശ്രയം.
ഇരിക്കുവോളമിങ്ങു സര്‍വമേകുവോരു വൃക്ഷമാ-
ണെരിക്കുവാനുമെത്തിടും മരിച്ചുപോയ ശേഷവും.
നമുക്കു വേണ്ടതൊക്കെയും തരുന്ന കാമധേനുവാം
മരങ്ങളെപ്പുലര്‍ത്തുവാന്‍ നമുക്കുമുണ്ടു ബാദ്ധ്യത.

കാവേരി നദിയില്‍, ഹൊഗ്ഗെനക്കല്‍ നിന്നുള്ള ദൃശ്യം.

3 comments:

മാധവം said...

അര്‍ത്ഥവത്തായ കവിത,നല്ല ഒതുക്കം,മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന രചനാ രീതി.ഒരൂപാടിഷ്ടപ്പെട്ടു.ഇരിക്കുന്ന കൊമ്പു മുറിക്കുന്നവന്‍ നാം ല്ലെ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായി മാഷെ... പ്രത്യേകിച്ച് മൊത്തത്തില്‍ പ്രകൃതി നിറഞ്ഞു തുളുമ്പുന്ന പച്ചപ്പും,

എതിരന്‍ കതിരവന്‍ said...

ബാലേന്ദുവിന്റെ കവിത ലളിതവും അതേ സമയം നിശിതവും.

വിനയരാജിനു നന്ദി, ഇതിവിടെ നട്ടതില്‍.

 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates