Saturday, February 11, 2012

0 പരിസ്ഥിതി നശീകരണവും പാപം: കെസിബിസി

കൊച്ചി: കുമ്പസാരത്തില്‍ ഏറ്റു പറയേണ്ട പാപങ്ങളുടെ കൂട്ടത്തില്‍ പരിസ്ഥിതി നശീകരണത്തെയും ഉള്‍പ്പെടുത്താന്‍ കേരള കാത്തലിക്ക് മെത്രാന്‍ സമിതി(കെസിബിസി) ആലോചിക്കുന്നു. സഭയുടെ ഹരിത ആധ്യാതികതയെന്ന ആശയത്തിന്റെ ഭാഗമാണ് ഈ നടപടി.

കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപങ്ങള്‍ തീരുമാനിക്കാന്‍ സാര്‍വത്രിക സഭയ്ക്കു മാത്രമേ അധികാരമുള്ളു എങ്കിലും ജീവ വര്‍ഗത്തിനെതിരെയുള്ള പാപങ്ങള്‍ പോലെ പ്രകൃതിക്കെതിരെയുള്ള കടന്നുകയറ്റവും പാപമാണെന്ന ബോധ്യത്തില്‍ കുമ്പസാരത്തില്‍ ഏറ്റുപറയാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണു സഭയുടെലക്ഷ്യം.

സഭാ വേദികളില്‍ ചര്‍ച്ചചെയ്ത 'ഹരിത ആധ്യാത്മികത മൂന്നു ദിവസങ്ങളിലായി നടന്നുവന്ന കെസിബിസി യോഗം അംഗീകരിച്ചു. ഹരിത ആധ്യാത്മികയുടെ വിവിധ ദര്‍ശനങ്ങള്‍ ഇതിനകം ചര്‍ച്ചചെയ്ത് അംഗീകരിച്ച കേരള സഭ ഇതു സംബന്ധിച്ച മാര്‍ഗരേഖ കെസിബിസി പരിസ്ഥിതി സമിതിയുടെ ചര്‍ച്ചയ്ക്കായി സമര്‍പ്പിച്ചു.

ഫെബ്രുവരി അവസാനത്തോടെ ഇതു നയമായി അവതരിപ്പിക്കാനും സഭാതലത്തില്‍ നടപ്പാക്കാനുമാണ് തീരുമാനം. വൈദിക, സന്യാസ പരിശീലനങ്ങളില്‍ ഇനി മുതല്‍ പ്രകൃതി സംരക്ഷണവും മാലിന്യ സംസ്‌കരണവും ഉള്‍പ്പെടും. മണ്ണില്‍ പണിയെടുത്തു ജീവിക്കാന്‍ വിശ്വാസികളെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം ശുദ്ധജലവും പ്രകൃതി വിഭവങ്ങളും മിതമായി ഉപയോഗിക്കാനും സഭ ആഹ്വാനം ചെയ്യും.

സഭാ കേന്ദ്രങ്ങള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കു സമീപമുള്ള റോഡുകളില്‍ നിയമം അനുവദിക്കുന്ന വിധത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക. പരിസ്ഥിതി വിഷയങ്ങളില്‍ ആശ്രയിക്കാന്‍ കഴിയുന്ന വിദഗ്ധരുടെ സ്ഥിരം സമിതിയുണ്ടാക്കുക എന്നീ കാര്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

ഹരിത കെട്ടിടങ്ങളുടെ നിര്‍മാണത്തിനും ജൈവോല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും ഉപഭോഗത്തിനും പ്രോല്‍സാഹനം നല്‍കും. സഭാ വേദികളില്‍ ഫ്‌ളക്‌സ്, തെര്‍മോകോള്‍ ഉപയോഗം നിയന്ത്രിക്കും. സൌരോര്‍ജ വിളക്കുകളും വാട്ടര്‍ ഹീറ്ററുകളും പ്രചരിപ്പിക്കും.

പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി ശുചീകരണത്തിന്റെയും ഭാഗമായി ആഘോഷ വേളകളില്‍ ദീപാലങ്കാരങ്ങള്‍ക്കും കരിമരുന്നു പ്രയോഗങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരും. സഭാ സ്ഥാപനങ്ങളുടെ വാര്‍ഷിക ബജറ്റില്‍ പ്രകൃതി സംരക്ഷണത്തിന് ഇനിമുതല്‍ പണം വകയിരുത്തുാനും കെസിബിസി തീരുമാനിച്ചിട്ടുണ്ട്.

വാർത്ത ഇവിടെ നിന്ന്‌

0 comments:

 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates