Wednesday, March 30, 2016


Thursday, September 17, 2015

0 മാവിസ്റ്റ് ഭീകരൻ

വനഭേദനം ചെയ്ത് ബലാൽസംഗത്തിനു മുതിർന്ന അക്രമിയോട് ഗൃഹനാഥൻ പറഞ്ഞുപോലും; നിങ്ങളപ്പുറത്ത് എന്റെ ചേട്ടന്റെ വീട്ടിലേയ്ക്കു ചെല്ലൂ. ഇവിടുത്തെ കുട്ടിയേക്കാൾ ചെറുപ്പമാണ് അവിടുത്തെ കുട്ടി...
പാരിസ്ഥിതിക പ്രാധാന്യത്തിൽ സൈലന്റ്‌വാലിയേക്കാൾ ചെറുതാണുപോലും അതിരപ്പിള്ളിക്കാടുകൾ. ആകയാൽ പാത്രക്കടവിനെ വെറുതെവിട്ട് അതിരപ്പിള്ളിയിൽ അണക്കെട്ടുണ്ടാക്കിക്കോളൂയെന്ന് ആർ.വി.ജി. മേനോനെപ്പോലുള്ള പഴയ പരിഷത് ബുദ്ധിജീവികൾ സർക്കാരിനെ ഉദാരമായി ഉപദേശിച്ചു കൊണ്ടിരുന്ന നാളുകളിലായിരുന്നു മോഹൻദാസ് മാഷിന്റെ തിരുനാവിൽനിന്നും ആ ക്രൂരഫലിതം പുറപ്പെട്ടത്; എന്റെ മകളെ വെറുതേവിട്ട്, അവളേക്കാൾ ചെറുപ്പമായ ചേട്ടന്റെ മകളെ നശിപ്പിച്ചോളൂ!
നിശ്ശബ്ദമായൊരു നാട്ടുമാവു വിപ്ലവത്തിന്റെ നായകനെന്ന നിലയിൽ മാവിസ്റ്റ് എന്നൊരു ചെല്ലപ്പേരുണ്ട് എം. മോഹൻദാസിന്. സരസ്വതി വിളയാടുന്ന നാവാകയാൽ ഒരു വി.കെ.എൻ കഥാപാത്രമായി അയാൾ സുഹൃത്തുക്കൾക്കനുഭവപ്പെടും. ഷഷ്ടിപൂർത്തിയിലെത്തിയിട്ടും യൗവ്വനം വിട്ടുപോരാത്ത മനസ്സ്.
പാരമ്പര്യസിദ്ധമാണ് മോഹൻദാസ് മാഷിന് കർമനിരത. കൊടകരയിലെ മനക്കുളങ്ങര മലയാറ്റിൽ വീട് കാവ്യചരിത്രത്തിൽ ഇടംനേടിയത് പ്രപിതാമഹൻ ചങ്ങരംകോത കൃഷ്ണൻ കർത്താവിന്റെ പേരിലായിരുന്നു. കൊടുങ്ങല്ലൂർക്കളരിയിലെ പുകഴ്‌പെറ്റ കവി. വൈദ്യൻ. തീപ്പൊള്ളലിന്റെ ചികിത്സയിലായിരുന്നു സ്‌പെഷ്യലൈസേഷൻ. തൊട്ടുകൂടായ്മ കൊടികുത്തിയ കാലത്തും കൂസലെന്യേ ചെറുമക്കുടികളിൽ ദൈവദൂതനെപ്പോലെ സിദ്ധൗഷധങ്ങളുമായി കടന്നുചെന്ന മനുഷ്യസ്‌നേഹി...
പറപ്പൂക്കര പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു കൃഷ്ണൻ കർത്താവ്. കല്ലേപ്പിളർക്കുന്ന കല്പനകളായിരുന്നു പഞ്ചായത്ത് കോടതിയിൽ അദ്ദേഹത്തിന്റെ തീർപ്പുകൾ. നെടുമ്പാൾ അക്കാലം അവിടവിടെ കരകൾ തെളിഞ്ഞ ജലപ്രകൃതിയായിരുന്നു. കോന്നിപ്പുലം പാടത്തും തൊട്ടിപ്പാൾ പാടത്തും രണ്ടു ചിറകൾ നിർമ്മിച്ച് അദ്ദേഹം പുറംലോകവുമായുള്ള വിനിമയങ്ങൾ സാധ്യമാക്കിത്തീർത്തു. മാഞ്ഞാംകുഴി ചിറയുണ്ടാക്കി ജലസേചനം സാധ്യമാക്കിയ അദ്ദേഹത്തിന്റെ
ഭഗീരഥ പ്രയത്‌നമായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന് ജലസേചനമെഴുതാനുണ്ടായ കാവ്യപ്രചോദനം. കാവ്യലോകസ്മരണകളിൽ കവി അത് തുറന്നെഴുതി.
കർത്താവ് കൃഷ്ണൻ
കിടയറ്റ കാവ്യകർത്താവ്
ഈ കാഴ്ച കണ്ടുവന്നാൽ
എത്ര കാവ്യമുൾത്താരിൽ വിരിയുക...
മോഹൻദാസ് മാഷ് ഓർമ ചികഞ്ഞ് വൈലോപ്പിള്ളിക്കവിതയിൽ പിതാമഹശ്രുതി അയവിറക്കുകയായിരുന്നു. മാഷിന്റെ പ്രാചീനഭവനത്തിൽ അതിഥിയായി ഞാൻ ചെന്നുപെട്ട ആദ്യരാത്രി. ചീവീടുകളുടെ അനവരത. തലകീഴായ കടവാവലുകളെപ്പോലെ ദുരൂഹമായ മുറികളിലൊന്നിൽ കയറാനൊരുങ്ങുമ്പോൾ മാഷ് വിലക്കി; കേറണ്ട, പാമ്പുണ്ടാവും...
പാമ്പും പഴുതാരയും നിസ്സംഗംവാഴുന്ന കൊടകരയിലെ ആ തറവാട്ടിലിപ്പോൾ തൊണ്ണൂറു പിന്നിട്ട അമ്മ രത്‌നാവതിയ്‌ക്കൊപ്പം മോഹൻദാസ് മാഷുണ്ട്. പഴയ പരിഷത് കാലത്തിന്റെ അവശിഷ്ടങ്ങളായി അവിടെ പുകയില്ലാത്ത അടുപ്പുണ്ട്. ആൾമറയുള്ള കിണറ്റിൽനിന്നും അടുക്കളയിലേയ്ക്ക് തൊട്ടിയിട്ട് കോരിയെടുക്കുന്ന വെള്ളത്തിന്, എന്തു മധുരമെന്നോതാൻ വെമ്പുന്ന ശുദ്ധതയുണ്ട്...
കൃഷ്ണൻ കർത്താവിനുശേഷം തറവാടിന്റെ നാഥൻ മാഷിന്റെ അച്ഛൻ ചങ്ങരംകോത അപ്പുണ്ണി കർത്താവായിരുന്നു. അപ്പോഴേയ്ക്കും മടിയൻ പൂച്ചയെപ്പോലെ മുടിഞ്ഞ ദാരിദ്ര്യം തറവാട്ടിൽ മുനിഞ്ഞുകൂടിയിരുന്നു. കൊച്ചിശീമയിലെ പതിനെട്ടു കാവുകളിലൊന്നായ കുറുമാലിക്കാവ് കുടുംബക്ഷേത്രത്തിൽനിന്നും ഭഗവതിയുടെ ഗോളക കടംകൊണ്ടിട്ടും തീരാത്ത ദാരിദ്ര്യം. പണയദ്രവ്യമായ ഗോളക തിരിച്ചെടുക്കാൻ അച്ഛൻ പ്രതിമാസ വരുമാനമത്രയും തുലച്ചുകൊണ്ടിരുന്നു. കൂനിന്മേൽക്കുരു പോലെ  ഭൂപരിഷ്‌കരണം വന്നു. ഭൂമി സർക്കാരിൽ നിക്ഷിപ്തമായി. കുടുംബക്ഷേത്രം ദേവസ്വംബോർഡിന്നധീനമായി. സമാശ്വാസം പോലെ ഭൂപരിഷ്‌കരണനിയമത്തിൽ മറ്റൊരു വകുപ്പുണ്ടായിരുന്നു. പാട്ടക്കാരന് പാട്ടഭൂമിയിൽ സ്ഥിരാവകാശം!
അപ്പുണ്ണിക്കർത്താവ് തച്ചുടയക്കൈമളുടെ പാട്ടക്കാരനായിരുന്നു. ആ വഴിക്കു വന്നുചേർന്ന പിതൃസ്വത്തിലെ സ്വന്തം ഭാഗധേയത്തിൽ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അങ്ങനെയങ്ങ് ജീവിച്ചൊടുങ്ങേണ്ടൊരാൾ വേറിട്ട കർമപഥങ്ങൾ തേടിയ കഥയാണ് എം. മോഹൻദാസിന്റേത്. ജന്മംകൊണ്ട് കവിയായ അയാൾ 1982-ൽ അധ്യാപകവേഷത്തിൽ എത്യോപ്യയിലേയ്ക്കു പോയി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെയും സംഘർഷങ്ങളുടേയും ആദ്യപാഠങ്ങൾ ആ വറുതിഭൂമിയിലായിരുന്നു. അക്കാലം ഓർമ്മിച്ച് മാഷ് പറഞ്ഞു; ആരണ്യക്കിലെ മാനേജർ ബാബുവിന് സരസ്വതി കുണ്ഡി എന്നൊരു സ്ഥലമുണ്ടായിരുന്നില്ലേ, അതുപോലൊന്ന് എത്യോപ്യയിലുണ്ടായിരുന്നു. ഡസ്‌കിന്റെ ഉയരത്തിൽ വെള്ളച്ചാട്ടമുള്ള അവിടെച്ചെന്നിരിക്കുമ്പോഴൊക്കെ എനിക്കു സമയബോധം നഷ്ടപ്പെടുമായിരുന്നു. പിൽക്കാലത്ത് അതിരപ്പിള്ളിയിൽച്ചെന്നിരിക്കുമ്പോഴും സ്വയം ഹിപ്‌നോട്ടൈസ്ഡ് ആവുന്ന ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ട്...
തൊള്ളായിരത്തി എൺപത്തെട്ടിൽ കൊടകരയിൽ തിരിച്ചെത്തിയിട്ട് അയാളാദ്യം ചെയ്തത് കോളേജ് കാലത്തെ ശാസ്ത്രസാഹിത്യ പരിഷത് ബാന്ധവം തിരിച്ചുപിടിക്കലായിരുന്നു. വൈകാതെ കൊടകരയിൽ മന്ദാക്രാന്ദാ ലെവലിൽക്കിടന്നൊരു പാരലൽ കോളേജിന്റെ സാരഥ്യവും ഏറ്റെടുത്തു. പ്രൊവിഡൻസ് കോളേജ് അക്ഷരാർത്ഥത്തിൽ സമാന്തരസ്വഭാവം കൈവരിക്കുകയായിരുന്നു. രണ്ടായിരത്തി രണ്ടിലൊരുനാൾ മാഷ് സ്വന്തം വിദ്യാർത്ഥികളുടെ കയ്യിൽ നാട്ടിലെ വൃദ്ധജനങ്ങളെ അഭിസംബോധന ചെയ്യുന്നൊരു ചോദ്യാവലി കൊടുത്തയച്ചു. പ്രധാനചോദ്യമിതായിരുന്നു; നിങ്ങളുടെ ആയ കാലത്ത് പുരയിടങ്ങളിൽ കണ്ട മാവുകളേതൊക്കെയായിരുന്നു?
ഏറെക്കാലമായി മോഹൻദാസിനെ അലട്ടിയ ചോദ്യത്തിന്റെ തനിയാവർത്തനം. അയാളുടെ ബാല്യസ്മൃതികളിലൊക്കെ കൊടകര-മറ്റത്തൂർ പഞ്ചായത്തുകളുടെ തുറസ്സുകളൊക്കെ മാന്തോപ്പുകളായിരുന്നു. ഒരു കാറ്റുണരുമ്പോൾ ഒരായിരം മാങ്ങകളുതിരുന്ന മധ്യവേനലുകൾ. കിളിച്ചുണ്ടൻ മാങ്ങകൾ. പേരയ്ക്ക മാങ്ങകൾ. തേരട്ട മാങ്ങകൾ... ഓണക്കാലത്ത് താനിരുന്നൂയലാടിയ മാവിൻചില്ലകൾ...
കുട്ടികളുടെ ചോദ്യാവലിയെ നേരിട്ടപ്പോൾ പഴമക്കാരുടെ ഓർമകൾ ചെനച്ചു. തേരട്ടയുടെ മണമുള്ള തേരട്ടമാങ്ങ, പേരയ്ക്കയുടെ മണമുള്ള കിളിച്ചുണ്ടൻ മാങ്ങ... ഒക്കെയും അന്യംനിന്നുപോയെന്ന വിലാപങ്ങൾ. അവയൊക്കെയും വീടുവയ്ക്കാനും ചിതയൊരുക്കാനും വാർക്കപ്പണി നടത്താനുമായി വെട്ടിപ്പോയതായിരുന്നു. മറ്റത്തൂർ പഞ്ചായത്തിൽ റബറ് വയ്ക്കാൻ മാത്രം ആയിരം മാവുകൾ വെട്ടിപ്പോയെന്ന് ഒരാൾ പറഞ്ഞു. ആ സർവേ റിപ്പോർട്ടിനെ പിന്തുടർന്ന് അന്യംനിന്ന നാട്ടുമാവുകളുടെ പുനരുജ്ജീവനത്തിനായി അയാളിറങ്ങി. മാവും ആത്മാവും എന്നൊരു ദ്വന്ദം അയാൾ കണ്ടു. ഒരു കുഞ്ഞു ജനിക്കുമ്പോൾ ഒരു മാവിൻതൈ വയ്ക്കുന്നു. പുരുഷായുസ്സു പൂർത്തീകരിച്ച് മടങ്ങുമ്പോൾ അതേ മാവ് വെട്ടി ചിതയൊരുക്കുന്നു...
സ്വന്തം സ്വപ്നസാക്ഷാത്കാരത്തിന് ആകെയൊരു പിൻബലം വനംവകുപ്പിൽ നിന്നും കിട്ടുമെന്നു കരുതിയ ഇരുപത്താറായിരം ഉറുപ്പികയായിരുന്നു. വനംവകുപ്പാസ്ഥാനത്ത് മുഖ്യവനപാലകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ അതൊരു മരീചികയാണെന്ന് മാഷറിഞ്ഞു. മുഖ്യവനപാലകർ ചോദിച്ചു; ഫോറസ്ട്രി ക്ലബുകൾക്കു കൊടുക്കാനുള്ള ഈ ഫണ്ട് പാരലൽ കോളേജുകാരനായ നിങ്ങൾക്കെങ്ങനെയാ തരിക?
മാഷ് മൗനം. അടുത്ത ചോദ്യം കൂടുതൽ മാരകമായി അവതരിച്ചു; നിങ്ങൾക്ക് ജീൻസ് ഡൈവേഴ്‌സിറ്റി സംരക്ഷിക്കലാണ് ലക്ഷ്യമെങ്കിൽ ബെഡ് ചെയ്ത മാവിൻതൈകൾ വളർത്തിയാൽപ്പോരേ?
മാഷ് മൗനം വെടിഞ്ഞു. തലമുറകൾ താണ്ടിയ മാവറിവുകൾ അയാളിലേയ്ക്ക് ഇരച്ചുവന്നു; സർ, എന്റെ തറവാട്ടിൽ മൂന്നു തലമുറകളായുള്ള മാവുകളുണ്ട്. ഒരു മുത്തശ്ശൻ മാവ്. അതിന്റെ വിത്തുമുളച്ച മറ്റൊരു മാവ്. അതിൽനിന്നും ജനിച്ച മറ്റൊരു മാവ്... ഈ മൂന്നു തലമുറകളിൽനിന്നും ഒരേയിനം മാങ്ങകളാണുണ്ടായത്. ആ പ്രദേശത്തൊക്കെ മറ്റിനം മാവുകളുണ്ടായിരുന്നുതാനും. അതുകൊണ്ട് ക്രോസ് പോളിനേഷൻ മൂലം മാവുകളുടെ ക്യാരക്ടർ വ്യതിചലിക്കുമെന്ന് പൂർണമായും വിശ്വസിക്കാനാവില്ല. ഗ്രാഫ്റ്റിംഗിലൂടെയേ മാവുകളുടെ ക്യാരക്ടർ നിലനിർത്താനാവൂ എന്ന വാദത്തോട് ഞാൻ വിയോജിക്കുന്നു...
മുഖ്യവനപാലകൻ പറഞ്ഞു; ഗ്രാഫ്റ്റ് ചെയ്ത മാവിൻതൈകൾ വേഗം വളരും. നിങ്ങൾക്കിപ്പോ ഇത്രേം പ്രായമായില്ലേ. നിങ്ങളുടെ കാലത്തുതന്നെ അവ പൂക്കണമെന്ന് നിങ്ങൾക്കാഗ്രഹമില്ലേ?
മോഹൻദാസ് ചിരിച്ചു; നമ്മളേല്ക്കുന്നതൊക്കെ നമ്മുടെ അപ്പനപ്പൂപ്പന്മാർ നട്ട തണലുകളല്ലേ സാർ.. പൂക്കുകയോ കായ്ക്കുകയോ ചെയ്യട്ടേ, തണലെങ്കിലുമുണ്ടാവുമല്ലോ...പിന്നെ, ഗ്രാഫ്റ്റിങ്ങിൽ ഞാനൊരു യയാതി കോംപ്ലക്‌സ് കാണുന്നു. വേഗം ഫലം കിട്ടാൻ വേണ്ടി വളർന്നുവരുന്ന ഒരു മാവിന്റെ തലവെട്ടി അതേ സ്ഥാനത്ത് പ്രായപൂർത്തിയായ മറ്റൊരു മാവിനെ ഒട്ടിക്കുകയല്ലേ നാം ചെയ്യുന്നത്...വളരുന്ന ഓരോ മാവിനും വളരണമെന്നും രാജാവാകണമെന്നുമുണ്ടാവില്ലേ....
അന്നേരം മൂലയ്ക്കിരുന്ന് എല്ലാം കേട്ടിരുന്ന മറ്റൊരു മുഖ്യവനപാലകൻ ഇടപെട്ടു; അയാളെ അയാളുടെ വഴിക്കുവിടുക. നമ്മൾ ഫണ്ട് ചെയ്തില്ലെങ്കിലും അയാളിത് ചെയ്യും. നമ്മൾക്കിതിലെന്തു ചെയ്യാനാവുമെന്ന് നമുക്ക് പിന്നീട് തീരുമാനിക്കാം...
അത് പി.എൻ. ഉണ്ണികൃഷ്ണനായിരുന്നു. പരിസ്ഥിതിസ്‌നേഹികളുടെ കണ്ണിൽ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം തൊട്ടുതീണ്ടാത്ത പ്രിയപ്പെട്ട കാടുണ്ണി. പിൽക്കാലത്ത് കൊടകരയുടെ പൊതുവിടത്തിൽ ഉണ്ണികൃഷ്ണൻ നട്ട നാട്ടുമാവിന് മാഷ് നല്കിയ പേര് കാടുണ്ണിയെന്നായിരുന്നു.
വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം മോഹൻദാസ് ഒരു ഫോറസ്ട്രി ക്ലബ്ബുണ്ടാക്കി. പേര് പ്രൊവിഡൻസ് ഗ്രീൻ. പാരലൽ കോളേജുകളുടെ ചരിത്രത്തിലെ ആദ്യ ഫോറസ്ട്രി ക്ലബ്. അതിന്റെ അക്കൗണ്ടിലേയ്ക്ക് വനംവകുപ്പിന്റെ ഫണ്ടെത്തി; ഇരുപത്താറായിരം രൂപ!
2002 ജൂണിൽ കൊട്ടുംകുരവയുമില്ലാതെ മോഹൻദാസിന്റെ നാട്ടുമാവു വിപ്ലവം അരംഭിച്ചു. മേയ്മാസത്തിലേ ശേഖരിച്ച വിത്തുകൾ പലയിടത്തായി പാവിയിട്ട് മുളപ്പിച്ചിരുന്നു. അരനൂറ്റാണ്ടു പഴക്കമുള്ള നാട്ടുമാവുകളുടെ ഉണ്ണികൾ. ഭാഗം വയ്ക്കാത്ത ചില നായർ തറവാടുകളിലും സമ്പന്നമായ ചില നമ്പൂതിരി ഇല്ലങ്ങളിലും അവ മോഹൻദാസെന്ന രക്ഷകനെ കാത്തുകിടന്നിരുന്നു. ഉമാമ്പുള്ളി മനയിലെ നാരായണൻ നമ്പൂതിരി ഇരുപതിനം നാട്ടുമാവുകളുടെ വിത്തുകളാണ് കൈമാറിയത്. ബ്ലാങ്ങാട്ടുമന, തെരുവശേരി മന എന്നിവയൊക്കെ പിന്നാലെവന്ന സ്രോതസ്സുകൾ. ചിറ്റൂർ മനയിൽ നിന്നും അപൂർമായ ഒന്നുരണ്ടിനം. പഴവിൽഭാഗത്തെ വിമ്പൂർ മനയിൽനിന്നും ചന്ദ്രക്കാരനെന്നു പറഞ്ഞ് കൊടുത്തുവിട്ട അണ്ടി മറ്റേതോ അജ്ഞാതജനുസ്സായിരുന്നു. മോഹൻദാസ് പറയുന്നു; ഓരോ മനയിലും ചന്ദ്രക്കാരൻ ഉണ്ടെന്നു പറയും. നോക്കുമ്പോൾ ഓരോന്നും ഓരോ ഇനമായിരിക്കും.
എന്റെ നിഗമനം യഥാർത്ഥ ചന്ദ്രക്കാരൻ തൃപ്പൂണിത്തുറ കോവിലകത്തുനിന്നു വന്നതാണെന്നാണ്.. അവ പല ഭാഗത്തേയ്ക്കും പോയി. ക്രോസ് പോളിനേഷൻ മൂലം മറ്റ് മാവുകളുടെ ക്യാരക്ടർ ഇതിലേയ്ക്കു കലർന്നതാവാം. വിമ്പൂർ മനയിലെ മാവ് ചന്ദ്രക്കാരന്റേയും തൊലികയ്പൻ മാവിന്റെയും ക്രോസാണ്. അതുപോലെ നെല്ലായിക്കടുത്തുനിന്നും കിട്ടിയ ചന്ദ്രക്കാരൻമാവ് നാട്ടുമാവിന്റെ ക്രോസാണ്...
എൻ.വി. കൃഷ്ണവാരിയരുടെ ഭാര്യാഗൃഹമായ ഞെരുവശേരി മനയിൽനിന്നും കിട്ടിയ അപൂർവയിനത്തിന് മാഷ് കൃഷ്ണ എന്നു പേരിട്ടു. രാംദാസ് തിയറ്ററിന്റെയൊക്കെ ഉടയോരായ തൃപ്രയാറിലെ ചേലാട്ടുമനയുടെ പടിക്കൽ ശതശാഖികൾ പടർത്തിനില്ക്കുന്ന മാവാകാം കേരളത്തിലുള്ളതിലേറ്റവും പ്രാചീനനെന്നു മാഷ് നിരൂപിച്ചു. ഇത്തിൾക്കണ്ണികൾ കാര്യമായി ആക്രമിച്ചിട്ടില്ലായിരുന്നെങ്കിലും മാഷ് കാണുമ്പോഴേയ്ക്ക് അതിന്റെ കായ്ക്കാനുള്ള ശേഷി ശോഷിച്ചിരുന്നു.
അനന്തമായിരുന്നു നാട്ടുമാവുകൾ തേടിയുള്ള മോഹൻദാസിന്റെ യാത്രകൾ. മറയൂരിലേയ്ക്കുള്ള ചന്ദന സംരക്ഷണ ജാഥ കാസർഗോഡുനിന്നും പുറപ്പെടുന്ന കാലത്ത് മാഷവിടെ അണ്ടിപെറുക്കി നടന്നിരുന്നു. യാത്രാക്കൂലി ലാഭിക്കാൻ മാഷും ഒപ്പംകൂടി. കേരളത്തിലെ പ്രധാന പരിസ്ഥിതി പ്രവർത്തകരെയൊക്കെ അയാളാദ്യം നേരിൽക്കാണുകയായിരുന്നു. ആ യാത്രയിലാവണം, കാറൽമണ്ണയ്ക്കടുത്ത് അയാൾക്ക് തുടുപ്പനെന്നൊരിനം കിട്ടി. കാശ്മീരി ആപ്പിളിന്റെ ആകൃതി. പച്ചയും ചുവപ്പും കലർന്ന നിറം. ആപ്പിളിന്റേതു പോലെ ഞെട്ട് കുഴിഞ്ഞിരുന്നു. രുചിച്ചയുടൻ മാഷ് തീർത്തുപറഞ്ഞു; ഇത് മൂവാണ്ടനും ചന്ദ്രക്കാരനുമായുള്ള ക്രോസാണ്. കനകമലയിൽ ഈ മാവുണ്ടെന്നു കേട്ടിട്ടുണ്ട്. ഉണ്ടെങ്കിൽ അതൊരദ്ഭുതമാണ്. മൂവാണ്ടനാണ് ക്യാരക്ടർ നിലനിർത്തുന്ന മാവ്. കൊളമ്പുമാങ്ങയെപ്പോലെ...
പ്രോജക്ട് തുടങ്ങുമ്പോഴേ മാഷിനറിയാമായിരുന്നു ഒന്നു രണ്ടുവർഷം ഇതിന്റെ പിന്നാലേ നടക്കേണ്ടി വരുമെന്ന്. കുട്ടികൾ പക്ഷേ, വർഷങ്ങളുടെ കണക്കുതെറ്റിച്ചു. ഓരോ ബാച്ച് കുട്ടികളും മാവിൻതൈകൾ നടാൻ ഇടംതേടിനടന്നു. ആവേശം വിതയ്ക്കാൻ പ്രഗല്ഭർ വന്നു. സുഗതകുമാരി നട്ട മാവിന് അഭയയെന്നും അയ്യപ്പപ്പണിക്കരുടേതിന് കള്ളനെന്നും കടമ്മനിട്ടയുടേതിന് ശാന്തയെന്നും വിഷ്ണു നാരായണൻ നമ്പൂതിരിയുടേതിന് യുഗളപ്രസാദനെന്നും മാഷ് പേരിട്ടു...കൊടകര പ്രൈമറി ഹെൽത്ത് സെന്റർ കോമ്പൗണ്ടിലായിരുന്നു ഈ വി.ഐ.പി മാവുകളൊക്കെയും. അയ്യപ്പപ്പണിക്കരുടെ ശവദാഹം നടക്കുന്ന നേരത്ത് മാഷ് കുട്ടികളേയുംകൂട്ടി കള്ളൻമാവിന് പുഷ്പാർച്ചന ചെയ്തു. ഏതോ കുട്ടി അന്നേരം മൃത്യുപൂജ ആലപിക്കുന്നുണ്ടായിരുന്നു.
മരങ്ങൾ വളരുന്നതിനൊപ്പം പ്രകൃതി അതിന്റെ ആസ്ഥാന വിത്തുവിതരണക്കാരെക്കൂടി മാഷിന്റെ സഹായികളായി അയച്ചു; പക്ഷികൾ... അവ കൊത്തിപ്പറന്ന മാങ്ങാണ്ടികൾ പലേടത്തായി വീണുമുളച്ചു. മാഷവയെ ദത്തെടുത്ത കുട്ടികളെന്നു വിളിച്ചു. അവയ്ക്കും കൊടുത്തു വെള്ളവും വളവും. ആടുകടിച്ചുപോകാതിരിക്കാൻ ഒരു ആൾമറ വേറെയും...പ്രതിസന്ധികൾ പക്ഷേ, നിഴലുപോലെ കൂടെയുണ്ടായിരുന്നു. പരിചരണമാവശ്യമില്ലാത്തവിധം വലുതായ നേരത്ത് മാവുകളിൽ പലതും
റോഡുവികസനത്തിന്റെ പേരിൽ പിഴുതെടുക്കപ്പെട്ടു. അതിജീവിച്ചുവെന്ന ബലത്തിൽ ആൾമറയെടുത്തു മാറ്റിയ തക്കത്തിന് ആടുകടിച്ച് വേറെയും ചില തൈകൾ പോയി...
മോഹൻദാസിനും കുട്ടികൾക്കും അതൊരു സഹനസമരം തന്നെയായിരുന്നു.. നഷ്ടപ്പെട്ടവയ്ക്കു ബദലായി അവർ പിന്നെയും നട്ടുകൊണ്ടിരുന്നു... ഒരു വ്യാഴവട്ടത്തിനുശേഷം മാഷതിന്റെ നിർവൃതി നുകർന്നു. കൊടകരയിലേയും മറ്റത്തൂരിലേയും പൊതുവിടങ്ങളിൽ പൂവിട്ടുകായ്ച്ച മൂവായിരം നാട്ടുമാവുകളിലൂടെ...
ഓരോ മാവിനേയും സ്വന്തം ആത്മാവിനോടു ചേർത്തുവച്ച് മോഹൻദാസ് പിന്നെയും വേറിട്ട വഴികൾത്തേടിപ്പോയി. അതിരപ്പിള്ളി അണക്കെട്ടു വിരുദ്ധ സമരത്തിന്റെ മുന്നണിയായിരുന്നു അതിൽ മുഖ്യം. യാദൃച്ഛികമായിരുന്നു അതിലേയ്ക്കുള്ള വാതിൽ. ഒരുനാൾ കൊടകര പഞ്ചായത്ത് പ്രസിഡന്റ് ഫോണിൽ വിളിക്കുന്നു; മാഷൊന്ന് ഇത്രടം വരൂ, അതിരപ്പിള്ളി സമരക്കാർ വന്നിട്ടുണ്ട്...
അന്നാദ്യമായി മാഷ് എസ്.പി. രവിയേയും ഡോ. ലതാ അനന്തനേയും എസ്. ഉണ്ണികൃഷ്ണനേയും മധുസൂധനനേയും കണ്ടു. അവരുമായി തർക്കിച്ചുതോറ്റു. വൈകാതെ കൊടകര പഞ്ചായത്ത് അതിരപ്പിള്ളി പദ്ധതിക്കെതിരേ പ്രമേയം പാസ്സാക്കി. മോഹൻദാസിന്റെ കറുത്ത കരങ്ങളായിരുന്നു അതിന്റെ പിന്നിൽ...
മാഷ് ഓർക്കുന്നു; എസ്.പി. രവിയുമായുള്ള ബന്ധം എന്നെ അടിമുടി മാറ്റിത്തീർത്തു. രവിയുടെ വജ്രകാഠിന്യമുള്ള നിലപാടുകൾക്കു മുന്നിൽ എന്റെ അലസഫലിതങ്ങൾ അർത്ഥരഹിതമായി...
ഇന്നിപ്പോൾ മോഹൻദാസ് മാഷിന് അതിരപ്പിള്ളി സമരമുഖത്ത് നിർണായകമായൊരു റോളുണ്ട്. റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ കൺവീനറാണയാൾ. ഫലിതത്തിൽ ചാലിച്ച അയാളുടെ നയതന്ത്രത്തിൽ രാഷ്ട്രീയപ്പാർട്ടികളും മതസംഘടനകളും അതിരപ്പിള്ളി സമരവേദിയിലേയ്ക്കുവന്നു. ആരോ അതിനെ മഴവിൽ മുന്നണിയെന്നു വിളിച്ചു. ആദ്യകാലത്ത് അതിരപ്പിള്ളി സമരത്തെ പരിഹസിച്ചിരുന്ന എം.പി. പരമേശ്വരനെപ്പോലുള്ളവരെ സത്യത്തിന്റെ പാതയിലേയ്ക്ക് കൊണ്ടുവന്നതിലും മോഹൻദാസ് മാഷിന്റെ അദൃശ്യസാന്നിധ്യമുണ്ടായിരുന്നു.
മുരിയാട്ടും എരയാംകുടിയിലും നെൽവയൽ സംരക്ഷണത്തിനായി നടന്ന പ്രക്ഷോഭങ്ങളിൽ മാഷുണ്ടായിരുന്നു. ഓരോ സമരവും മാഷിന് പുതിയ പാഠങ്ങൾ നല്കി. അയാൾ സ്വയം ചോദിച്ചു; നെൽവയൽ സംരക്ഷിക്കാൻ നമുക്കിപ്പോളൊരു നിയമമുണ്ട്, ആ നിയമത്തെ ഇനി ആരു സംരക്ഷിക്കും?
കൊടകരയിലെ തരിശിട്ട പാടങ്ങളിൽ വിരിപ്പൂക്കൃഷിയിറക്കി മാഷതിന് സ്വയം മറുപടിയേകി. അവിടുത്തെ നെൽവയൽ സംരക്ഷണ ജാഗ്രതാ സമിതിയുടെ കൺവീനറാണിന്ന് മോഹൻദാസ്. മുപ്പതേക്കറിൽ മാഷിന്റെ നേതൃത്വത്തിൽ വിതച്ച കുറുവാ നെല്ല് ആദ്യവിളവെടുപ്പു കഴിഞ്ഞുനില്ക്കുന്നു. രണ്ടാം വിളവെടുപ്പിന് വിത്തെറിയും മുമ്പ് മാഷൊരു പ്രീ പബ്ലിക്കേഷൻ കൃഷിപദ്ധതി പ്രഖ്യാപിച്ചു... ഇതിൽ മൂലധനമിറക്കുന്നവർക്ക് മാർക്കറ്റ് വിലയിലും താഴെ തത്തുല്യമായ ജൈവ അരി നല്കുന്നതായിരിക്കും...
ആദ്യം കാശെറിഞ്ഞത് പ്രശസ്ത വന്യജീവി വിശാരദൻ എൻ.എ. നസീറായിരുന്നു..
വരും, എല്ലാവരും വരും എന്ന പ്രതീക്ഷയിൽ മോഹൻദാസ് മാഷ് പ്രകൃതിയിലേയ്ക്കു നോക്കിനില്ക്കുന്നു. അതിരപ്പിള്ളി പദ്ധതി പിന്നെയും പൊന്തിവരുന്നതാണ് അയാളുടെ സമകാലീന സങ്കടം. അത് കവിതയായി വമിച്ചു;
വെറുതെയൊഴുകും വെള്ളത്തിന്നും
വിലപറയുകയായി..
ഇടമുള്ളെല്ലായിടവും
അണകൾ കെട്ടുകയായി
,
തീരുകയില്ലീ ദാഹം...
മോഹൻദാസിന്റെ കവിത വായിച്ച് അക്രൂരമായി ജ്യേഷ്ഠൻ പറഞ്ഞു; ഇതിലും ഭേദം അതിരപ്പിള്ളിയിൽ അണക്കെട്ടു വരുന്നതാടാ...
--------------------------------
ചിത്രങ്ങൾ : രതീഷ് കാർത്തികേയൻ

Thursday, August 13, 2015


Sunday, June 14, 2015


Friday, November 14, 2014

0 ചെന്നായകള്‍ തിരിച്ചു കൊണ്ടുവന്ന നദി

അമേരിക്കന്‍ ഐക്യനാടുകളിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനം വളരെ പേരുകേട്ടതാണ്‌. 1926 ആയപ്പോഴേക്കും വേട്ടക്കാരായ മൃഗങ്ങളെ അവിടെ നിന്നും ഇല്ലായ്മ ചെയ്യുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അവിടെയുള്ള ചെന്നായകളെ കൊന്നു തീര്‍ത്തിരുന്നു.

1995-ല്‍ ഏറെകാലം നീണ്ടുനിന്ന ജനകീയ ആവശ്യങ്ങള്‍ക്കൊടുവില്‍ ചെന്നായകളെ യെല്ലോസ്റ്റോണില്‍ തിരിച്ചു കൊണ്ടുവരികയുണ്ടായി. അതെത്തുടര്‍ന്ന് അവിടെയുണ്ടായ മാറ്റങ്ങള്‍ അദ്ഭുതാവഹമായിരുന്നു. ചെന്നായ മറ്റു പല മൃഗങ്ങളെയും കൊല്ലും എന്നു നമുക്കറിയാം, പക്ഷേ അവ മറ്റു പലതിനും ജീവന്‍ നല്‍കി. 70 വര്‍ഷത്തോളം ചെന്നായകള്‍ ഇല്ലാതിരുന്ന താഴ്‌വരകളില്‍ മറ്റു ശത്രുക്കള്‍ ഒന്നുമില്ലാത്തതിനാല്‍ മാനുകള്‍ ധരാളമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അവയെ നിയന്ത്രിക്കാന്‍ മനുഷ്യര്‍ ആവതു ശ്രമിച്ചിട്ടും ഫലം കണ്ടില്ല. പുല്‍മേടുകള്‍ മുഴുവന്‍ മാനുകള്‍ തരിശാക്കി മാറ്റിയിരുന്നു.

അപ്പോഴാണ്‌ ചെന്നായകളെ യെല്ലോസ്റ്റോണ്‍ ഉദ്യാനത്തിലേക്ക്‌ തിരികെ കൊണ്ടുവന്നത്‌. തീരെ കുറച്ചെണ്ണമേ അവ ഉണ്ടായിരുന്നുള്ളുവെങ്കിലും ചെന്നായകള്‍ വരുത്തിയ മാറ്റം നാമെല്ലാം നന്നായി അറിഞ്ഞിരിക്കേണ്ടതാണ്‌. തുടക്കത്തില്‍ ചെന്നായകള്‍ വേട്ടയാടി ഏതാനും മാനുകളെ കൊന്നു. എന്നാല്‍ അതിലും പ്രധാനപ്പെട്ട കാര്യം മറ്റൊന്നായിരുന്നു. ചെന്നായകളുടെ സാമീപ്യം മാനുകളുടെ സ്വഭാവത്തില്‍ ഉണ്ടാക്കിയ മാറ്റം. ആരെയും ഒന്നിനെയും ഭയക്കാതെ താഴ്‌വരയിലെ അനുകൂലസാഹചര്യങ്ങളില്‍ പെറ്റുപെരുകിയിരുന്ന മാനുകള്‍ ചെന്നായകളില്‍ നിന്നും രക്ഷ നേടാനായി എളുപ്പം ആക്രമിക്കപ്പെടാന്‍ ഇടയില്ലാത്ത മലഞ്ചെരുവുകളിലേക്ക്‌ പിന്മാറി. മാനുകള്‍ ഒഴിവായതോടെ തരിശായിക്കിടന്ന താഴ്‌വരകളില്‍ സസ്യങ്ങള്‍ വളരാന്‍ തുടങ്ങി.

അഞ്ചാറു വര്‍ഷം കൊണ്ട്‌ അവിടെ കുറ്റിച്ചെടികളായി നിന്നിരുന്ന മരങ്ങള്‍ക്ക്‌ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ അഞ്ചിരട്ടിയോളം ഉയരം വച്ചു. തരിശായിക്കിടന്ന ഇടങ്ങളില്‍ പലതരം മരങ്ങള്‍ വളര്‍ന്നുനിറയാന്‍ തുടങ്ങി. പിന്നാലെ തന്നെ പക്ഷികളും എത്തി. പാട്ടുപാടുന്ന പക്ഷികളും ദേശാടനക്കിളികളും നിറയെ വന്നുതുടങ്ങി. മരങ്ങള്‍ വളര്‍ന്നതോടെ മരം തിന്നുന്ന ബീവറുകളുടെയും എണ്ണം വര്‍ദ്ധിച്ചുവന്നു. ചെന്നായകളെപ്പോലെതന്നെ ബീവറുകളും പരിസ്ഥിതിയിലെ എഞ്ചിനീയര്‍മാരാണ്‌. അവര്‍ മറ്റുള്ള ജന്തുക്കള്‍ക്കായി പരിസരം ഒരുക്കാന്‍ വിദഗ്‌ധരാണ്‌. ബീവര്‍ ഉണ്ടാക്കിയ ഡാമുകളില്‍ ജലം നിറഞ്ഞപ്പോള്‍ അവയില്‍ നീര്‍നായകളും താറാവുകളും മല്‍സ്യങ്ങളും തവളകളും പാമ്പുകളും എത്തി. മുയലുകളുടെയും എലികളുടെയും ശത്രുവായ കയോട്ടികളെ ചെന്നായകള്‍ കൊല്ലാന്‍ തുടങ്ങിയതോടെ മുയലുകളുടെയും എലികളുടെയും എണ്ണം വര്‍ദ്ധിച്ചുവന്നു. ഇത്തരം ചെറുജീവികള്‍ പെരുകിയതോടെ അവയെ ഭക്ഷണമാക്കുന്ന പരുന്തുകളും കുറുക്കന്മാരും ഉദ്യാനത്തിലെത്തി. ചെന്നായകള്‍ അവശേഷിപ്പിച്ച മാംസം ഭക്ഷിക്കുന്ന കാക്കകളും കഴുകന്മാരും പിന്നാലെ എത്തിച്ചേര്‍ന്നു. വളര്‍ന്നു തുടങ്ങിയ സസ്യങ്ങളിലുണ്ടാവുന്ന പഴങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൂലം അടുത്തതായി വന്നവ കരടികളാണ്‌. അതോടെ മാനുകളുടെ കുഞ്ഞുങ്ങള്‍ക്ക്‌ പുതിയ ഒരു ശത്രു കൂടിയായി.

ഇതിലും സവിശേഷമായ ഒരു കാര്യം അവിടെ സംഭവിക്കുണ്ടായിരുന്നു. നദികളുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണത്‌. നിറയെ മാനുകള്‍ മേഞ്ഞുനടന്ന കാലത്ത്‌ ഒരു പുല്ലു പോലും വളരാന്‍ കൂട്ടാക്കാത്ത നദീതീരത്ത്‌ വളര്‍ന്ന് നിറഞ്ഞപുല്ലുകള്‍ മണ്ണൊലിപ്പിനെ നന്നായി തടഞ്ഞു. വളര്‍ന്നു നില്‍ക്കുന്ന ചെറുസസ്യങ്ങളും മരങ്ങളുടെ വേരുകളും പുഴയുടെ ഒഴുക്കിന്റെ വേഗത കുറച്ചു, പുഴയുടെ ഓരം ഇടിയുന്നത്‌ ഇല്ലാതായി. മാനുകള്‍ വഴിമാറിയതും മണ്ണൊലിപ്പ്‌ നിലച്ചതും പുഴയോരത്തെ സസ്യാവരണത്തെ പോഷിപ്പിച്ചു. പുഴയ്ക്ക്‌ വീണ്ടും ജീവന്‍ വച്ചു.

അങ്ങനെ ഏതാനും ചെന്നായകള്‍ കുറഞ്ഞ കാലം കൊണ്ട്‌ ഒരു പ്രദേശത്തിന്റെ പരിസ്ഥിതി തന്നെ മാറ്റി മറിച്ചു.

ഇതില്‍ നിന്നും നമുക്ക്‌ എന്തെല്ലാം പഠിക്കാനുണ്ട്‌? 1926 ലാണ്‌ യെല്ലോസ്റ്റോണില്‍ ചെന്നായകളെ ഇല്ലാതാക്കിയത്‌. 70-75 വര്‍ഷം എടുത്തെങ്കിലും ഭക്ഷ്യശൃംഖലയിലെ ഏറ്റവും മുകളിലുള്ള ജീവിയുടെ നാശം ഒരു ജൈവമണ്ഡലത്തെ ആകെ നാശത്തിന്റെ വക്കിലെത്തിച്ച കഥയാണിത്‌. ദീര്‍ഘദര്‍ശിയായ അമേരിക്കക്കാരന്‍ അത്‌ തിരിച്ചറിഞ്ഞ്‌ കാര്യങ്ങള്‍ പഴയപടിയാക്കി. കേരളത്തിന്റെ കിഴക്കന്‍ മേഖലകളിലേക്കുള്ള കുടിയേറ്റത്തിന്റെ കഥയ്ക്ക്‌ ഇതിലും ഇളപ്പമാണ്‌. ഈ കാലം കൊണ്ട്‌ ഇവിടെ എന്തെല്ലാം മാറ്റങ്ങള്‍ വന്നു? ഈ മാറ്റങ്ങള്‍ നിലനില്‍ക്കുന്നതാണോ? അല്ലെങ്കില്‍ നഷ്ടപ്പെട്ടു പോയവ തിരിച്ചുപിടിച്ച്‌ ഇനിയും വരുന്ന തലമുറയ്ക്ക്‌ ജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ള എന്തു മാറ്റങ്ങളാണ്‌ നമ്മള്‍ ചെയ്യുന്നത്‌? ഇവയുടെ ഒക്കെ ഉത്തരം അത്രയ്ക്ക്‌ ആശാവഹമല്ലെന്ന് പറയാതെ വയ്യ.

മലയോരത്ത്‌ പലയിടത്തും ഇപ്പോള്‍ വന്യമൃഗശല്യം മൂലം പല കൃഷികളും ചെയ്യാന്‍ വയ്യാത്ത അവസ്ഥയുണ്ട്‌. കാട്ടുപന്നികളും മാനുകളുമാണ്‌ പ്രധാന ശല്യക്കാര്‍. മുമ്പ്‌ എവിടെയും കാണാനുണ്ടായിരുന്ന കുറുക്കനെ ഇപ്പോള്‍ കാണാനേയില്ല. കാട്ടുപന്നി പ്രസവിക്കുമ്പോള്‍ അവയുടെ കുഞ്ഞുങ്ങളെ കുറെയെണ്ണത്തിനെ കുറുക്കന്‍ പിടിച്ചു തിന്നുമായിരുന്നു. ഇന്നിപ്പോള്‍ ശത്രുക്കളേ ഇല്ലാതായ പന്നികള്‍ പെരുകി നാട്ടിലെങ്ങും കൃഷി ചെയ്യാന്‍ പറ്റാതാക്കിയിരിക്കുന്നു.

പുഴകളുടെ കാര്യവും കഷ്ടമാണ്‌. വീതി തീരെ കുറഞ്ഞ കേരളത്തില്‍, കിഴക്കന്‍ മലയോരത്ത്‌ പെയ്യുന്ന മഴ വലിയ ചെരിവുള്ള പ്രദേശത്തുകൂടി അതീവ ശക്തിയില്‍ കടലില്‍ എത്തുന്നു. എത്ര വലിയ മഴക്കാലമുണ്ടായാലും മഴ നിന്നാല്‍ പിറ്റേന്നു മുതല്‍ ജലക്ഷാമമാണ്‌. പഴക്കമേറിയ കാടുകളുടെ നിലം മുഴുവന്‍ ഇലകളും കമ്പുകളും വീണ്‌ അടിഞ്ഞ്‌ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തിനാല്‍ സ്പോഞ്ച്‌ പോലെ ആയ മണ്ണും മരങ്ങളുടെ വേരുകളും ചേര്‍ന്ന് മഴ പെയ്യുമ്പോഴുള്ള വെള്ളം സംഭരിച്ച്‌ വേനല്‍ക്കാലം മുഴുവന്‍ ഇറ്റിറ്റായി വിട്ടുകൊടുക്കുമ്പോഴാണ്‌ പുഴകള്‍ നിലനില്‍ക്കുന്നത്‌. ഇവയാണ്‌ നമ്മുടെ ജീവജലം. കാടുകളുടെ ശോഷണം നമ്മുടെ ജീവന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. കാടിന്റെയും പുഴയുടെയും നിലനില്‍പ്പിന്‌ ഭക്ഷ്യശൃംഖലയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഇരപിടിയന്‍ ജീവികളുടെ സാന്നിധ്യം എത്ര മാത്രം ആവശ്യമാണെന്നാണ്‌ യെല്ലോസ്ടോണില്‍ സംഭവിച്ച കഥ നമ്മെ പഠിപ്പിക്കുന്നത്‌.

യെല്ലോസ്റ്റോണില്‍ കണ്ട ചെന്നായകളുടെ സ്ഥാനമാണ്‌ നമ്മുടെ കാട്ടിലെ കടുവകള്‍ക്കുള്ളത്‌. കടുവകളുടെ അസാന്നിധ്യം താഴെയുള്ള ജീവികളായ മാനുകളും പന്നികളും പെരുകി കാടിനെയും പുഴയേയും ഇല്ലാതാക്കും. അനുകൂലസാഹചര്യങ്ങളില്‍ കടുവകളും മാനുകളെപ്പോലെ പെരുകുമോ എന്ന ഒരു സംശയം ചിലര്‍ക്കുണ്ട്‌. എന്നാല്‍ അതു സാധ്യമല്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. കടുവ താന്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ അതിരുകള്‍ തിരിക്കുന്ന ഒരു ജീവിയാണ്‌. ആ അതിരിനുള്ളില്‍ മറ്റൊരു കടുവ സാധാരണ ജീവിക്കാറില്ല. 60 മുതല്‍ 100 ചതുരശ്ര കിലോമീറ്റര്‍ ഒരു ആണ്‍ കടുവയുടെ സാമ്രാജ്യമാണ്‌. ഇത്‌ തുടര്‍ച്ചയായി വേണമെന്നുള്ളതാണ്‌ തുണ്ഡവല്‍ക്കരിക്കപ്പെടുന്ന നമ്മുടെ കാട്‌ പ്രദേശത്തു നിന്നും കടുവകള്‍ നാട്ടിലെത്താനുള്ള ഒരു കാരണം. നൂറു വര്‍ഷം മുന്‍പ്‌ ഒരു ലക്ഷത്തോളം കടുവകള്‍ ഭൂമിയിലുണ്ടായിരുന്നത്‌ ചുരുങ്ങി ഇപ്പോള്‍ ഏതാണ്ട്‌ നാലായിരത്തില്‍ താഴെ മാത്രമേ ബാക്കിയുള്ളൂ. ഇക്കാലം കൊണ്ട്‌ അവയുടെ ആവാസവ്യവസ്ഥയുടെ 93 ശതമാനവും നഷ്ടപ്പെട്ടു കഴിഞ്ഞു. എന്നെങ്കിലും കടുവകള്‍ പൂര്‍ണ്ണമായി ഇല്ലാതായാല്‍ മാത്രമേ അവ നമ്മുടെ ജീവന്‍ നിലനിര്‍ത്താന്‍ എത്രമാത്രം ഒഴിച്ചുകൂടാനാവാത്തതായിരുന്നുവെന്ന് നാം മനസ്സിലാക്കുകയുള്ളൂ. നമുക്കും വരും തലമുറകള്‍ക്കും അതിനുള്ള അവസരം ഉണ്ടാവാതിരിക്കട്ടെ.

Thursday, May 8, 2014

3 മരം നടാം

മഴക്കാലം വരവായി. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളവും അന്തരീക്ഷത്തിലെ ഈർപ്പവും താപനിലയിലെ കുറവും എല്ലാം ചേർന്ന് പുത്തൻ നാമ്പുകൾക്ക് പൊട്ടിമുളയ്ക്കാനും വളർന്നുപടരാനുമുള്ള അവസരങ്ങൾ ഒരുങ്ങുകയായി. ഈ മഴക്കാലത്ത്, ഒന്നു മനസ്സുവച്ചാൽ കുറെയേറെ മരങ്ങൾ കൂടി നട്ടുവളർത്തിയെടുക്കാൻ നമുക്ക് കഴിയും. മരങ്ങൾ നടാനും വളർത്തിവലുതാക്കാനും വേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

1. നടാനുള്ള സ്ഥലം.
എവിടെയാണ് മരം നടേണ്ടത്? എവിടെയും നടാം. സ്വന്തം പറമ്പിൽ ആവാം. പൊതുസ്ഥലങ്ങൾ,  സ്കൂളുകൾ,  ആരാധനാലയങ്ങൾ, പാതയോരങ്ങൾ അങ്ങനെ എവിടെയും. തണൽ ആവശ്യമുള്ളിടത്തെല്ലാം മരങ്ങൾ നടാം.

2. നടേണ്ട മരങ്ങൾ
ഏതിനം മരങ്ങൾ നടണം എന്നത് പലരും ചോദിക്കാറുള്ള ചോദ്യമാണ്. ഏതിനവും നടാം എന്നതാണ് വാസ്തവം. പല ഇടങ്ങളിലും പലതരം മരങ്ങൾ നടാം. ഉദാഹരണത്തിന് പാതയോരങ്ങളിൽ പൂക്കൾ ഉണ്ടാവുന്ന തണൽ വൃക്ഷങ്ങൾ നല്ലതാണ്. വിദ്യാലയങ്ങളിൽ ഞാവൽ, മാവ് എന്നിവ പോലുള്ള ഫലവൃക്ഷങ്ങളാവാം. വെയിൽ കത്തുന്ന പ്രദേശങ്ങളിൽ മഴമരം പോലുള്ള തണൽമരങ്ങൾ ഉത്തമമാണ്. ക്ഷേത്രങ്ങളിൽ ആലുകളോ, ഇലഞ്ഞി പോലെ സാവധാനം വളർന്ന് പടർന്നുവളരുന്ന വന്മരങ്ങളോ നടാവുന്നതാണ്.

3. തൈകൾ എവിടെ കിട്ടും?
മിക്കവരുടെയും സംശയമാണിത്. യഥാർത്ഥത്തിൽ മരംനടൽ പ്രക്രിയയിലെ ഏറ്റവും എളുപ്പമായ കാര്യമാണിത്. മഴക്കാലത്ത് മണ്ണിൽ മറഞ്ഞുകിടന്ന വിത്തുകളും പുത്തൻ ഫലങ്ങളും തൈകളായി പൊട്ടിമുളയ്ക്കുകയാണ്. അവയെ ശ്രദ്ധയോടെ പറിച്ചുനടുകയേ വേണ്ടൂ. ഉദാഹരണത്തിന് ഇത്തവണ എല്ലാ നാട്ടിലും നാട്ടുമാവുകൾ നിറയെ പഴങ്ങളായിരുന്നു. മാവിൻ ചുവട്ടിലും ചുറ്റുവട്ടത്തും നിറയെ മാവിൻ തൈകൾ ഉണ്ടാവും. അവയെ അണ്ടിയടക്കം ശ്രദ്ധയോടെ പിഴുതെടുക്കുക. എവിടെ നടാൻ ഉദ്ദ്യേശിക്കുന്നുവോ അവിടെ കുറച്ചു മണ്ണുമാറ്റി അണ്ടി അടർന്നുപോവാതെ നടുക. വേരുകൾ ഇറങ്ങി സ്വന്തം നിലയിൽ വളരാനാവുന്നതു വരെ അണ്ടിയിൽ അടങ്ങിയിട്ടുള്ള ഭക്ഷണം ഉപയോഗിച്ചു വളരുന്ന തൈകൾക്ക് ചെറിയ ക്ഷീണം പോലും ഉണ്ടാാവില്ല. നാട്ടുമാവുകൾ അന്യം നിന്നു പോവുകയാണ്. ഓരോ മാവിലെ കനികൾക്കും ഓരോ രുചിയാണ്, വലിപ്പമാണ്, മണമാണ്, ഗുണമാണ്. എല്ലാവർക്കും കണ്ണിമാങ്ങയും നാട്ടുമാമ്പഴവും ഇഷ്ടമാണ്. പക്ഷേ സ്വന്തം വീട്ടുവളപ്പിലുള്ള നാട്ടുമാവുകൾ മുറിക്കുകയല്ലാതെ നടുക എന്ന ഒരു ശീലം ഇപ്പോൾ തീർത്തും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. നാട്ടുമാവുകൾ നട്ടുവളർത്തുക. ഏറ്റവും ഉത്തമമായ സ്ഥലം വഴിയോരങ്ങളാണ്. നമ്മുടെ കുട്ടികൾക്ക് വരും കാലങ്ങളിൽ നാട്ടുമാങ്ങകൾക്കായി നമ്മൾ ഇവ നട്ടേ പറ്റൂ. മാവിൻതൈകൾ സംരക്ഷിക്കാൻ താരതമ്യേന വിഷമവും കുറവാണ്.

4. തൈ നടൽ
തൈ നടാൻ ഉള്ള സ്ഥലം ഒന്നു ചെറുതായെങ്കിലും വൃത്തിയാക്കി ചെറിയൊരു മൺവെട്ടികൊണ്ട് ഇളക്കി അതിൽ നടുകയേ വേണ്ടൂ. നട്ടതിനു ശേഷം മണ്ണ് അടുപ്പിച്ച് ഇടുക. എന്തെങ്കിലും സസ്യ അവശിഷ്ടങ്ങൾ കൊണ്ട് ചെറുതായി ഒരു പുത ഇടുന്നത് നല്ലതാണ്. കമ്പിവലയോ മറ്റോ ആരെങ്കിലും സ്പോൺസർ ചെയ്യുന്നുണ്ടെങ്കിൽ തൈക്ക് ചുറ്റും വയ്ക്കാവുന്നതാണ്. പക്ഷേ ഇതിന്റെയൊന്നും ആവശ്യം നമുക്കില്ല. പകരം ഏതാനും ശീമക്കൊന്നയുടെ കമ്പുകളോ തെങ്ങിന്റെ മടക്കലകളോ മുളംകമ്പുകളോ ഉപയോഗിച്ച് ഒരു ചെറിയ വേലി കെട്ടുക.

5.ഇനിയോ
വളരെ പ്രതീക്ഷയോടെ, പത്തോ ഇരുപതോ വർഷത്തിനപ്പുറം തല ഉയർത്തിപ്പിടിച്ച് തന്റെ ചുവട്ടിൽ വരുന്ന കുട്ടികൾക്ക് കാറ്റിന്റെ സഹായത്തോടെ മാമ്പഴം നൽകുന്ന മാവിനെ സ്വപ്നം കണ്ട് നമ്മൾ മാവിന്റെ തൈ നട്ടു കഴിഞ്ഞു. ഇനിയോ?  ഇനിയാണ് പണി. നൂറു ദിവസം നമ്മൾ കണ്ണിലുണ്ണി പോലെ കാത്തു രക്ഷിച്ചാലും നൂറ്റൊന്നാമത്തെ ദിവസം വഴിയെ പശുവിനെയും തെളിച്ചുകൊണ്ടുപോകുന്ന ഒരാളുടെ അശ്രദ്ധയിൽ നമ്മുടെ മരത്തിന്റെ കാറ്റു പോകും. മരത്തിനെ രക്ഷിക്കാൻ വേണ്ട ഏറ്റവും അവശ്യമായ കാര്യമാണ് നാട്ടുകാരുടെ പിന്തുണ. ദൂരെ നിന്നും  വന്ന് ബലമായി ചെയ്തിട്ടുപോയി വിജയിക്കാവുന്ന കാര്യമല്ല മരം നടൽ. പ്രാദേശികമായ പിന്തുണ അനിവാര്യമാണ്. ഏറ്റവും നല്ലത് അവരെയും കൂടെ കൂട്ടുക എന്നതാണ്. അപ്പോൾ അവർക്ക് അതു സ്വന്തമാണെന്നും സംരക്ഷിച്ചാൽ ഗുണം കിട്ടുന്നതാണെന്നും ഒരു തോന്നലുണ്ടാവും. നമ്മുടെ മരത്തിൽ കയറുന്ന വള്ളികളും ചുറ്റുമുണ്ടാാകുന്ന കളകളും ഇടയ്ക്കിടെ നീക്കം ചെയ്യണം. അങ്ങനെയിരിക്കുമ്പോൾ വേനലെത്തും. ആദ്യത്തെ വേനലാണ് യഥാർത്ഥ പരീക്ഷണം.

6. ആദ്യ വേനൽ
നമ്മുടെ മരത്തിന്റെ ആദ്യത്തെ വേണൽ എത്തുകയായി. ഇതൊന്നു കടന്നു കിട്ടലാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം, ഇവിടെയാണ് മിക്കവാറും നമ്മൾ തോൽക്കുന്നതും. മരംനട്ട് ഫോട്ടോ എടുത്ത് ചായയും കുടിച്ച് പിരിയുന്ന നമ്മൾ പിന്നീട് വേനൽ എത്തുമ്പോഴേയ്ക്കും ഒന്നുകിൽ അതു മറക്കും. അല്ലെങ്കിൽ വേണ്ടവിധം സംരക്ഷിക്കുന്നതിൽ പരാജയപ്പെടും. നടുന്ന തൈകൾ എല്ലാം മരമായിരുന്നെങ്കിൽ കേരളം ഒരു വനമായേനേ. പക്ഷേ, കുറെയെങ്കിലും ബാക്കി വരാൻ പോലും കഠിനപ്രയത്നം ആവശ്യമാണ്. വേനൽ എത്തുമ്പോഴേക്കും നമ്മുടെ തൈക്ക് ചുറ്റും കരിയിലകൾ, ചകിരി, ഇലകൾ എന്നിങ്ങനെ എന്തെങ്കിലും കൊണ്ട് പുതയിട്ടാൽ അവയുടെ നിലനിൽക്കാനുള്ള സാധ്യത വളരെക്കൂടും. ആഴ്ചയിൽ ഒരിക്കൽ നനയ്ക്കാൻ കഴിഞ്ഞാൽ ഏറ്റവും നല്ലതാണ്. അടുത്ത മഴക്കാലത്തിന്റെ വരവോടെ നമ്മുടെ തൈകൾ ഏതാണ്ട് രക്ഷപ്പെട്ട മട്ടാവും.

7. വിശ്രമിക്കാറായില്ല.
പുതുമഴയോടെ വളരുന്ന കളകൾ, വള്ളികൾ എന്നിവ നമ്മുടെ കുഞ്ഞു മരത്തെ ഞെരുക്കും. അവ ശ്രദ്ധയോടെ വൃത്തിയാക്കണം, ചിലപ്പോൾ വേലി ഒന്നു പുതുക്കേണ്ടി വരും. ഈ രണ്ടാം മഴക്കാലം കഴിയുന്നതോടെ സ്വന്തം കാലിൽ നിൽക്കാൻ മിക്ക തൈകൾക്കും ആവും. പിന്നെ നമുക്ക് അതിന്റെ ചുവട്ടിലൂടെ അഭിമാനത്തോടെയോ ഇത്തിരി അഹങ്കാരത്തോടെയോ നടക്കാവുന്നതാണ്.

8.ചെലവ്
നേരു പറഞ്ഞാൽ മരം നടുന്ന പരിപാടിക്ക് ഒരു രൂപയുടെ പോലും ചെലവില്ല. നിങ്ങൾ കുറച്ചു തൈ പറിക്കുന്നു. ചെറിയ ഒരു മൺവെട്ടിയും ഒരു കത്തിയും കുറച്ചു വള്ളിയും എടുത്തു പോയി ഒന്നോ രണ്ടോ സുഹൃത്തുക്കളെയും കൂട്ടി മരം നടുന്നു. കുറച്ച് പഴയ മരക്കമ്പുകളോ  മുളക്കഷണങ്ങളോ ഉപയോഗിച്ച്  ഒരു വേലി കെട്ടുന്നു. ഇതിനു ചെലവ് എവിടെ?  കുറച്ച് സമയം ചെലവഴിക്കണം അത്ര മാത്രം.

9. ഫോട്ടോ എടുക്കൽ
നമ്മൾ നട്ടു വളർത്തിയ മരത്തിന്റെ ഫോട്ടോ നിർബന്ധമായും എടുക്കണം. ഒരു കാര്യം. നട്ടതിനു ശേഷം പത്തു വർഷത്തിനു ശേഷമേ അതു ചെയ്യാവൂ. അപ്പോഴും അതു ബാക്കിയുണ്ടെങ്കിൽ മാത്രമേ ഫോട്ടൊ എടുക്കാവൂ.



Wednesday, January 1, 2014

0 മരത്തിന്റെ വില


ഒരു മാവ് എടുക്കുന്ന സ്പേസ് നോക്കുക, അതിൽ നിന്നും കിട്ടുന്ന ഉല്പാദനം (yield ) നോക്കുക, അല്ലെങ്കിൽ ഒരു പ്ലാവ്, വാഴ, സീതപ്പഴം, ആത്തക്ക, തെങ്ങ്, മാങ്കോസ്ടിൻ തുടങ്ങി ഇപ്പോൾ പുതുതായി വന്ന റേംപൂട്ടാനും ഒക്കെ എടുക്കാം, അതെടുക്കുന്ന സ്പേസ് എത്ര നിസ്സാരം, ഏതാനും square ഫീറ്റ്‌ മാത്രം, എന്നാൽ അത് ഓരോന്നും തരുന്ന ഫലമോ? തിരിഞ്ഞു പോലും നിങ്ങൾ അതിനെ നോക്കേണ്ടാ, യാതൊരു അധ്വാനവും ഇല്ലാതെ എത്രയാ ഭക്ഷണം ലഭിക്കുക, 

ഒരു മാവിൽ നിന്നും കിട്ടുന്നത് 2000 കിലോ മാമ്പഴം ആണെന്ന് കരുതുക, അതെ അളവിൽ ധാന്യം കിട്ടണമെങ്കിൽ നിങ്ങൾ നന്നായി ആളും അർത്ഥവും ഒക്കെ ആയി കഷ്ടപ്പെട്ട് വെള്ളം, വളം, വെയിൽ, ചപ്പ്, സമയം, സീസണ്‍, നൂറു കൂട്ടം മറ്റു ഇന്പുട്ട് കൾ, അധ്വാനം ആളുകൾ ഒക്കെ ആയി ഒടുവിൽ നല്ല വൻ വിളവും കിട്ടിയാൽ തന്നെ 1.5 ഏക്കർ ഭൂമി വേണം 1500 കിലോ അരിക്ക് കുറഞ്ഞത്‌, , ഇനി എന്നാലും ആ വസ്തു നേരെ കഴിക്കാനും പറ്റില്ലാ, ഉമ്മി മാറ്റി, കുത്തി കഴുകി ഇന്തനവും ഊര്ജവും ഒക്കെ ചിലവാക്കി വേവിച്ചു വീണ്ടും ഒരുപാട് പണി എടുക്കണം, സ്വാദിലോ ഗുണത്തിലോ പഴങ്ങളുടെ 100 അയലത്ത് ധാന്യം വരികയും ഇല്ലാ,

ഇനി അതിൽ നിന്നും മാറി മാംസാഹാരത്തിലേക്ക് മാറിയാലോ 100 കിലോ ധാന്യം നല്കിയാലെ ഒരു കിലോ ഒക്കെ മാംസം ഉത്പാദിപ്പിക്കാൻ പറ്റൂ? അപ്പോൾ പ്രക്രതിക്ക് പരിസ്ഥിതിക്ക് ജീവജാലങ്ങല്ക്ക് ഒക്കെ നില നില്പിന് വേണ്ടത് എന്താണ്? എങ്ങനെയാണ് അവയുടെ നില നില്പ് ഇല്ലാതായത്? ഭക്ഷ്യ ദൗർലഭ്യം ഉണ്ടാകുന്നത്? എങ്ങനെ ആണ് വ്യവസായങ്ങൾ, ചൂഷകർ ഒക്കെ നിലവിൽ വന്നത്? എങ്ങനെ ആണവക്ക് നില നില്ക്കാൻ സാധിക്കുന്നത്? എന്നൊക്കെ ഈ ലളിതം ആയ കാര്യം മനസ്സിലാക്കിയാൽ തിരിച്ചറിയാം.


ഈ ലേഖനം എഴുതിയത് ശ്രീ അരുൺ

 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates